'ഒരു തവണ വാൾ എന്റെ തുടയിൽ കുത്തിക്കേറി, നല്ലവണ്ണം മുറിഞ്ഞു, ആ പാട് ഇപ്പോഴുമുണ്ട്'; ഒരു വടക്കൻ വീര​ഗാഥ ഷൂട്ടിങ് അനുഭവം പറഞ്ഞ് മമ്മൂട്ടി

പരിക്കേൽക്കുന്നതൊക്കെ സ്വാഭാവികം ആണ്. അതിനൊന്നും ആർക്കും പരാതിയൊന്നും ഉണ്ടായിട്ടില്ല.
Mammootty
മമ്മൂട്ടിവിഡിയോ സ്ക്രീൻഷോട്ട്
Updated on

ഒരു വടക്കൻ വീര​ഗാഥ റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ തന്റെ തുടയിൽ വാൾ കുത്തിക്കയറി മുറിവേറ്റതിനേക്കുറിച്ച് പറയുകയാണ് നടൻ മമ്മൂട്ടി. മമ്മൂട്ടിക്കമ്പനിയുടെ യൂട്യൂബ് ചാനലിൽ നടൻ രമേഷ് പിഷാരടിയുമായുള്ള സംഭാഷണത്തിനിടെയാണ് വടക്കൻ വീരഗാഥയുടെ ഷൂട്ടിങ്ങ് അനുഭവങ്ങൾ മമ്മൂട്ടി പങ്കുവച്ചത്.

"ഹോളിവുഡിൽ ഒക്കെ സിനിമ പ്ലാൻ ചെയ്യുമ്പോൾ ഒരു വർക്‌ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്നത് വർക്‌ഷോപ്പിന്റെ ഉൾപ്പെടെ ആണ്. പല രാജ്യങ്ങളിലും അങ്ങനെ ആണ്. പക്ഷേ, നമ്മുടെ നാട്ടിൽ അന്നും ഇന്നും അതൊന്നും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ചന്തു എന്ന കഥാപാത്രം ഞാൻ ചെയ്യുമ്പോൾ അവിടെ കുതിരയും വാളും പരിചയും കളരിയും ഒക്കെ ഉണ്ട്, അഭ്യാസികൾ ഉണ്ട്, കളരി ഗുരുക്കന്മാരൊക്കെ ഷൂട്ടിങ് സെറ്റിൽ എപ്പോഴും ഉണ്ട്.

പക്ഷേ നമ്മൾ കളരി അഭ്യാസവും കുതിര അഭ്യാസവും ഒക്കെ പഠിക്കണമെങ്കിൽ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ. സിനിമയിൽ ഈ പറഞ്ഞതു പോലെ നമ്മൾ ഈ സിനിമയിലെ ഷോട്ടുകൾക്ക് മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ ഒരു വലിയ കളരി അഭ്യാസം പൂർണമായിട്ടും നമ്മൾ അഭിനയിക്കില്ല. അതു തെറ്റിപ്പോയാൽ തിരുത്തി അഭിനയിക്കാൻ പറ്റും. സിനിമയിൽ അതിന്റെ ചുവടുകളും ശൈലികളും, നമ്മൾ ഇംഗ്ലീഷിൽ പറയുന്ന ആറ്റിറ്റ്യൂഡുകൾ മാത്രം സൂക്ഷിച്ചിരുന്നാൽ സിനിമയിൽ കറക്റ്റ് ആയിട്ട് തോന്നും.

അപ്പപ്പോൾ കാണിച്ചു തരുന്നത് ഒരു രണ്ടു മൂന്നു പ്രാവശ്യം നമ്മൾ പരിശീലിച്ചു കഴിഞ്ഞാൽ ഈ വെട്ടും തടയും ഒക്കെ നമുക്ക് പഠിക്കാൻ പറ്റും. ആ കാലത്തൊക്കെ ഈ പറഞ്ഞപോലെ അഭ്യാസം കാണിക്കാനുള്ള ധൈര്യം ഉണ്ട്, സെക്യൂരിറ്റി ഒന്നും അത്രമാത്രം ഇല്ല. എല്ലാ ചാട്ടവും ഓട്ടവും വെട്ടും ഒക്കെ അതിനകത്ത് ഒറിജിനൽ തന്നെയാണ്. അതിൽ ഉപയോഗിച്ച എല്ലാ വാളുകളും മെറ്റൽ കൊണ്ട് ഉണ്ടാക്കിയതാണ്, നല്ല ഭാരമുണ്ട്. അതിൽ ചാടി ഒരു വാൾ പിടിക്കുന്ന ഒരു രംഗമുണ്ട്.

തെറിച്ചു പോകുന്ന വാൾ, ചാടിപ്പിടിക്കുന്ന രംഗം. എല്ലാ പ്രാവശ്യവും ചാടുമ്പോൾ ഈ വാൾ പിടി കിട്ടൂല. ഒരു പ്രാവശ്യം ആ വാൾ എന്റെ തുടയിൽ കുത്തിക്കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. കാണാൻ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. പക്ഷേ ആ പാട് ഇപ്പോഴും ഉണ്ട്. പരിക്കേൽക്കുന്നതൊക്കെ സ്വാഭാവികം ആണ്. അതിനൊന്നും ആർക്കും പരാതിയൊന്നും ഉണ്ടായിട്ടില്ല. കാരണം ഇതൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണല്ലോ നമ്മൾ വരുന്നത്.

കുതിര ചാടും, കുതിരപ്പുറത്തുനിന്ന് വീഴും, കുതിര കുഴപ്പങ്ങൾ ഉണ്ടാക്കും, നമ്മളും കുതിരയുമായിട്ട് പൊരുത്തപ്പെടാൻ കുറേ സമയം എടുക്കും. ഇതൊക്കെ നമുക്ക് അറിയാം. കുതിരപ്പുറത്ത് കയറിയിരിക്കുന്ന ആൾക്ക് കുതിരയെ പരിശീലിപ്പിക്കാൻ അറിയില്ലെന്നുള്ള വിവരം കുതിരയ്ക്ക് അറിയാവുന്ന പോലെയാ കുതിരയുടെ പെരുമാറ്റം.

പരിചയമില്ലാത്ത ഒരാളാണെന്ന് കുതിരയ്ക്ക് തോന്നും. കുതിരയ്ക്ക് അത് അറിയാം എന്നാണു പറയുന്നത്. പക്ഷേ അന്ന് ആ സിനിമയുടെ ഷൂട്ടിങ്ങും അതിന്റെ ഒരു ഉത്സവപ്രതീതിയുമൊക്കെ ഉണ്ടായിരുന്നു, ഒത്തിരി ആൾക്കാരും ബഹളവും ആനയും, അതൊക്കെ ഇന്നും മനസിലുണ്ട്," -മമ്മൂട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com