

പ്രിയദർശൻ - മമ്മൂട്ടി കൂട്ടുകെട്ടിലെത്തി 1999 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു മേഘം. തിയറ്ററുകളിൽ വലിയ വിജയമായില്ലെങ്കിലും ടെലിവിഷനിലെത്തിയതോടെ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴും മേഘത്തിന്റെ റിപ്പീറ്റ് വാല്യു പറഞ്ഞറിയിക്കാനാകത്തതാണ്. ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രമായെത്തിയ പ്രിയ ഗില്ലിനെ മലയാളികൾ അത്രവേഗമൊന്നും മറക്കാനിടയില്ല.
ഒരു നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായാണ് പ്രിയ ചിത്രത്തിൽ എത്തിയത്. മലയാളിയല്ലാതിരുന്നിട്ടു കൂടി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ മേഘത്തിലൂടെ പ്രിയയ്ക്ക് സാധിച്ചു. എന്നാൽ ഒരു കാലത്ത് ബോളിവുഡ് താരറാണിമാരായ ഐശ്വര്യ റായ്‌യ്ക്കും മാധുരി ദീക്ഷിതിനും വരെ എതിരാളിയായിരുന്നു പ്രിയ എന്ന കാര്യം എത്ര പേർക്ക് അറിയാം. സൗന്ദര്യ മത്സര വേദികളിൽ നിന്നാണ് പ്രിയ സിനിമയുടെ മായാ ലോകത്തേക്ക് എത്തുന്നത്.
1995 ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ ആയി പ്രിയ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. അധികം വൈകാതെ അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 'തേരേ മേരേ സപ്‌നേ' എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലെത്തുന്നത്. ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി മാറി പ്രിയ. പിന്നീട് തെന്നിന്ത്യൻ സിനിമകളും പ്രിയയെ തേടിയെത്തി. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, നാഗാർജുന തുടങ്ങിയവർക്കൊപ്പമെല്ലാം പ്രിയ സ്ക്രീൻ പങ്കിട്ടു.
ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും വളരെ പെട്ടെന്നാണ് പ്രിയ സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയാകുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയിലും പ്രിയയെ കാണാനില്ല. ഒരിടയ്ക്ക് അഭിനയം മതിയാക്കി പ്രിയ രാജ്യം വിട്ടു എന്ന തരത്തിലും വാർത്തകൾ പരന്നിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഒരു ഗുരുദ്വാരയിൽ പാവപ്പെട്ട കുട്ടികൾക്ക് പ്രിയ ഭക്ഷണം വിതരണം ചെയ്ത് ജീവിക്കുകയാണെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇത് നിഷേധിച്ചു കൊണ്ട് പ്രിയ തന്നെ രംഗത്തെത്തുകയും ചെയ്തു.
ഈ വാര്‍ത്ത പ്രിയയുടെ കരിയറിനെ ബാധിച്ചു. ഈ സമയത്താണ് പ്രിയ പൂര്‍ണമായും ലൈം ലൈറ്റില്‍ നിന്നും അകലം പാലിക്കുന്നതും. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാനും ശരീരം പ്രദർശിപ്പിച്ചു കൊണ്ടുള്ള രംഗങ്ങൾ ചെയ്യാനുമൊക്കെ നടിക്ക് എതിർപ്പായിരുന്നുവെന്നും ഇതിനാലാണ് പ്രിയ അഭിനയം നിർത്തിയതെന്നും അഭ്യൂഹങ്ങൾ വീണ്ടും പ്രചരിച്ചു തുടങ്ങി.
എന്നാൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രിയയുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. നിലവിൽ പ്രിയ ഭര്‍ത്താവിനൊപ്പം ഡെന്‍മാര്‍ക്കില്‍ സ്ഥിര താമസമാക്കിയെന്ന് ബോളിവുഡിലെ ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ പ്രിയ എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
