'ഡിഎസ്പിയുടെ ആ പാട്ട് കേട്ടാൽ പിന്നെ എനിക്ക് ഡാൻസ് നിർത്താൻ പറ്റില്ല, സൽമാനും അക്കാര്യം അറിയാം'; ആമിർ ഖാൻ

നിങ്ങളുടെ ഒരു പാട്ടുണ്ട്, അതെന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്
Aamir Khan
ആമിർ ഖാനും ദേവി ശ്രീ പ്രസാദും വിഡിയോ സ്ക്രീൻഷോട്ട്
Updated on

നാ​ഗ ചൈതന്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് തണ്ടേൽ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. മുംബൈയിൽ വച്ച് നടന്ന ട്രെയ്‍ലർ ലോഞ്ചിൽ പങ്കെടുക്കാൻ നടൻ ആമിർ ഖാനുമെത്തിയിരുന്നു. ട്രെയ്‍ലർ ലോഞ്ചിനിടെ സം​ഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനോട് ആമിർ ഖാൻ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നിനേപ്പറ്റിയാണ് ആമിർ ഖാൻ സംസാരിച്ചത്.

അത് ദേവി ശ്രീ പ്രസാദിന്റെ ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. സൽമാൻ ഖാൻ നായകനായെത്തി 2011 ൽ പുറത്തിറങ്ങിയ റെഡി എന്ന ചിത്രത്തിലെ ദിങ്ക ചിക്ക എന്ന ​ഗാനത്തേക്കുറിച്ചായിരുന്നു ആമിറിന്റെ തുറന്നു പറച്ചിൽ. "നിങ്ങളുടെ ഒരു പാട്ടുണ്ട്, അതെന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്...ദിങ്ക ചിക്ക. പൊതുവേ എനിക്ക് ഡാൻസ് ചെയ്യാൻ ഇഷ്ടമല്ല. പക്ഷേ ഈ പാട്ട് പ്ലേ ചെയ്ത് കഴിഞ്ഞാൽ പിന്നെ എനിക്ക് ഡാൻസ് നിർത്താൻ കഴിയില്ല. എനിക്ക് ഈ പാട്ടിനോടുള്ള ഇഷ്ടം സൽമാന് പോലും അറിയാമെന്നും" അദ്ദേഹം പറഞ്ഞു.

അനീസ് ബസ്മി സംവിധാനം ചെയ്ത റെഡിയിൽ സൽമാന്റെ നായികയായി അസിൻ ആണ് എത്തിയത്. എന്തായാലും ആമിർ ഖാന്റെ വെളിപ്പെടുത്തൽ ഡിഎസ്പി (ദേവി ശ്രീ പ്രസാദ്) ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. തെന്നിന്ത്യയിൽ ഒരുപാട് ഹിറ്റ് ​ഗാനങ്ങൾക്ക് സം​ഗീതമൊരുക്കിയിട്ടുള്ള സം​ഗീത സംവിധായകനാണ് ദേവി ശ്രീ പ്രസാദ്. സിതാരേ സമീൻ പർ ആണ് ആമിർ ഖാന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

അതേസമയം ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിൽ നാ​ഗ ചൈതന്യയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. നാ​ഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന തണ്ടേലിൽ നാ​ഗ ചൈതന്യയ്ക്കൊപ്പം സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം ഏഴിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com