Premkumar
പ്രേംകുമാർവിഡിയോ സ്ക്രീൻഷോട്ട്

'കൊലപാതകങ്ങൾ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു; ഈ സിനിമകളൊക്കെ എങ്ങനെ പ്രദർശനാനുമതി നേടുന്നു'

സെൻസറിങ് ഉണ്ടെന്നതാണ് സിനിമയെ സംബന്ധിച്ച് ആശ്വാസം.
Published on

തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകൾക്ക് പിന്നാലെ സിനിമകൾക്കെതിരെയും വിമർശനമുന്നയിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. 2022-23 സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമര്‍പ്പണ വേദിയിലാണ് പ്രേംകുമാർ പ്രതികരിച്ചത്. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു.

"ചില ടിവി പരിപാടികളെക്കുറിച്ച് എന്റെ വ്യക്തിപരമായ വിയോജിപ്പ് നേരത്തെ അറിയിച്ചിരുന്നു. ആ നിലപാടിൽ നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറയട്ടെ. മലയാളിയുടെ കുടുംബ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന് ടെലിവിഷന്‍. ടെലിവിഷന്‍ കാാഴ്ചകളില്‍ നിന്ന് മുക്തമായിട്ടുള്ള ഒരു ജീവിതം മലയാളിക്കില്ല. ചില പരിപാടികളുടെ ഉള്ളടക്കത്തിലാണ് എന്‍റെ വിയോജിപ്പ്.

ഡിജിറ്റല്‍ കാലത്ത് മറ്റ് നിരവധി പ്ലാറ്റ്ഫോമുകളും ഉള്ളപ്പോള്‍ ടെലിവിഷന്‍ ഉള്ളടക്കം ഒരു നവീകരണത്തിനും ശുദ്ധീകരണത്തിനും വിധേയമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായപ്പെടാനുള്ളത്. സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിങ് സംവിധാനം ഉണ്ട്. എന്നാൽ ഈയടുത്ത് വൈലൻസ് കൊണ്ട് പേരെടുത്ത ചില സിനിമകൾ സെൻസറിങ് നേടിയെടുക്കുന്നുണ്ട്. മനുഷ്യനുള്ളിൽ ഉറങ്ങിക്കിടക്കുന്ന വന്യതയേയും മൃഗീയതയേയും ഉണർത്തുന്നതാണ് പല സിനിമകളും.

കൊലപാതകങ്ങൾ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു. ചില സമകാലീന സിനിമകളെ കുറിച്ചാണ് പറയുന്നത്. അപകടകരമായ രീതിയിലാണ് ഇതൊക്കെ പോകുന്നത്. സെൻസറിങ് ഉണ്ടെന്നതാണ് സിനിമയെ സംബന്ധിച്ച് ആശ്വാസം. സെന്‍സറിങിനെ മറികടന്നും ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു.

ഈ ചിത്രങ്ങൾ എങ്ങനെ പ്രദർശനാനുമതി നേടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ സെന്‍സറിങ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങള്‍, അതിന്‍റെ പുതിയ ആവിഷ്കരണ രീതികള്‍ പരീക്ഷിക്കുന്നതില്‍ കൗതുകം കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് കൂടിയാണ് ഞാന്‍ പറയുന്നത്.

കല പാളിപ്പോയാൽ വലിയ അപചയത്തിലേക്ക് പോകും. എന്നാല്‍ ടെലിവിഷനില്‍ സെന്‍സറിങ് സംവിധാനം ഇല്ലാത്ത അവസ്ഥയില്‍ അത് സൃഷ്ടിക്കുന്നവര്‍ തികഞ്ഞ ഉത്തരവാദിത്തവും ഔചിത്യവും പാലിക്കേണ്ടതുണ്ട്.

കലാപ്രവര്‍ത്തനം പാളിപ്പോയാല്‍ അത് ഒരു വലിയ ജനതയെ മൊത്തം അപചയത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിവ് കൂടി അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കലയിലൂടെ സന്ദേശം നല്‍കണം എന്നില്ല. സന്ദേശം നൽകുന്നുണ്ടെങ്കിൽ അത് നന്മയുടേതാകണം", പ്രേംകുമാര്‍ പറഞ്ഞു.

ടെലിവിഷൻ പരിപാടികളിലെ ശുദ്ധീകരണവും നവീകരണവും ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി ഇടപെടുമെന്നും പ്രേംകുമാര്‍ പറഞ്ഞു. "സിനിമാ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. പുതിയ തലമുറയെക്കുറിച്ച് അക്കാദമിക്ക് ആശങ്കയുണ്ട്. പല ഉള്ളടക്കങ്ങളും റേഡിയേഷൻ പോലെയാണ്", പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com