വൈബ് അടിച്ചു കാണാം സുകുവിന്റെ ഈ 'പൈങ്കിളി' പ്രണയം; റിവ്യു
പൊട്ടിച്ചിരിച്ച് കണ്ടിറങ്ങാം, പക്കാ ഫൺ മൂഡുമായി പൈങ്കിളി(3.5 / 5)
പ്രണയം പൈങ്കിളിയാണെന്ന് പറയാറില്ലേ... എന്നാൽ ഒരു പൈങ്കിളിയുടെ പ്രണയം എങ്ങനെയുണ്ടാകും? ജിതു മാധവൻ കഥയെഴുതി ശ്രീജിത് ബാബു സംവിധാനം ചെയ്ത പൈങ്കിളി അത്തരമൊരു സിനിമയാണ്. വളരെ ഓവറായിട്ടുള്ള കുറേയെറെ മനുഷ്യരുടെ ഇടയിലേക്കാണ് പൈങ്കിളി പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്.
ഒരു പക്കാ 'ഓളം' പടം അല്ലെങ്കിൽ ഫൺ എന്റർടെയ്ൻമെന്റ് എന്നു വേണമെങ്കിൽ പറയാം പൈങ്കിളിയെ. വളരെ വ്യത്യസ്തമായ മേക്കിങ് തന്നെയാണ് പൈങ്കിളിയുടെ ഹൈലൈറ്റ്. സിംപിളായ ഒരു കഥയെ ട്രീറ്റ്മെന്റ് കൊണ്ട് മറ്റൊരു തലത്തിലേക്ക് സംവിധായകൻ ഉയർത്തി എന്ന് വേണം പറയാൻ.
സുകു (സജിൻ ഗോപു) വിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ആ കുറിപ്പുകളിലൂടെ തന്നെ ആളൊരു പൈങ്കിളി ആണെന്ന് പ്രേക്ഷകന് മനസിലാകും. വീട്ടുകാരും കൂട്ടുകാരുമൊക്കെയായി അടിച്ചു പൊളിച്ചു നടക്കുന്ന സുകുവിന്റെ ജീവിതത്തിലെ കുറേയേറെ സംഭവങ്ങളാണ് പൈങ്കിളിയുടെ കഥ. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമൊക്കെ ചിത്രത്തിൽ ഒരുപാട് ചിരിക്കാനുണ്ട്.
അഭിനേതാക്കളുടെ പെർഫോമൻസ് കൊണ്ടും സിറ്റുവേഷൻസ് കൊണ്ടുമൊക്കെ ആദ്യ പകുതിയേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത് രണ്ടാം പകുതി തന്നെയാണ്. രസച്ചരട് പൊട്ടാതെ ആദ്യാവസാനം വരെ സിനിമ കൊണ്ടുപോകുന്നതിൽ സംവിധായകൻ ശ്രീജിത് വിജയിച്ചിട്ടുണ്ട്.
സിനിമയുടെ പ്രധാന പോരായ്മ ആയി തോന്നിയത് ദുർബലമായ തിരക്കഥ തന്നെയാണ്. കോമഡിയും പാട്ടും സൗഹൃദവും ഒക്കെയുണ്ടെങ്കിലും ഒരു വ്യക്തതയില്ലായ്മ സിനിമ കാണുമ്പോൾ ഫീൽ ചെയ്യും. പ്രത്യേകിച്ച് ചിലയിടങ്ങളിൽ അത് നന്നായി അനുഭവപ്പെടുന്നുണ്ട്. ആവേശം, പൊൻമാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സജിൻ ഗോപു അഭിനയിക്കുന്ന ചിത്രമാണ് പൈങ്കിളി.
സജിൻ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. സജിന്റെയും ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേത്. രണ്ടാം പകുതിയിലൊക്കെ സജിന്റെ 'അഴിഞ്ഞാട്ടം' തന്നെ കാണാൻ കഴിയും. സജിന്റെ ഡയലോഗ് പ്രസന്റേഷനുമൊക്കെ നന്നായി വർക്കായിട്ടുണ്ട്. കോമഡിയായാലും ഇമോഷൻ രംഗങ്ങളിലായാലുമൊക്കെ സജിൻ ശരിക്കും ഞെട്ടിച്ചു. തീർച്ചയായും അതിഗംഭീര വേഷങ്ങളിലൂടെ സജിനെ വീണ്ടും മലയാളികൾക്ക് പ്രതീക്ഷിക്കാം. റോഷൻ ഷാനവാസിന്റെ പ്രകടനവും മികച്ചതായിരുന്നു. എടുത്തുപറയത്തക്ക പെർഫോമൻസുകളൊന്നും ചിത്രത്തിൽ അനശ്വരയുടെ കഥാപാത്രത്തിനില്ല.
അനശ്വര ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ വച്ചു നോക്കുകയാണെങ്കിൽ പൈങ്കിളിയിലേത് അത്ര പോരാ എന്ന് തന്നെയാണ് തോന്നിയത്. ഷീബ ബേബി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനശ്വരയെത്തുന്നത്. എന്നാൽ ആ കഥാപാത്രത്തിന് ഒരു പൂർണതയില്ലാത്തതു പോലെയാണ് അനുഭവപ്പെട്ടത്. കിട്ടിയ റോൾ അനശ്വര വൃത്തിയ്ക്ക് ചെയ്തിട്ടുണ്ട്. സജിനുമായുള്ള അനശ്വരയുടെ കോമ്പിനേഷൻ രംഗങ്ങളൊക്കെ നന്നായിരുന്നു.
അബു സലിമിന്റെ സുജിത്ത് എന്ന അച്ഛൻ കഥാപാത്രവും മികച്ചതായി തോന്നി. വീട്ടിലുള്ളവരും നാട്ടിലുള്ളവരുമൊന്നും സുജിത്തിന്റെ വാക്കിന് വില കൊടുക്കാറില്ല. പക്ഷേ ഒരു സാഹചര്യത്തിൽ അയാളുടെ വാക്കിന് മകൻ വില കൊടുക്കുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷമൊക്കെ അബു സലിം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ലിജോ ജോസ് പെല്ലിശേരിയുടെ തങ്കു എന്ന അതിഥി വേഷവും ഗംഭീരമാണ്. കുറച്ചു സമയമേ ഉള്ളൂവെങ്കിലും ആ കഥാപാത്രം പ്രേക്ഷക മനസിൽ തങ്ങി നിൽക്കും.
ജിസ്മ വിമലും പെർഫോമൻസിൽ സ്കോർ ചെയ്തിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ സംഗീതം അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. കുറേയേറെ പാട്ടുകളും ചിത്രത്തിൽ വന്നു പോകുന്നുണ്ട്. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരം കാരണം ചിലയിടങ്ങളിൽ കഥാപാത്രങ്ങളുടെ ഡയലോഗ് മനസിലാക്കാൻ ചെറിയ ബുദ്ധിമുട്ട് തോന്നി. ചിത്രത്തിന്റെ ഛായാഗ്രഹണവും അഭിനന്ദനാർഹമാണ്. അർജുൻ സേതുവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആർട്ട് വർക്കും എടുത്തുപറയേണ്ടതാണ്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമിച്ചിരിക്കുന്നത്.
മൊത്തത്തിൽ ഒരു ശരാശരി കാഴ്ചാനുഭവമാണ് സിനിമ സമ്മാനിക്കുന്നതെങ്കിലും എല്ലാം മറന്ന് കുറേ നേരമിരുന്ന് ചിരിക്കാനുള്ള വകയുണ്ട് പൈങ്കിളിയിൽ. ഫൺ എന്റർടെയ്ൻമെന്റ് കാണാൻ താല്പര്യമുള്ള പ്രേക്ഷകർക്ക് തീർച്ചയായും പൈങ്കിളിക്ക് ടിക്കറ്റെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

