
നടൻ സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് നടി ഉർവശി റൗട്ടേല. സാഹചര്യത്തിന്റെ യഥാര്‍ഥ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നും നടനോട് മാപ്പ് പറയുന്നുവെന്നും ഉര്‍വശി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് കൃത്യമായ മറുപടി നടി നൽകിയിരുന്നില്ല. പുതിയ ചിത്രം ദാക്കു മഹരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ് നടി കൂടുതലും സംസാരിച്ചത്. ഇതിന് പിന്നാലെ നടിക്കെതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് നടി ഖേദ പ്രകടനം നടത്തിയത്.
"പശ്ചാത്താപത്തോടെയാണ് ഞാനിതെഴുതുന്നത്. നിങ്ങള്‍ നേരിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് എനിക്ക് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഞാന്‍ ദാക്കു മഹാരാജിന്റെ ആവേശത്തിലായിരുന്നു. എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും. അതില്‍ ഞാന്‍ ലജ്ജിക്കുന്നു". - ഉര്‍വശി റൗട്ടേല കുറിച്ചു.
തന്റെ ക്ഷമാപണം സ്വീകരിക്കണമെന്നും ഇപ്പോള്‍ ഈ കേസിന്റെ തീവ്രത മനസിലാക്കിയതായും നടി കൂട്ടിച്ചേര്‍ത്തു. "എന്റെ പിന്തുണ അറിയിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ കാണിച്ച സഹിഷ്ണുത പ്രശംസനീയമാണ്. നിങ്ങളുടെ കരുത്തിനെ ബഹുമാനിക്കുന്നു".- ഉര്‍വശി കുറിച്ചു. തന്റെ പ്രാര്‍ഥന സെയ്ഫിനൊപ്പമുണ്ടെന്നും സഹായം ആവശ്യങ്കില്‍ അറിയിക്കണെമെന്നും നടി പറഞ്ഞു.
''വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ദാക്കു മഹാരാജ് ഇപ്പോള്‍ 105 കോടി ബോക്‌സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ്. സമ്മാനമായി അമ്മ വജ്രങ്ങള്‍ പതിപ്പിച്ച റോളക്‌സ് വാച്ചും അച്ഛന്‍ റിങ് വാച്ചും സമ്മാനിച്ചിരുന്നു. ഇതെല്ലാം ധരിച്ച് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല.
ആര്‍ക്കും ഞങ്ങളെ ആക്രമിക്കാമെന്ന അരക്ഷിതാവസ്ഥ ഞങ്ങളെ ബാധിച്ചിട്ടുണ്ട്''- മാധ്യമങ്ങളോടുള്ള ഉര്‍വശിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇതിന്റെ വിഡിയോ വളരെ പെട്ടെന്നുതന്നെ വൈറലാവുകയും നടിക്കെതിരെ വിമർശനമുയരുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക