
തെന്നിന്ത്യ മാത്രമല്ല ബോളിവുഡും കീഴടക്കിയിരിക്കുകയാണ് നടി തമന്നയിപ്പോൾ. ബോളിവുഡിലും നിരവധി പ്രൊജക്ടുകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. സ്ത്രീ 2വിലെ തമന്നയുടെ ഐറ്റം ഡാൻസും വൻ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ മാറിയതിനേക്കുറിച്ചും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും സെൽഫ് ലൗവിനെക്കുറിച്ചുമൊക്കെ തമന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
അടുത്തിടെ ഒരഭിമുഖത്തിലായിരുന്നു തമന്ന മനസ് തുറന്നത്. നിങ്ങൾ നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുന്നുണ്ടോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. "എനിക്ക് അറിയാം. ഞാൻ എന്‍റെ ശരീരത്തെ സ്നേഹിക്കുന്നു. ജോലിയെല്ലാം കഴിഞ്ഞ് വന്ന ശേഷം കുളിക്കുമ്പോൾ എന്റെ ശരീരത്തിലെ ഓരോ ഭാഗത്തോടും ഞാൻ നന്ദി പറയാറുണ്ട്.
ഇത് അൽപ്പം ഭ്രാന്താണെന്ന് തോന്നാം, പക്ഷേ എന്തുകൊണ്ട് ചെയ്തു കൂടാ? എല്ലാ ദിവസവും എന്തൊക്കെ എന്‍റെ ശരീരം സഹിക്കുന്നുവെന്ന് എനിക്ക് നന്നായി അറിയാം. എന്‍റെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഞാൻ സ്പർശിക്കും, ആ ദിവസം മികച്ചതാക്കിയതിനും, എന്നോടൊപ്പം നിന്നതിനുമൊക്കെ നന്ദി പറയും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ദിവസം മുഴുവൻ എന്നോടൊപ്പം നിന്നു."- തമന്ന പറഞ്ഞു.
മറ്റൊരു അഭിമുഖത്തിൽ തന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ മാറിയതിനേക്കുറിച്ചും നടി പങ്കുവച്ചു. “മെലിഞ്ഞിരിക്കുന്നത് എന്നെ സുന്ദരിയാക്കിയെന്ന് ഞാൻ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു, പക്ഷേ അത് എനിക്ക് തന്നെ നല്ലതല്ലെന്ന് പിന്നീട് ഞാൻ മനസിലാക്കി.
സൗന്ദര്യം എന്നതും മെലിഞ്ഞയാള്‍ എന്നതുമായി യാതൊരു ബന്ധവുമില്ല. അത് മനസിലാക്കാൻ എനിക്ക് ഒരുപാട് സമയമെടുത്തു,” തമന്ന കൂട്ടിച്ചേർത്തു. അവിനാഷ് തിവാരിയ്‌ക്കൊപ്പം സിക്കന്ദർ കാ മുഖദ്ദറിലാണ് തമന്ന അവസാനമായി അഭിനയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക