
സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് നദാനിയൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഷോന ഗൗതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ഷോന മുൻപ് പ്രവർത്തിച്ചിരുന്നു. ഇബ്രാഹിമിന്റെ നായികയായി ശ്രീദേവിയുടെ മകൾ ഖുഷി കപൂർ ആണ് ചിത്രത്തിലെത്തുന്നത്.
കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ഒരു ഗ്രൗണ്ടിൽ ഇരിക്കുന്ന ഇബ്രാഹിമിനെയും ഖുഷിയെയുമാണ് പോസ്റ്ററിൽ കാണാനാവുക. ഒരു ലൗവ് സ്റ്റോറിയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഡൽഹിയിൽ നിന്നുള്ള പിയ എന്ന പെൺകുട്ടിയും നോയിഡയിൽ നിന്നുള്ള അർജുൻ എന്ന ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
തികച്ചും വ്യത്യസ്തമായ അവരുടെ രണ്ട് ലോകങ്ങൾ കൂട്ടിമുട്ടുമ്പോൾ, അവർ ആദ്യ പ്രണയത്തിന്റെ കുസൃതിയും മധുരവും നിറഞ്ഞ ഒരു യാത്ര തുടങ്ങുന്നുവെന്നാണ് നെറ്റ്ഫ്ലിക്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മഹിമ ചൗധരി, സുനിൽ ഷെട്ടി, ദിയ മിർസ, ജുഗൽ ഹൻസ്‌രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധർമ്മാറ്റിക് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, സോമൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക