
മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്. ഗൗതം വാസുദേവ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം 23 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിലെ നായക കഥാപാത്രത്തിന്‍റെ തുടര്‍ച്ചാ സാധ്യതകളെക്കുറിച്ച് പറയുകയാണ് ഗൗതം മേനോന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം മേനോൻ ഇക്കാര്യം പറഞ്ഞത്.
"അദ്ദേഹം (മമ്മൂട്ടി) ഇപ്പോള്‍ ചെയ്യുന്ന സിനിമകള്‍ ഏത് തരത്തിലുള്ളവയാണെന്ന് എനിക്ക് അറിയാം. പരീക്ഷണ സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഭ്രമയുഗം, കാതല്‍, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ് അങ്ങനെ.. ഇതില്‍ നിന്നൊക്കെ കുറച്ച് വ്യത്യസ്തമായ സിനിമയാണ് ഡൊമിനിക്ക്. ഷോ ഓഫ് ഇല്ലാത്ത, മാസ് അല്ലാത്ത, നേരിട്ട് കഥ പറയുന്ന ഒരു ചിത്രം വേണമെന്നായിരുന്നു എനിക്ക്.
സീക്വല്‍സ് ഒരു ട്രെന്‍ഡ് ആണെന്നുവച്ച് ആലോചിച്ചതല്ല, അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, ഈ സിനിമ നന്നായിട്ട് പോയാല്‍ ഈ കഥാപാത്രത്തെ വച്ച് നിറയെ സിനിമകള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന്. സീക്വല്‍ എന്ന രീതിയിലല്ല. ഒരു ചിരി ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം",- ഗൗതം മേനോന്‍ പറയുന്നു.
ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക