

സോഷ്യൽ മീഡിയയിൽ തനിക്കു നേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കഴിഞ്ഞ ദിവസമാണ് രേണു സുധി, ദാസേട്ടൻ കോഴിക്കോട് എന്നിവർ അഭിനയിച്ച ചാന്തുപൊട്ട് റീൽ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ രേണുവിനെതിരെ വൻതോതിൽ വിമർശനങ്ങളുമുയർന്നിരുന്നു.
ആ വിഡിയോ തനിക്കൊരു മോശവുമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറഞ്ഞു. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു പറഞ്ഞു. ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽസ് വിഡിയോയായി റീക്രിയേറ്റ് ചെയ്തത്.
‘സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്’, ‘നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍’ എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ വന്ന ഭൂരിഭാഗം കമന്റുകളും. ഇതോടെയാണ് വിമർശകർക്കു മറുപടിയുമായി രേണു എത്തിയത്. ‘‘എനിക്ക് ഈ റീൽസ് വിഡിയോ ഒരു മോശവുമായി തോന്നിയിട്ടില്ല. ഇതിൽ ഞാൻ കംഫർട്ട് ആണ്, അതുകൊണ്ട് ചെയ്തു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും.
അഭിനയം എന്റെ ജോലിയാണ്. അന്നൊന്നും ആർക്കും അവസരം തരാൻ തോന്നിയില്ല. ഞാൻ കുട്ടിക്കാലം മുതലേ ഡാൻസ്, അഭിനയവുമൊക്കെ ഉണ്ടായിരുന്നു. സുധിയേട്ടൻ വന്നപ്പോൾ ആ പിന്തുണ മുഴുവൻ ഏട്ടനു കൊടുത്തു. ഇപ്പോൾ എനിക്കു ജീവിക്കണം. അതുകൊണ്ട് അഭിനയം തൊഴിലാക്കി. ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ.
ഇനിയും നിങ്ങള്‍ വിമർശിക്കുന്ന ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും. ആവശ്യമുള്ളവർ കണ്ടാൽ മതി. നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർട്ടിസ്റ്റ് ആയവരാണ്. നല്ലതു പറഞ്ഞില്ലേലും പബ്ലിക് ആയി തെറി വിളിക്കാതെ ഇരിക്കുക. അത്രേ ഒള്ളൂ. ഉറക്കം ഉളച്ച് നാടകം ചെയ്യുന്നത് എന്റെ കുടുംബം നോക്കാനാണ്. ഞാൻ വേറൊരുത്തന്റെ കൂടെ പിള്ളേരെ ഇട്ടുപോയോ ഇല്ലല്ലോ? കാണുന്ന എല്ലാ നെഗറ്റീവ് കമന്റുകൾക്കും രേണു മറുപടി തരും.
പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി രേണു ഒന്നും മോഷ്ടിച്ചിട്ടില്ല. സുധി ചേട്ടൻ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം വെബ് സീരിസിൽ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ? ഒരു നെഗറ്റീവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാൻ ചെയ്യുന്നത്. സുധിച്ചേട്ടൻ വിഡിയോ കാണുന്നുണ്ട്. അദ്ദേഹം ഭയങ്കര സന്തോഷവാനാകും. ഒരു സിനിമ ഇപ്പോൾ ചെയ്തു കഴിഞ്ഞു. സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം.’’–രേണു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates