Tharun Moorthy, Thudarum
തരുൺ മൂർത്തി, തുടക്കം ഫെയ്സ്ബുക്ക്

'അത് എന്റെ സ്വാർഥത, തമിഴ് അറിയുന്ന നായിക വേണമെന്നുണ്ടായിരുന്നു'; ശോഭനയെക്കുറിച്ച് തരുൺ മൂർത്തി

ഷൺമുഖം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക.
Published on

മോഹൻലാൽ - ശോഭന കൂട്ടുകെട്ട് മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. 1985 ൽ പുറത്തിറങ്ങിയ അവിടുത്തെപ്പോലെ ഇവിടെയും എന്ന ചിത്രത്തിലൂടെയാണ് ഈ സൂപ്പർ ഹിറ്റ് കോമ്പോയുടെ തുടക്കം. പിന്നീടിങ്ങോട്ട് നാടോടിക്കാറ്റ് (1987), വെള്ളാനകളുടെ നാട് (1988), മണിച്ചിത്രത്താഴ് (1993), തേന്മാവിൻ കൊമ്പത്ത് (1994), മിന്നാരം (1994), പവിത്രം (1994), തേൻമാവിൻ കൊമ്പത്ത് (1994)... തുടങ്ങി നിരവധി സിനിമകൾ ഈ ജോഡിയെ നെഞ്ചിലേറ്റി.

ഇപ്പോഴിതാ 15 വർഷങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഷൺമുഖം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക. ചിത്രത്തിലേക്ക് ശോഭനയെ കാസ്റ്റ് ചെയ്യുന്നതിന് മുൻപ് തമിഴ് നടി ജ്യോതികയുടെ പേരുൾപ്പെടെ തങ്ങൾ പരി​ഗണിച്ചിരുന്നതായി തരുൺ മുൻപ് വെളിപ്പെടുത്തിയിരുന്നു.

ലാൽ - ശോഭന ജോഡിയെ വീണ്ടും സ്ക്രീനിൽ എത്തിക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മലയാളം സംസാരിക്കാനറിയുന്ന ലളിത എന്ന തമിഴ് കഥാപാത്രത്തെയാണ് ശോഭന മാം അവതരിപ്പിക്കുന്നത്. ആ കഥാപാത്രം തമിഴ് സംസാരിക്കുന്ന ആളായതുകൊണ്ട്, തമിഴ് അറിയുന്ന നായിക തന്നെ വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.

അങ്ങനെയാണ് ശോഭനയിലേക്ക് എത്തുന്നത്. അതോടൊപ്പം മോഹൻലാലും ശോഭനയും ജോഡിയായി എത്തുകയാണെങ്കിൽ, ആ ബന്ധം സ്ഥാപിച്ചെടുക്കാൻ ഒരുപാട് സമയം കളയേണ്ട കാര്യമില്ല. അതൊരു ഫിലിംമേക്കറുടെ സ്വാർഥത"യാണെന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു.

എംപുരാന്റെ ചരിത്ര വിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് തുടരും. സൗദി വെള്ളക്കയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം 25 ന് തിയറ്ററുകളിലെത്തും. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിയിലാണ് മോഹൻലാലും ശോഭനയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com