
സിനിമയിൽ മെയിൻ വേഷത്തിൽ നായകൻമാർ മാത്രമല്ല ഇടംപിടിക്കാറ്. ചിലപ്പോൾ വാഹനങ്ങൾ കടന്നു വരാം, അതുമല്ലെങ്കിൽ മൃഗങ്ങൾ ആകാം, അല്ലെങ്കിൽ ചില വസ്തുക്കൾ ആകാം... നായകനോളം തന്നെ മെയിൻ റോളിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന പലതുമുണ്ടാകാറുണ്ട് സിനിമയിൽ. ഇക്കൂട്ടത്തിൽ പ്രേക്ഷകരെ അങ്ങനെ കൈയിലെടുത്തിട്ടുള്ളത് കൂടുതലും വണ്ടികൾ തന്നെയായിരിക്കും.
ഇന്നലെ തിയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം തുടരുമിലുമുണ്ട് ഇതുപോലെ ഒരു കഥാപാത്രം, ഒരു അംബാസഡർ മാർക്ക് 1. മോഹൻലാലിന്റെ കഥാപാത്രമായ ഷൺമുഖം തന്റെ ജീവനോളം സ്നേഹിക്കുന്ന ഒരു അംബാസഡർ കാർ. സിനിമ കഴിയുമ്പോൾ ആ കാർ നമ്മുടെ മനസിലും ഒരു നോവായി മാറും.
ഷൺമുഖത്തിന് ആ കാർ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നോ, അതുപോലെ തന്നെ പ്രേക്ഷകനും ആരൊക്കെയോ എന്തെക്കൊയോ ആയി മാറുന്നുണ്ട് ആ കറുത്ത അംബാസഡർ. മലയാള സിനിമയിൽ അഭിനയിച്ച, നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത കുറച്ച് വണ്ടികളിലൂടെ ഒരു യാത്ര നടത്തിയാലോ.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ഏപ്രിൽ 25 നാണ് തിയറ്ററുകളിലെത്തിയത്. സിനിമയിൽ ലാലേട്ടൻ കൂടുതലും കാണുന്നത് അംബാസഡർ മാർക്ക് 1 ലാണ്. കെഎൽ 03 എൽ 4455 എന്ന കറുത്ത അംബാസഡറിലാണ് ഷൺമുഖം (മോഹൻലാൽ) കുതിച്ചു പായുന്നത്. ഈ കാറിന് സിനിമയിൽ നല്ലൊരു സ്പെയ്സ് നൽകാനും സംവിധായകൻ തരുൺ മൂർത്തി ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിൽ ഷൺമുഖത്തിന്റെ മകൻ പവി ഈ അംബാസഡറിനെ "മലങ്കൾട്ട്" എന്നാണ് വിശേഷിപ്പിക്കുന്നത്. തൊട്ടടുത്ത സീനിൽ തന്നെ അംബാസഡറിന്റെ പവർ എന്താണെന്ന് സംവിധായകൻ പ്രേക്ഷകന് കാണിച്ചു തരുന്നുമുണ്ട്. ആദ്യാവസാനം വരെ സിനിമയ്ക്കൊപ്പവും പ്രേക്ഷകനൊപ്പവും ചീറി പായുന്നുണ്ട് അംബാസഡർ മാർക്ക് 1.
മമ്മൂട്ടി നായകനായെത്തി വൻ ഹിറ്റായി മാറിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സിനിമയിലെ കഥാപാത്രങ്ങളായ സ്‌ക്വാഡിലെ അഞ്ചാമത്തെ അംഗമാണ് അതില്‍ മമ്മൂട്ടിയും സഹനടന്‍മാരും ഉപയോഗിക്കുന്ന ടാറ്റ സുമോ. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ജോര്‍ജിന് ഈ ടാറ്റ സുമോയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. 'നമ്മുടെ ഈ വണ്ടിയും ഒരു പൊലീസാണ്' എന്ന് മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിൽ പറയുന്നുമുണ്ട്. ക്ലൈമാക്സിൽ ആ ടാറ്റാ സുമോ തകർന്ന് കിടക്കുന്നത് കാണുമ്പോൾ സിനിമ കണ്ട് തീർക്കുന്ന പ്രേക്ഷകന്റെ ഉള്ളിലും ഒരു വിങ്ങൽ ബാക്കിയാകും.
സ്ഫടികത്തിലെ ചെകുത്താൻ ലോറിയെ മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല. മേരീദാസൻ, ചെകുത്താൻ, സ്ഫടികം എന്നീ പേരുകളിൽ മോഹൻലാലിനൊപ്പം തന്നെ ഈ ലോറിയും തിളങ്ങി. ഇതേ മോഡൽ ലോറികൾ പിന്നീട് ശിക്കാറിലും പുലിമുരുകനിലും മോഹൻലാലിനൊപ്പം അഭിനയിച്ചു.
ദിലീപ് നായകനായെത്തിയ സിഐഡി മൂസ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ചിരിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ കൂടി സമ്മാനിച്ച ചിത്രമായിരുന്നു ഇത്. സിഐഡി മൂസയായി ചാർജ് എടുത്ത ശേഷമുള്ള ദിലീപിന്റെ യാത്ര ഒരു കാറിലായിരുന്നു. ഡോഡ്ജ് കിങ്സ്‌വെ കാറിലായിരുന്നു മൂസയുടെയും കൂട്ടരുടെയും യാത്ര. "വണ്ടി തള്ളാൻ വേറൊരു തെണ്ടീടേം സഹായം വേണ്ട ഞാൻ മാത്രം മതി, ഈ കാറ് ജെയിംസ് ബോണ്ടിനു പോലും ഇല്ലാ... അതെന്താ? ഈ കാറ് എന്റടുത്തിരിക്കയല്ലേ".- എന്നൊക്കെയുള്ള ഡയലോഗുകളും ഈ കാറിനൊപ്പം മലയാളികളുടെ മനസിൽ ഇടം നേടി.
'മഴച്ചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും, ഇരുമ്പിൻ തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം...' എന്ന് ഈ പറക്കും തളികയിൽ ദിലീപിന്റെ കഥാപാത്രം പാടുന്നത് താമരാക്ഷൻ പിള്ള എന്ന ബസിനെക്കുറിച്ചാണ്. കേരളത്തിൽ ഇത്രയും ഫാൻസുള്ള മറ്റൊരു ബസ് ഉണ്ടോ എന്ന് സംശയമാണ്. സഞ്ചരിക്കുന്ന തട്ടുകടയാക്കാൻ അവർ ആഗ്രഹിച്ച താമരാക്ഷൻ പിള്ള ബസ് ആദ്യാവസാനം വരെ സിനിമയിൽ ഒരു മെയിൻ കഥാപാത്രമാണ്.
'ഞാൻ എന്ത് ചെയ്തിട്ടാ. ഈ മന്ദാകിനിയെ എവിടെയങ്കിലും കൊണ്ടുപോയി കളയ്'. മന്ദം മന്ദം പോകുന്ന വണ്ടിക്ക് സോൾട്ട് ആൻഡ് പെപ്പറിൽ ആസിഫ് അലി നൽകുന്ന പേരാണ് മന്ദാകിനി. ലാൽ ഓടിച്ചു കൊണ്ടുപോകുന്ന മന്ദാകിനി എന്ന് വിളിക്കുന്ന കാറും മലയാളികളുടെ ഹൃദയം കവർന്നിരുന്നു.
എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളുടെ മുൻപന്തിയിൽ തന്നെയുള്ള ചിത്രങ്ങളിലൊന്നാണ് ഏയ് ഓട്ടോ. ചിത്രത്തിലെ മോഹൻലാലിന്റെ സുന്ദരി ഓട്ടോയെ എന്തായാലും ആരും മറക്കാനിടയില്ല. ഓട്ടോറിക്ഷ തൊഴിലാളികളുടെ കഥ പറഞ്ഞ ഓട്ടോ ബ്രദേഴ്‌സിലെയും കൊച്ചിരാജാവിലെയും ഓട്ടോ മലയാളികളുടെ മനസിൽ ഇടം നേടിയരുന്നു.
നായകൻമാരുടെ മാത്രമല്ല, വില്ലൻമാരുടെ വാഹനങ്ങളും ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിലെ വില്ലൻ സ്വാമി കുറച്ചൊന്നുമല്ല മലയാളികളെ പേടിപ്പിച്ചത്. കുരിശ് വെച്ച കറുത്ത നിറത്തിലെ കാർ ഇന്നും ചിലർക്കെങ്കിലും ഒരു പേടി സ്വപ്നമാണ്. കാർ വരുന്നത് പോലും ഒരു പ്രത്യേക ബാക്ക്ഗ്രൗണ്ട് സ്കോറോടു കൂടിയാണ്. വില്ലനേക്കാൾ പേടിപ്പിച്ച കാർ കൂടിയായിരുന്നു അത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
