
ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ. അമേരിക്കയിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂത്രാശയ അർബുദത്തിനുള്ള ചികിത്സയിലായിരുന്നു താരം. സഹപ്രവർത്തകരും ആരാധകരും ചേർന്നാണ് അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവ രാജ്കുമാറിനെ വീട്ടിലെത്തി സന്ദർശിച്ചു.
താരത്തിന്റെ സുഖവിവരങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. താൻ തിരിച്ചുവരുമെന്ന് പുതുവത്സരദിന സന്ദേശത്തിൽ നടൻ പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടും അദ്ദേഹം പ്രതികരിച്ചു. വെല്ലുവിളികൾ നിറഞ്ഞ ജീവിതഘട്ടത്തേയും അതിനെ മറികടന്നതിനേക്കുറിച്ചും അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
"എനിക്ക് കുറച്ച് പേടിയുണ്ടായിരുന്നു. എന്നാൽ പ്രതിസന്ധിഘട്ടത്തെ സധൈര്യം മറികടക്കാൻ സഹായിച്ചത് ആരാധകരും അഭ്യുദയകാംക്ഷികളും നൽകിയ ശക്തിയാണ്. അഭിനയത്തിലേക്ക് തിരിച്ചുവരാനും ആസ്വാദകരെ കൂടുതൽ രസിപ്പിക്കാനുമാണ് ഇനിയുള്ള ശ്രമം. ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ നടക്കാൻ തുടങ്ങി. എവിടെ നിന്നാണ് ആ ഊർജം കിട്ടിയതെന്നറിയില്ല." താരം പറഞ്ഞു.
'ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടോ മൂന്നോ ദിവസം ദ്രവ രൂപത്തിലുള്ള ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. അതിനുശേഷം ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. ജീവിതം ഒരു പാഠമാണ്, ജീവിതത്തിൽ എല്ലാം സ്വാഭാവികമായി വരുന്നു'. - അദ്ദേഹം വ്യക്തമാക്കി. കീമോ തെറാപ്പി ചെയ്യുമ്പോഴും സിനിമ ചെയ്യുന്നുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തിറങ്ങാനിരിക്കുന്ന 45 എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചെയ്യുമ്പോൾ ചികിത്സ നടക്കുന്നുണ്ടായിരുന്നു. അതൊക്കെ എങ്ങനെയാണ് ചെയ്തതെന്ന് ഇപ്പോഴുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക