'സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കുന്നത് പ്രേക്ഷകര്‍; സെലിബ്രിറ്റികള്‍ കൂടുതല്‍ ശ്രദ്ധിക്കണം'

മറ്റുള്ളവരുടെ ഇടത്തെയും സ്വകാര്യതയെയും ബഹുമാനിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്
Shyamaprasad
ശ്യാമപ്രസാദ്ഫോട്ടോ : ബി പി ദീപു / എക്സ്പ്രസ്
Updated on

സിനിമാ സെറ്റിലെ പ്രശ്‌നങ്ങളില്‍ നിയമങ്ങള്‍ ശാശ്വതമായ പരിഹാരമല്ലെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. ഒരു ഫിലിം സെറ്റ് എന്നത് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചു വന്ന് ദീര്‍ഘകാലം ജോലി ചെയ്യുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ വിഷയങ്ങളുണ്ടാകാനുള്ള സാധ്യതയുള്ള അന്തരീക്ഷമാണ്. നിയമപരമായ ഇടപെടലുകള്‍ക്ക് മുമ്പ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് അഭികാമ്യമെന്നും ശ്യാമപ്രസാദ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംസ്ഥാനവും മലയാളി സമൂഹവും കാര്യങ്ങളെക്കുറിച്ച് വാചാലരാണ്. അതുകൊണ്ടുതന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു സമൂഹമെന്ന നിലയില്‍, മറ്റുള്ളവരുടെ ഇടത്തെയും സ്വകാര്യതയെയും ബഹുമാനിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്. സെലിബ്രിറ്റികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അവരെ മറ്റുള്ളവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയില്‍ ഒരു കൂട്ടായ ബോധവല്‍ക്കരണം ആവശ്യമാണ്. ശ്യാമപ്രസാദ് പറഞ്ഞു.

സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നുള്ളത് വ്യക്തമായ കാര്യമാണ്. ഒരു നടന്‍ ജനകീയമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍, അവര്‍ ഈ മേഖലയില്‍ തങ്ങളുടെ നിയന്ത്രണം ചെലുത്തുന്നു. സൂപ്പര്‍ താരങ്ങളെയും മെഗാ താരങ്ങളെയും ഉണ്ടാക്കുന്നത് പ്രേക്ഷകരാണെന്ന് ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു. ഒരു സമൂഹത്തിന്റെ സംസ്‌കാരത്തെ വാര്‍ത്തെടുക്കുന്നതില്‍ സിനിമയ്ക്ക് തീര്‍ച്ചയായും പങ്കുണ്ട്. ഒരു സിനിമയുടെ പ്രാഥമിക പ്രേക്ഷകര്‍ 18 മുതല്‍ 25 വരെ പ്രായമുള്ളവരാണ്. അവരെ തെറ്റായി സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി സിനിമാക്കാര്‍ തന്നെയാണ്.

ഏതു കാലഘട്ടത്തിലായാലും അടിസ്ഥാന മൂല്യങ്ങള്‍ ഒന്നുതന്നെയാണ്. ഒരു മാനവിക സമൂഹത്തില്‍, സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആശയങ്ങള്‍ എല്ലായ്‌പ്പോഴും നിലവിലുണ്ട്. ആധുനിക സമൂഹങ്ങളും ആധുനിക ചിന്തകളും അവിടെ നിന്നാണ് ഉത്ഭവിച്ചത്. മുന്‍കാല സാഹിത്യകൃതികളെ നമ്മള്‍ നിരാകരിക്കുന്നില്ല. സിനിമാക്കാര്‍ എന്ന നിലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്. അത് വലിയ കാര്യമാണ്. അത് ഈ മേഖലയെ കൂടുതല്‍ ഗുണകരമാക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ സംഭവവികാസങ്ങളും സിനിമാ മേഖലയിലുള്ളവരെ കൂടുതല്‍ ജാഗ്രത ഉള്ളവരാക്കിയെന്നാണ് കരുതുന്നതെന്നും ശ്യാമപ്രസാദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com