കുതിരപ്പുറത്തേറി സാമ്രാജ്യം കീഴടക്കുന്നവർ! യുദ്ധവും പ്രണയവും വിര​ഹവും; ബോളിവുഡിൽ പിറന്ന അഞ്ച് 'രാജകീയ' സിനിമകൾ

ഫിക്ഷനും ഫാന്റസിയും ചേർന്നാണ് ഇത്തരം സിനിമകൾ പ്രേക്ഷകരിലേക്കെത്തുക.
Chhaava
ഛാവഇൻസ്റ്റ​ഗ്രാം

ചരിത്ര സിനിമകളും രാജാക്കൻമാരെയും രാജകുമാരിമാരെക്കുറിച്ചുമൊക്കെ പറയുന്ന സിനിമകളും കാണാൻ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. രാജകുടുംബത്തിൻ്റെയും രാജാക്കൻമാരുടെയും വീരകഥകൾ അടിസ്ഥാനമാക്കി നിരവധി സിനിമകൾ പുറത്തുവന്നിട്ടുമുണ്ട്. ഫിക്ഷനും ഫാന്റസിയും ചേർന്നാണ് ഇത്തരം സിനിമകൾ പ്രേക്ഷകരിലേക്കെത്തുക. ഇന്ത്യയിലെ രാജാക്കൻമാരുടെ കഥ പറഞ്ഞ അഞ്ച് ബോളിവുഡ് ചിത്രങ്ങളിതാ.

1. ഛാവ

Chhaava
ഛാവഇൻസ്റ്റ​ഗ്രാം

രാജാക്കൻമാരുടെ കഥയുമായി ബോളിവുഡിൽ നിന്ന് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രമാണ് ഛാവ. ഛത്രപതി ശിവജിയുടെ മകനും മറാത്ത രാജാവുമായിരുന്ന സംഭാജിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഛത്രപതി സംഭാജിയുടെ വേഷമാണ് വിക്കി കൗശൽ അവതരിപ്പിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുക.

ചിത്രത്തിന്റെ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മറാത്ത രാജാവിന്റെ ചെറുത്തുനിൽപ്പും യുദ്ധങ്ങളും നിറഞ്ഞ ഒരു ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോൻസാലെ ആയി രശ്മിക മന്ദാനയാണ് ചിത്രത്തിലെത്തുന്നത്. ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.

2. പദ്മാവത്

Padmaavat
പദ്മാവത്ഇൻസ്റ്റ​ഗ്രാം

ഏറെ വിവാദങ്ങൾക്കൊടുവിൽ പുറത്തുവന്ന ചിത്രമാണ് സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത്. ചിറ്റോറിലെ രജപുത്ര മഹാരാജാവ് രത്തൻസെന്നിന്റെ പ്രിയ പത്നിയും അതി സുന്ദരിയായ റാണി പദ്മാവതിയുടെ കഥ പറയുന്ന ചിത്രമാണ് ഇത്. അലാവുദീൻ ഖിൽജിക്ക് പദ്മാവതിയോടുള്ള പ്രണയമാണ് ചിത്രത്തെ വിവാദമാക്കിയത്.

ദീപിക പദുക്കോൺ റാണി പദ്മാവതിയായ ചിത്രത്തിൽ രൺവീർ സിങാണ് അലാവുദീൻ ഖിൽജിയായി എത്തിയത്. പദ്മാവതിയുടെ ഭർത്താവ് രത്തൻ സെന്നായി ഷാഹിദ് കപൂറും ചിത്രത്തിലെത്തി. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമാണ്. 2018 ൽ പുറത്തിറങ്ങിയ ചിത്രം ഫെബ്രുവരി ആറിന് റീ റിലീസ് ചെയ്യുന്നുമുണ്ട്.

3. ബാജിറാവു മസ്താനി

Bajirao Mastani
ബാജിറാവു മസ്താനി

മറാത്ത ഭരണാധികാരിയും പോരാളിയുമായ ബാജിറാവുവിന്റെയും കാമുകി മസ്താനിയുടെയും കഥയാണ് ചിത്രം പറഞ്ഞത്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പോരാട്ട വീര്യവും, നേതൃപാടവവും കൊണ്ട് ഏവരുടെയും ആരാധനയും സ്‌നേഹവും പിടിച്ചു പറ്റിയ ബാജിറാവു ബല്ലാളിന്റെയും, രജപുത്ര രാജകുമാരി മസ്താനിയുടെയും പ്രണയവും വിവാഹവും, ദുരന്തപൂര്‍ണമായ മരണവുമാണ് ബാജിറാവു മസ്താനി എന്ന ചിത്രത്തിന് വിഷയമായിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

4. സാമ്രാട്ട് പൃഥ്വിരാജ്

Samrat Prithviraj
സാമ്രാട്ട് പൃഥ്വിരാജ്

രജപുത്ര ചക്രവര്‍ത്തിയായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും ചന്ദ്രപ്രകാശ് ദ്വിവേദിയാണ്. അക്ഷയ് കുമാറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സഞ്ജയ് ദത്ത്, സോനു സൂദ്, മാനുഷി ഛില്ലാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

5. അശോക

Asoka
അശോക

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് അശോക. മൗര്യ സാമ്രാജ്യത്തിലെ അശോക ചക്രവർത്തിയുടെ ആദ്യകാല ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയത്. ഷാരൂഖ് ഖാൻ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കരീന കപൂർ, ഹൃഷിതാ ഭട്ട്, അജിത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com