പുതുവർഷം തുടങ്ങിയപ്പോൾ തന്നെ വിവാദങ്ങൾക്കും ട്രോളുകൾക്കും ഇരയായിരിക്കുകയാണ് തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഡാകു മഹാരാജ് എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു പാട്ടാണ് ബാലയ്യയെ ഇത്തവണ എയറിലാക്കിയിരിക്കുന്നത്.
ഡബിഡി ഡിബിഡി എന്ന് തുടങ്ങുന്ന ഗാനമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളുമേറ്റു വാങ്ങുന്നത്. ഗാനത്തിലെ ബാലയ്യയുടെ ഡാൻസ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് പ്രധാനമായി വിമർശിക്കപ്പെടുന്നത്. ബാലയ്യയും ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുമാണ് നൃത്തരംഗത്തില്‍ ഉള്ളത്.
പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തിൽ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമർശനം. ശേഖര്‍ മാസ്റ്റര്‍ ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. എസ് തമനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാമത്തെ ചിത്രമാണ് ഡാകു മഹാരാജ്.
ബോബി ഡിയോള്‍ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 12 ന് തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക