മലയാളികൾക്ക് യേശുദാസ് എന്നാൽ സംഗീതത്തിന്റെ മറ്റൊരു പര്യായമാണ്. ഇന്ന് ഗാനഗന്ധർവന്റെ 85-ാം പിറന്നാൾ കൂടിയാണ്. എന്നാൽ ഈ വർഷത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ഏറെ ദുഃഖപൂർണമാണ്. തന്റെ സഹോദരതുല്യനായ ഗായകൻ പി ജയചന്ദ്രന്റെ വേർപാടിന്റെ വേദനയിലാണ് അദ്ദേഹം. സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ച് സഞ്ചരിക്കുകയും മലയാളികളെ പാട്ടിന്റെ വഴിയെ നടത്തിക്കുകയും ചെയ്ത മഹാപ്രതിഭകളാണ് ഇരുവരും.
1958 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽവച്ചാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നതു തന്നെ. അതേ തിരുവനന്തപുരത്ത് മറ്റൊരു സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങിയതിന് പിന്നാലെ, യേശുദാസിന്റെ പിറന്നാൾ ദിനത്തിന് തലേന്ന് ജയചന്ദ്രൻ വിട പറഞ്ഞതും ഒരു യാദൃച്ഛികതയാകാം. അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയുടെയും എലിസബത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനായി ഫോർട്ട് കൊച്ചിയിൽ ജനിച്ച യേശുദാസിനെ സംഗീതത്തിന്റെ വഴിയേ കൈപിടിച്ച് നടത്തിയത് അച്ഛൻ തന്നെയായിരുന്നു.
അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസിൽ ധ്യാനിച്ച യേശുദാസ് 1949 ൽ ഒമ്പതാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജ് എന്നിവിടങ്ങളിൽ നിന്നായി സംഗീത പഠനം. എന്നാൽ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്.
ഇതിനോടകം തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചു. സിനിമയിൽ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത് 1961ൽ പുറത്തിറങ്ങിയ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്.
പിന്നീട് അദ്ദേഹത്തിന് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. ഗാനഗന്ധർവൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ദാസേട്ടൻ ഇന്ത്യൻ പിന്നണി ഗാന രംഗത്തെ തന്നെ അതുല്യനായി ഇന്നും തുടരുന്നു. 2017- ൽ രാജ്യം പത്മവിഭൂഷണും, 2002-ൽ പത്മഭൂഷണും, 1973-ൽ പത്മശ്രീ നൽകിയും ആദരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക