നെപ്പോട്ടിസത്തിന് പേര് കേട്ട ഇടമാണ് ബോളിവുഡ്. ഇത് പലപ്പോഴും ബോളിവുഡിനെ പല വേദികളിലും തല കുനിച്ച് നിർത്തിയിട്ടുണ്ട്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെയാണ് നെപ്പോട്ടിസം അടക്കമുള്ള വാർത്തകൾ ചർച്ചയാവുകയും, സ്വജനപക്ഷപാതത്തിലൂടെ സിനിമയിലെത്തിയ താരങ്ങൾ ബോയ്‌കോട്ട് നേരിടുകയുമൊക്കെ ചെയ്തത്.
'അഭിനയിക്കാൻ പോലുമറിയാതെ അച്ഛന്റെയും അമ്മയുടെയുമൊക്കെ പാരമ്പര്യം പറഞ്ഞ് സിനിമയിലെത്തുമ്പോൾ കഴിവുള്ള ആയിരക്കണക്കിന് ആളുകളാണ് ഒരവസരത്തിനായി പുറത്ത് കാത്ത് നിൽക്കുന്നത്, കഴിവിന് ഒന്നും ഈ നാട്ടിൽ ഒരു വിലയുമില്ലേ?'- എന്നൊക്കെയാണ് ഒരു സമയത്ത് നെപ്പോട്ടിസത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന കമന്റുകൾ.
ഒളിഞ്ഞും തെളിഞ്ഞും ഇത്തരം വിമർശനങ്ങൾ നിലനിൽക്കെ തന്നെ താരകുടുംബങ്ങളിൽ നിന്ന് ഏഴു നവാഗതരാണ് ബോളിവുഡിൽ ഈ വർഷം അരങ്ങേറുന്നത്. അക്കൂട്ടത്തിൽ നടൻമാരായ ഷാരുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും വരെ പുത്രൻമാരുണ്ട്. ബോളിവുഡിൽ ഈ വർഷം അരങ്ങേറ്റം കുറിക്കുന്ന നെപ്പോ കിഡ്സ് ഇവരാണ്.
ദ് ബാ***ഡ്സ് ഓഫ് ബോളിവുഡ് എന്ന പേരിൽ ഒരു നെറ്റ്ഫ്ലിക്സ് സീരിസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ 2025 ലെ പ്രധാന സീരിസുകളില്‍ ഒന്ന് ഇതാണ്. ആര്യന്‍ ഖാന്‍റെ അച്ഛൻ ഷാരുഖ് ഖാൻ തന്നെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. ഇതിന്‍റെ രസകരമായ പ്രൊമോ വിഡിയോയും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുണ്ട്. വിഡിയോയിൽ ആര്യൻ ഖാനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷോബിസ് എന്നായിരിക്കും ഇതിന്‍റെ പേര് എന്നാണ് റിപ്പോര്‍ട്ടുകൾ.
നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത് ഈ വർഷമാണ്. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷോന ഗൗതമാണ്. നദാനിയൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടി ശ്രീദേവിയുടെ ഇളയ മകൾ ഖുഷി കപൂറാണ് നായിക.
നടി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനിയുടെ സിനിമാ അരങ്ങേറ്റം വലിയ ചർച്ചയായി മാറിയിരുന്നു. ആസാദ് എന്ന ചിത്രത്തിലൂടെയാണ് റാഷ അഭിനയത്തിലേക്ക് ചുവടുവെച്ചത്. കഴിഞ്ഞ മാസം ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. റാഷയുടെ ചിത്രത്തിലെ ഡാൻസ് പ്രേക്ഷകമനം കവർന്നിരുന്നു.
ആങ്കോൻ കി ഗുസ്താഖിയാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടക്കുകയാണ് സഞ്ജയ് കപൂറിന്റെ മകൾ ഷനയ കപൂർ. വിക്രാന്ത് മാസിയാണ് ആങ്കോൻ കി ഗുസ്താഖിയാനിൽ നായകനായെത്തുന്നത്.
അജയ് ദേവ്ഗണിന്റെ സഹോദരി പുത്രനായ ആമന്‍ ദേവ്ഗണും ഈ വർഷം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ആസാദ് എന്ന ചിത്രത്തിലൂടെയായിരുന്നു ആമന്‍റെ അരങ്ങേറ്റം. നടി അനന്യ പാണ്ഡെയുടെ കസിൻ അഹാൻ പാണ്ഡെയും ഈ വർഷമാണ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. നടൻ അക്ഷയ് കുമാറിന്റെ സഹോദരി അൽക്ക ഭാട്ടിയയുടെ മകൾ സിമർ ഭാട്ടിയയും സിനിമയിലേക്ക് എത്തുന്നത് ഈ വർഷമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക