
ജയിലർ 2 വിന്റെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ജയിലർ 2 വിന്റെ പ്രഖ്യാപന ടീസറിനും വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. രജനികാന്തിനൊപ്പം നെൽസണെയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെയും ടീസറിൽ കാണാം.
ജയിലർ ആദ്യ ഭാഗം ബോക്സോഫീസിൽ റെക്കോഡുകൾ തീർത്തിരുന്നു. മോഹൻലാൽ, ശിവരാജ് കുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയിരുന്നു. ഇപ്പോഴിതാ ജയിലറിലേക്ക് അതിഥി വേഷത്തിൽ നടൻ നന്ദമൂരി ബാലകൃഷ്ണയെയും താൻ പരിഗണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നെൽസൺ ഇക്കാര്യം അറിയിച്ചത്.
"എനിക്ക് തെലുങ്കിൽ നിന്ന് ബാലകൃഷ്ണ സാറിനെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആദ്യ ഭാഗത്തിൽ എനിക്കത് കൃത്യമായി ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. അങ്ങനെയൊരു കഥാപാത്രവുമായി സമീപിച്ചാൽ അദ്ദേഹം സ്വീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും അദ്ദേഹത്തെ അഭിനയിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
സിനിമയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടായിരുന്നെങ്കിൽ, ഞാൻ തീർച്ചയായും അദ്ദേഹത്തെ സമീപിക്കുമായിരുന്നു. ഒട്ടും ഭയമില്ലാത്ത ഒരു തീപ്പൊരി പൊലീസുകാരന്റെ വേഷമായിരുന്നു ഞാൻ മനസിൽ കണ്ടത്. പക്ഷേ ആ കഥാപാത്രത്തിന് അനുയോജ്യമായ ഒരു പശ്ചാത്തലം സൃഷ്ടിക്കാൻ എനിക്ക് കഴിഞ്ഞില്ല. ബാക്കിയെല്ലാ കഥാപാത്രങ്ങൾക്കും തുടക്കവും ഒടുക്കവും ഉണ്ടായിരുന്നു.
പക്ഷേ എനിക്ക് അദ്ദേഹത്തിന് അനുയോജ്യമായ രീതിയിൽ അത് ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ അത് ചെയ്യാതിരുന്നത്. എല്ലാ സൂപ്പർ സ്റ്റാറുകളെയും ഒന്നിച്ച് കൊണ്ടുവന്ന് അവസാനിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം".-നെൽസൺ പറഞ്ഞു. എന്നാൽ ജയിലർ 2 വിൽ ബാലയ്യയെ കാണാനാകുമോ എന്ന ചോദ്യത്തിന് നെൽസൺ പ്രതികരിച്ചില്ല. അതേസമയം ജയിലർ 2 വിന്റെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക