
ന്യൂഡൽഹി: വിമാനത്താവളത്തിൽ വെച്ചുള്ള ബാഗേജ് പരിശോധനയ്ക്കിടെ ഇൻഡിഗോ ജീവനക്കാർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി ലക്ഷ്മി മഞ്ചു. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം പറഞ്ഞത്. കടന്നുകയറ്റം പോലെയായിരുന്നു പരിശോധനയെന്നും യാതൊരു ബഹുമാനവുമില്ലാതെയാണ് ജീവനക്കാർ പെരുമാറിയതെന്നും ലക്ഷ്മി പറഞ്ഞു. ജീവനക്കാരുടെ പരുക്കമുള്ള പെരുമാറ്റത്തെയും അവർ പോസ്റ്റിലൂടെ വിമർശിച്ചു.
ഗോവയിൽ വെച്ചായിരുന്നു സംഭവം. ഇൻഡിഗോയുടെ ആഭ്യന്തര ഫ്ലൈറ്റിലാണ് ലക്ഷ്മി മഞ്ചു യാത്ര ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇൻഡിഗോ ജീവനക്കാർ മോശമായി പെരുമാറിയതെന്ന് നടി പറഞ്ഞു. എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫ് തന്റെ ലഗേജ് പരിശോധിക്കണമെന്ന് നിർബന്ധംപിടിച്ചു. തന്റെ ബാഗ് തുറക്കാൻ തന്നെ അനുവദിച്ചില്ലെന്നും അവർക്കു തന്നെ തുറന്നു പരിശോധിക്കണമെന്ന വാശിയായിരുന്നെന്നും ലക്ഷ്മി ആരോപിച്ചു.
"എന്റെ ബാഗ് തുറക്കാൻ അവർ എന്നെ അനുവദിച്ചില്ല. അവർക്കു തന്നെ അത് തുറക്കണമെന്ന് നിർബന്ധം പിടിക്കുന്നു. അല്ലാത്തപക്ഷം ബാഗ് ഗോവയിൽ ഉപേക്ഷിക്കപ്പെടും. ആരെങ്കിലും സഹായിക്കണം. ഇത് പരിഹാസ്യമാണ്. ജീവനക്കാർ അങ്ങേയറ്റം പരുഷമായാണ് പെരുമാറുന്നത്." ലക്ഷ്മി കുറിച്ചു. തനിക്കു നേരിട്ട ദുരനുഭവത്തേക്കുറിച്ച് മറ്റൊരു പോസ്റ്റും അവർ ഷെയർ ചെയ്തിട്ടുണ്ട്.
"ഇതാണ് പീഡനമെന്ന് പറയുന്നത്. എല്ലാത്തിലുമുപരി എന്റെ കണ്മുന്നിൽ അവർ ഒരു സെക്യൂരിറ്റി ടാഗ് പോലും ധരിച്ചിരുന്നില്ല. പരിശോധിക്കാമെന്ന് അവർ പറയുന്നുണ്ടെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടാൽ ഇൻഡിഗോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ഇത്തരത്തിൽ ഒരു വിമാനക്കമ്പനി എങ്ങനെയാണ് നടത്തിക്കൊണ്ടുപോവുക?" താരം ചോദിച്ചു.
കൃത്യസമയത്ത് ബാഗേജ് പരിശോധന കഴിയാത്തതിനാൽ പെൺകുട്ടികളിൽ ഒരാൾക്ക് ലഗേജ് ഉപേക്ഷിക്കേണ്ടി വന്നുവെന്നും നിങ്ങളിൽ അപമാനിക്കപ്പെട്ടെന്ന തോന്നലുണ്ടാക്കാൻ ഇൻഡിഗോ ഇഷ്ടപ്പെടുന്നുവെന്നും ലക്ഷ്മി മഞ്ചു കൂട്ടിച്ചേർത്തു. പോസ്റ്റ് വന്നതിനു പിന്നാലെ പ്രതികരണവുമായി ഇൻഡിഗോ അധികൃതരുമെത്തി.
നടി അനുഭവിച്ച അസൗകര്യം മനസിലാക്കുന്നുവെന്ന് അവർ പറഞ്ഞു. ചെക്ക് ഇൻ ലഗേജിൽ നിരോധിത വസ്തുക്കൾ കൊണ്ടുപോകാൻ പാടില്ലെന്ന കർശന നിയമം ഉള്ളതിനാൽ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് കസ്റ്റഡിയിലെടുത്തതാണെന്നും അവർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക