Thudarum
തുടരുംഫെയ്സ്ബുക്ക്

ഇതാണ് മോനേ തിരിച്ചു വരവ്! ലാലേട്ടൻ 'തുടരും'; റിവ്യു

വൻ ഹൈപ്പിലെത്തിയ എംപുരാനിലും മോഹൻലാലിന് രക്ഷയുണ്ടായില്ല.
Published on
ഇതാണ് മോനേ തിരിച്ചു വരവ്! ലാലേട്ടൻ 'തുടരും'; റിവ്യു(3.5 / 5)

ഈ അടുത്ത കാലത്തിറങ്ങിയ സിനിമകളുടെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള നടനാണ് മോഹൻലാൽ. നടന വിസ്മയം എന്നൊക്കെ പറയുമ്പോഴും, അഭിനയം നിർത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടെ എന്ന് വരെ മോഹൻലാലിന് കേൾക്കേണ്ടി വന്നു അടുത്തിടെ. വൻ ഹൈപ്പിലെത്തിയ എംപുരാനിലും മോഹൻലാലിന് രക്ഷയുണ്ടായില്ല. തരുൺ മൂർത്തി ചിത്രം തുടരുമിലൂടെ തനിക്കെതിരെ പറഞ്ഞവരെ കൊണ്ടെല്ലാം മോഹൻലാൽ തിരുത്തി പറയിക്കുമെന്ന കാര്യം ഉറപ്പാണ്.

തുടരുമിലെ മോഹൻലാലിന്റെ ആദ്യ പോസ്റ്റർ പുറത്തുവന്നപ്പോൾ തന്നെ വിന്റേജ് ലാലേട്ടൻ തിരിച്ചെത്തി എന്നായിരുന്നു സോഷ്യൽ മീ‍ഡിയയിൽ നിറഞ്ഞ കമന്റുകളിലേറെയും. ഇന്നിപ്പോൾ ദാ തുടരും തിയറ്ററുകളിലെത്തിയിരിക്കുകയാണ്. വിന്റേജ് ലാലേട്ടൻ, മുണ്ട് മടക്കി കുത്തി വില്ലനെ അടിച്ചൊതുക്കുന്ന ലാലേട്ടൻ, നമ്മൾ കാണാൻ കൊതിച്ചിരുന്ന ലാലേട്ടൻ തിരികെയെത്തി എന്നു തന്നെ പറയാം.

മലയാളികളുടെ നെഞ്ച് ഒന്നാകെ തകർത്ത ദുരന്തമായിരുന്നു വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ. ഓരോ മലയാളിയുടെയും മനസ് വിറങ്ങലിച്ച് പോയ ഒന്നായിരുന്നു ആ നിമിഷം. അവിടെ നിന്നാണ് തുടരും എന്ന സിനിമ തുടങ്ങുന്നത്. പിന്നീട് കാമറ മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖം (ബെൻസ്) എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലേക്ക് ഫോക്കസ് ചെയ്യുകയാണ്.

ബെൻസ്, ഭാര്യ ലളിത രണ്ട് മക്കൾ പിന്നെ അയാളുടെ എല്ലാമെല്ലാമായ അംബാസഡർ മാർക്ക് 1 കാറുമാണ് പിന്നീട് സ്ക്രീനിൽ നിറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഈ അംബാസഡർ കാർ ഒരു പ്രശ്നത്തിൽപ്പെട്ട് പൊലീസ് സ്റ്റേഷനിലാകുന്നു. അവിടെ നിന്ന് ചിത്രം ഫാമിലി ഡ്രാമയിൽ നിന്ന് ത്രില്ലർ മോഡിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ്. പിന്നീടങ്ങോട്ട് സസ്പെൻസുകളുടെയും ത്രില്ലറിന്റെയും ഉരുൾപൊട്ടലാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്.

സിനിമയുടെ ആദ്യ പകുതി തന്നെ ​ഗംഭീരമാണ്. ആദ്യ സീൻ മുതൽ തന്നെ പ്രേക്ഷകനെ ഇമോഷ്ണലി ലോക്ക് ചെയ്യുന്നുണ്ട് സംവിധായകൻ തരുൺ മൂർത്തി. പിന്നീട് പതിയെ തമാശകളുമൊക്കെ ചേർത്ത് ത്രില്ലറിലേക്ക് ചിത്രം ചെന്ന് എത്തുകയാണ്. കെആര്‍ സുനിലുമായി ചേര്‍ന്ന് തരുണ്‍ മൂര്‍ത്തി ഒരുക്കിയ ശക്തമായ തിരക്കഥ തന്നെയാണ് ആദ്യ പകുതിയിലും ഇന്റർവെൽ ബ്ലോക്കിലും സ്കോർ ചെയ്തത്.

മോഹൻലാലിന്റെ തന്നെ പഴയകാല സിനിമകളിലെ ഡയലോ​ഗുകളൊക്കെ ഓവറാക്കാതെ ചേർത്ത് ഒരു പക്കാ ഫാൻ ബോയ് മൊമന്റും തരുൺ മൂർത്തി ചെയ്തിട്ടുണ്ട്. രണ്ടാ പകുതിയിലേക്ക് വരുമ്പോൾ, സിനിമ വളരെ സീരിയസായി മാറുന്നതാണ് പ്രേക്ഷകന് കാണാൻ കഴിയുന്നത്. മോഹൻലാൽ എന്ന നടന്റെ മുണ്ട് മടക്കി കുത്തിയുള്ള ആക്ഷനൊക്കെ രണ്ടാം പകുതിയെ മികവുറ്റ കാഴ്ചാനുഭവമാക്കി മാറ്റുന്നുണ്ട്.

വിന്‍റേജ് ലാലേട്ടന്‍ മൂഡിൽ നിന്ന് ഇമോഷണൽ ലെവലിൽ വരെ നിൽക്കുന്ന മോഹൻലാലിനെ പ്രേക്ഷകന് കാണാൻ കഴിയും. ചിത്രത്തിന്റെ ക്ലൈമാക്സും മികച്ചൊരു എക്സ്പീരിയൻസ് തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. പ്രേക്ഷകന് ചില കാര്യങ്ങളൊക്കെ ഇരുത്തി ചിന്തിക്കാനുള്ള ഒരവസരം കൂടി തുടരും സമ്മാനിക്കുന്നുണ്ട്.

ലാലേട്ടൻ - ശോഭന കോമ്പോ തന്നെയായിരുന്നു ആദ്യം മുതലേ ചിത്രത്തിന്റെ ആകർഷക ഘടകങ്ങളിലൊന്ന്. പരമാവധി മോഹൻലാലിനെ ചിത്രത്തിൽ ഉപയോ​ഗിച്ചിട്ടുണ്ട് സംവിധായകൻ. പ്രത്യേകിച്ച് ആക്ഷൻ രം​ഗങ്ങളിലൊക്കെ. പെർഫോമൻസിൽ മോഹൻലാൽ ഞെട്ടിച്ചപ്പോൾ ഒരു പരിധിക്കപ്പുറം ശോഭനയുടെ ലളിത എന്ന കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും സിനിമയിൽ ചെയ്യാനില്ലായിരുന്നു. എടുത്തുപറയേണ്ട ഒരു കഥാപാത്രം പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് എന്ന പൊലീസുകാരന്റേതാണ്.

അതി​ഗംഭീരമായാണ് പ്രകാശ് വർമ്മ ആ കഥാപാത്രത്തെ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളായെത്തിയ ഭാരതിരാജ, തോമസ് മാത്യു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, ആർഷ ചാന്ദിനി ബൈജു, മണിയൻപിള്ള രാജു തുടങ്ങിയവരും അവരവരുടെ ഭാ​ഗങ്ങൾ മികവുറ്റതാക്കി. പിന്നെ ഷൺമുഖത്തിന്റെ കുട്ടിക്കാലം മുതൽ കാണിക്കുന്ന സർപ്രൈസ് കാസ്റ്റിങ്ങുകളും മികച്ചതായിരുന്നു.

കഥയ്ക്കും കഥാപാത്രത്തിനുമൊപ്പം സഞ്ചരിക്കുന്ന ജെയ്ക്സ് ബിജോയിയുടെ സംഗീതവും ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്. എംജി ശ്രീകുമാറിന്റെയും വൈക്കം വിജയലക്ഷ്മിയുടെയും പാട്ടുകളുമൊക്കെ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ഷാജി കുമാറിന്റെ ഛായാ​ഗ്രഹണവും അഭിനന്ദനാർഹമാണ്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈ അടുത്ത കാലത്തിറങ്ങിയ മോഹൻലാൽ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് തുടരും. മോഹൻലാൽ എന്ന നടനെ ലാലേട്ടനെ ആഘോഷിക്കുന്നവര്‍ക്ക് വേണ്ട എല്ലാ ചേരുവകളും തുടരുമിലുണ്ട്. തീർച്ചയായും പ്രേക്ഷകർക്ക് തിയറ്ററിൽ തന്നെ കണ്ടിരിക്കാവുന്ന മോഹൻലാൽ ചിത്രമാണ് തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com