
പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് രാജാസാബ്. പൊങ്കലിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു കുർത്തയും സൺ ഗ്ലാസും ധരിച്ച് കൂൾ ലുക്കിൽ ആണ് പ്രഭാസിനെ പോസ്റ്ററിൽ കാണാനാവുക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റീലിസ് മാറ്റി വച്ചതായി നിർമാതാക്കൾ അറിയിച്ചിരുന്നു.
പ്രഭാസിന്‍റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 'ഹൊറർ ഈസ് ദ് ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കിൽ പ്രഭാസ് പോസ്റ്ററിൽ എത്തിയിരുന്നത്.
ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് രാജാ സാബ്’. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്‍റെ ലുക്കാണ് പോസ്റ്ററിന്‍റെ പ്രധാന ആകർഷണം.
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ദ് രാജാ സാബ്’ന്‍റെ ആദ്യ ഗ്ലിംപ്സ് വിഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നതോടെ ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന.
അത് ഊട്ടി ഉറപ്പിക്കുന്നതുമാണ് സിനിമയുടെ പോസ്റ്റർ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.
വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.
വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണനാണ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക