
മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ചുള്ള ചിത്രം പ്രഖ്യാപിച്ചിട്ട് നാളുകളേറെയായി. ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനുമായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ചിത്രത്തിൽ നടി മാളവിക മോഹനൻ നായികയായെത്തുന്നുവെന്നാണ് പുതിയ വിവരം. ഫെബ്രുവരി 10 ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ഫെബ്രുവരി 14 ന് മോഹൻലാൽ ഷൂട്ടിങ് സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.
2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്. സംഗീത, സംഗീത് പ്രതാപ്, നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം, എംപുരാൻ ആണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രവും മോഹൻലാലിന്റേതായി വരാനുണ്ട്. ക്രിസ്റ്റിയാണ് മാളവികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക