
അജിത്തിനെ നായകനാക്കി അദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത്തിനൊപ്പം ചിത്രത്തിൽ തൃഷ, പ്രസന്ന, സുനിൽ, അർജുൻ ദാസ്, പ്രഭു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഷൈൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതും. ഹൈദരാബാദിലെ ഷൂട്ടിങ് സെറ്റിൽ ഷൈൻ ജോയിൻ ചെയ്തു.
ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ ആയിരിക്കും ഷൈൻ അവതരിപ്പിക്കുക എന്നാണ് വിവരം. നേരത്തെ ദേവിശ്രീ പ്രസാദ് ആയിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുക എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ജി വി പ്രകാശ് കുമാറിനെ സംഗീതമൊരുക്കാനായി അണിയറപ്രവർത്തകർ സമീപിക്കുകയായിരുന്നു. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് അജിത്തും ജിവി പ്രകാശും ഒന്നിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രം ഏപ്രിൽ 10നാണ് റിലീസ് ചെയ്യുക. വിടാമുയിർച്ചി എന്ന ചിത്രവും അജിത്തിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്. മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് ആണ് ഷൈന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ജൂനിയർ എൻടിആർ നായകനായെത്തിയ ദേവര പാർട്ട് 1ലും ഷൈൻ പ്രധാന വേഷത്തിലെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക