

പകയുടെ, പ്രതികാരത്തിന്‍റെ കനലെരിയുന്ന 'പണി' ഗംഭീര ബോക്സോഫീസ് വിജയത്തോടെ ഇനി ഒടിടിയിലും. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജ് ഒരുക്കിയ ചിത്രം മികച്ച ബോക്സോഫീസ് കളക്ഷനോടെ തിയേറ്ററുകളിൽ 50 ദിനങ്ങൾ പിന്നിടുകയുമുണ്ടായി. ജനുവരി 16 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.
ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനായി എത്തുകയുണ്ടായി. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിലെ തന്‍റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് ജോജു പണിയുമായി എത്തിയത്. ചിത്രത്തിലെ നായക വേഷവും അദ്ദേഹം മികവുറ്റതാക്കി.
ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തിയ അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. മികച്ച രീതിയിലാണ് തനിക്ക് ലഭിച്ച വേഷം അവർ അവതരിപ്പിച്ചത്. താരങ്ങളായ സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സാഗറും ജുനൈസും 'പണി'യിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇരുവരും.
ഒക്ടോബർ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിലൂടെ അഭിനയം മാത്രമല്ല തനിക്കുള്ളിൽ ഒരു അന്യായ ഫിലിം മേക്കർ കൂടിയുണ്ടെന്ന് 'പണി'യിലൂടെ അദ്ദേഹം തെളിയിച്ചു. എണ്ണം പറഞ്ഞൊരു ക്രൈം ആക്ഷൻ റിവഞ്ച് ത്രില്ലറാണ് 'പണി' എന്നാണ് തിയറ്ററുകളിൽ നിന്നുള്ള പ്രേക്ഷകാഭിപ്രായം. ജോജുവിന്‍റെ മികച്ചൊരു ക്രാഫ്റ്റാണ് ചിത്രമെന്ന് ഏവരും പറയുന്നു. ഓരോ സെക്കൻഡിലും ഇനി എന്ത് സംഭവിക്കുമെന്നൊരു ആകാംക്ഷ പ്രേക്ഷകരിൽ ജനിപ്പിക്കും വിധമാണ് സിനിമയുടെ കഥാഗതി.
തിരക്കഥയിൽ ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര സ്പേസ് നൽകിയാണ് ജോജു ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കാസ്റ്റിങ്ങിലും ജോജുവിന് തെറ്റിയിട്ടില്ല. ചിത്രത്തിന് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കഥാപാത്രങ്ങള്‍ക്കായി കണ്ടെത്തിയെന്നു മാത്രമല്ല തന്‍റെ മനസ്സിലുള്ള സിനിമ അതേ രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും ജോജുവിലെ സംവിധായകനും രചയിതാവിനും സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന സാഗർ, ജുനൈസ് എന്നിവരുടെ കാസ്റ്റിങ് തന്നെ ഇതിനുദാഹരണമാണ്. ഇരുവര്‍ക്കും ചിത്രത്തിൽ നായകനോടൊപ്പം നിൽക്കുന്ന വേഷമാണ്.
ഒരു മാസ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവരാണ് സംഗീതം. കാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates