വെറൈറ്റി കഥ, ട്രാക്ക് മാറ്റി ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും; 'ഇടി മഴ കാറ്റ്', റിവ്യു
ട്രാക്ക് മാറ്റി ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും(3 / 5)
'കേരളമിപ്പോൾ ബംഗാളികളുടെ നാടാണ്' എന്ന് തമാശയ്ക്കാണെങ്കിലും നമ്മളൊക്കെ പറയാറില്ലേ. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ബംഗാളികൾ എന്ന് പൊതുവേ നമ്മൾ വിളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കാണാനും കഴിയും. ഇങ്ങനെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ എന്താണ് ചെയ്യുന്നത്?, തൊഴിലും പണവും മാത്രമാണോ അവരുടെ ഉദ്ദേശ്യം? തുടങ്ങി കുറേയെറെ ചോദ്യങ്ങൾ നമ്മുടെ മനസിലേക്ക് കടത്തിവിടുകയാണ് അമ്പിളി എസ് രംഗൻ സംവിധാനം ചെയ്ത ഇടി മഴ കാറ്റ് എന്ന ചിത്രം.
കുറെയേറെ മനുഷ്യരുടെ ഉള്ളിലുണ്ടാകുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കൊൽക്കത്തയും കേരളവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. വ്യത്യസ്തമായ പ്രമേയം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
സിനിമ തുടങ്ങുന്നത് തന്നെ വളരെ ഇൻട്രസ്റ്റിങ് ആയാണ്. പാലക്കാടും തൃശൂരും തിരുവനന്തപുരത്തും കൊൽക്കത്തയിലുമൊക്കെ ജീവിക്കുന്ന കുറെയേറെ മനുഷ്യരുടെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. പെരുമാൾ (ചെമ്പൻ വിനോദ് ജോസ്), അജിത്ത് (ശ്രീനാഥ് ഭാസി), ഡേവിഡ് (സുധി കോപ്പ), ബുഹാരി (ശരൺജിത്ത്), സൗഗത (പൂജ ദേബ്) എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
കൊൽക്കത്തയിൽ നിന്നുള്ള സൗഗത കേരളത്തിലേക്ക് ജോലി നേടി വരുന്നതും വിലപ്പിടിപ്പുള്ള അവരുടെ ഒരു വസ്തു മോഷണം പോകുന്നതും അത് കണ്ടെത്താനായി അവർ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഷ്ടിക്കപ്പെട്ട വസ്തുവിനായുള്ള തിരച്ചിലിനിടയിൽ സൗഗത കണ്ടുമുട്ടുന്ന മനുഷ്യരും അവരിലൂടെ അവർ കടന്നു പോകുന്ന ചില യാഥാർഥ്യങ്ങളിലേക്കും സിനിമ കടന്നു ചെല്ലുന്നുണ്ട്.
വളരെ ഫ്രെഷ്നസ് തോന്നിപ്പിക്കുന്ന ഒരു ടൈറ്റിൽ സോങ്ങിലൂടെയാണ് സംവിധായകൻ പ്രേക്ഷകനെ കൂടെ കൂട്ടുന്നത്. ചിത്രത്തിന്റെ ആദ്യത്തെ ഷോട്ടും വളരെ പുതുമ സമ്മാനിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെ പതിയെ പതിയെ സിനിമ കഥയിലേക്ക് പ്രവേശിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെ ഉള്ളിലും ഒരു ഇടിയു മഴയും കാറ്റും ഉണ്ടാകുന്നുണ്ട്. അതിൽ നിന്ന് അവരെങ്ങനെ പുറത്തു കടക്കുന്നു എന്നതാണ് പ്രധാനം. മലയാളത്തിൽ ശ്രദ്ധേയനായ യുവ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അമൽ പിരപ്പൻകോട് ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്.
പ്രമേയം കൊണ്ട് സിനിമ മുന്നിൽ നിന്നപ്പോൾ തിരക്കഥയിലും സംവിധാനത്തിലും ഒരല്പം താളപ്പിഴ സംഭവിച്ചു എന്ന കാര്യം പറയാതെ വയ്യ. നീട്ടി പരത്തിയ തിരക്കഥയും ചിത്രത്തിന്റെ ആസ്വാദനത്തിൽ കല്ലുകടിയായി മാറുന്നുണ്ട്. ആദ്യ പകുതിയേക്കാൾ സിനിമ എൻഗേജിങ് ആയി മാറുന്നത് രണ്ടാം പകുതിയിലേക്ക് എത്തുമ്പോഴാണ്. കഥാഗതിയിലുള്ള ഇഴച്ചിൽ അതേപോലെ തന്നെ സ്ക്രീനിലും പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. ചില സീനുകളൊക്കെ ഒഴിവാക്കാമായിരുന്നുവെന്നും തോന്നി.
ഒട്ടേറെ കഥാപാത്രങ്ങൾ സിനിമയിൽ കടന്നുവരുന്നുണ്ട്. മലയാളികളും കൊൽക്കത്തയിൽ നിന്നുള്ള തിയറ്റർ ആർട്ടിസ്റ്റുകളുമാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നീ നടൻമാരുടെ വളരെ വേറിട്ട വേഷപകർച്ചയാണ് ചിത്രത്തിൽ കാണാനാകുന്നത്. മസിലുപിടുത്തത്തിൽ നിന്ന് മാറി തനി നാട്ടിൻപുറത്തുകാരായി തങ്ങളുടെ മാക്സിമം പുറത്തെടുത്തിട്ടുമുണ്ട് ഇരുവരും. സെന്തിൽ കൃഷ്ണ, പ്രിയംവദ, ഗീതി സംഗീത, പൂജ ദേബ് തുടങ്ങി ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെയെത്തിയവരും അവരവരുടെ ഭാഗം മികച്ചതാക്കി.
ചിത്രത്തിലെ എടുത്തുപറയേണ്ട ഒന്ന് സംഗീതവും ഛായാഗ്രഹണവുമാണ്. ഗൗരി ലക്ഷ്മിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഗൗരി ലക്ഷ്മി ആദ്യമായി മ്യൂസിക് ഡയറക്ടർ ആയ സിനിമയിലെ പശ്ചാത്തല സംഗീതവും അഭിനന്ദനാർഹമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും കൈയടി നേടി.
തുടക്കം മുതൽ സിനിമ അവസാനിക്കുന്നതുവരെ നമ്മുടെ മനസിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ വിഷ്വൽസ് ഉണ്ട് സിനിമയിൽ. സിനിമ കഴിഞ്ഞ് തിയറ്റർ വിട്ടിറങ്ങിയാലും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചില കാര്യങ്ങൾ കൂടി ബാക്കിവയ്ക്കുന്നുണ്ട് ഇടി മഴ കാറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

