

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എംപുരാൻ. ഇപ്പോഴിതാ എംപുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ജയ്സ് ജോസ് അവതരിപ്പിക്കുന്ന സേവ്യർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം നടന്റെ ചിത്രീകരണ അനുഭവങ്ങളും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയ്‌ക്കൊപ്പമുള്ള കഥാപാത്രമാണ് സേവ്യർ. ഇത് എംപുരാൻ എന്ന സിനിമയിലെ 36-ാമത്തെ ക്യാരക്ടർ പോസ്റ്ററാണ്. അടുത്ത ദിവസങ്ങളിൽ അണിയറപ്രവർത്തകർ മറ്റ് ക്യാരക്ടർ പോസ്റ്ററുകളും പുറത്തുവിടും. "വളരെ സന്തോഷമുള്ള മുഹൂർത്തത്തിലാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. ലൂസിഫറിന് ശേഷം എംപുരാനിലും ഒരു ഭാഗമാകാൻ പറ്റി. 35 ഓളം സിനിമയിൽ അഭിനയിച്ച ശേഷമാണ് ലൂസിഫറിൽ അഭിനയിക്കുന്നത്. ലൂസിഫറിലെ ലാലേട്ടന്റെ കൂടെയുള്ള എൻട്രി, ഞാനും ഷാജോണും ഇടത്തും വലത്തുമായി വരുന്നത്.
ഒരു നടനെന്ന രീതിയിൽ എന്നെ ആളുകൾ തിരിച്ചറിയുന്നത് ലൂസിഫറിലെ ആ ഒറ്റ വേഷത്തിലൂടെയാണ്. എംപുരാന്റെ ഒരു ചർച്ച വരുമ്പോൾ പലരും എന്നോട് ചോദിക്കാറുണ്ട്. എംപുരാനിലുണ്ടോ എന്ന്, എനിക്ക് ഏറ്റവും കൂടുതൽ വന്നിരിക്കുന്ന ചോദ്യവും അതാണ്. ഉണ്ടാകണേ എന്നൊരു പ്രാർഥന എന്റെ മനസിലുമുണ്ടായിരുന്നു. മുരളി ഗോപിയെ പോലെ പ്രഗത്ഭനായ ഒരാളെഴുതുന്ന കഥ. ഇത്രയും നന്നായിട്ട് ജനങ്ങളിലേക്ക് വിഷ്വലി എത്തിക്കാൻ കഴിയുന്ന സംവിധായകനാണ് പൃഥ്വിരാജ്.
അദ്ദേഹത്തിന് ആ സിനിമയുടെ ഓരോ ചെറിയ കാര്യങ്ങളും ഉള്ളിലുണ്ടെന്ന് ഓരോ ഷോട്ടിലും നമുക്ക് മനസിലാകും. വളരെ കുറച്ചു സീനുകളേ എനിക്ക് ആ പടത്തിലുള്ളൂ. എനിക്ക് ഷൂട്ടില്ലെങ്കിലും ഞാൻ മാറി നിന്ന് അദ്ദേഹത്തിന്റെ സംവിധാനം നോക്കി നിൽക്കുമായിരുന്നു. ലാലേട്ടൻ ലൂസിഫറിൽ അഭിനയിച്ച കാർ വരുമ്പോൾ തന്നെ നമുക്ക് ലാലേട്ടന്റെ മുഖം മനസിൽ കിട്ടും, ലാലേട്ടൻ വരുന്ന പോലെ തോന്നും. അത്രയ്ക്കും അദ്ദേഹത്തിന്റെ മനസിൽ ആ സിനിമയുണ്ട്.
എന്തായാലും നമ്മളെ എല്ലാവരെയും അതിശയിപ്പിക്കുന്ന സന്തോഷത്തോടെ കണ്ടിറങ്ങാൻ പറ്റുന്ന ത്രില്ലടിപ്പിക്കുന്ന ചിത്രമായിരിക്കും എംപുരാനെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല". - ജയ്സ് ജോസ് വിഡിയോയിൽ പറഞ്ഞു. മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates