'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്; പാർവതിയെപ്പോലുള്ള സ്ത്രീകളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണ്'

അല്പസ്വല്പം വസ്തുതകൾ മനസിലാക്കിയിട്ട് വിമർശിക്കുമ്പോൾ വിമർശനത്തിന് ഒരു ബലമുണ്ടാകും.
Parvathy Thiruvothu, Vidhu Vincent
പാർവതി തിരുവോത്ത്, വിധു വിന്‍സെന്‍റ് (Parvathy Thiruvothu)ഫെയ്സ്ബുക്ക്
Updated on

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നുവെന്ന് അറിയച്ചതിന് പിന്നാലെ സർക്കാരിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu) രം​ഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റിയിൽ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള പാർവതിയുടെ ചോദ്യം. എന്നാല്‍ ഇപ്പോള്‍ പാര്‍വതിക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സെന്‍റ്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിധു വിൻസെന്റിന്റെ മറുപടി.

വിധു വിൻസെന്റ് പങ്കുവച്ച കുറിപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ടും സർക്കാർ നടപടികളും: വസ്തുതകൾ

പാർവതി അടക്കമുള്ളവർ അവർ അഭിനയിച്ച ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴിയായി നൽകിയിരുന്നുവെങ്കിലും, പിന്നീട് പൊലീസ് കേസുകളുമായി മുന്നോട്ട് പോകാൻ അവരാരും തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്. ഈ മൊഴികളെ കുറിച്ച് അന്വേഷിച്ച Special Investigation Team ഉം ക്രൈം ബ്രാഞ്ചും, മൊഴി നല്കിയവർ പറഞ്ഞതിൽ ഉറച്ചു നില്ക്കാഞ്ഞതിനെ കുറിച്ചും പിൻവലിഞ്ഞതിനെ കുറിച്ചും പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു.

നിയമപരമായ നടപടികൾക്ക് ഇര/ അതിജീവിതരുടെ പൂർണ സഹകരണവും സാക്ഷ്യവും അത്യാവശ്യമാണെന്നിരിക്കെ അത് ലഭ്യമല്ലാതെ കേസുകൾ ഫലപ്രദമായി നടത്താൻ കഴിയില്ലാ എന്നത് സാമാന്യ യുക്തിയിൽ ബോധ്യപ്പെടുന്ന ഒരു കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ യഥാർത്ഥ ഫലങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വെറുമൊരു കേസ് റജിസ്റ്റർ ചെയ്യാനുള്ള ഉപകരണമായിരുന്നില്ല. പകരം, മലയാള ചലച്ചിത്ര മേഖലയിലാകെ വ്യാപകമായ ആഭ്യന്തര മാറ്റങ്ങൾക്ക് വഴിതെളിച്ച നയരേഖയായിരുന്നു അത്.

ചലച്ചിത്ര നയനിർമ്മാണത്തിന്റെ അടിത്തറ സർക്കാരിന്റെ സംവിധാനമായ Kerala State Film Development Corporation (KSFDC) യുടെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ പുതിയ ചലച്ചിത്ര നയം രൂപീകരിക്കാനുള്ള ഉദ്യമത്തിന് അടിത്തറ പാകിയത് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളാണ്.

വിപുലമായ കൂടിയാലോചന പ്രക്രിയയാണ് ഇതെ തുടർന്ന് നടന്നത്.

ഈ ലക്ഷ്യത്തിനായി:

- 20-ലധികം തവണകളിലായി സർക്കാർ വിപുലമായ ചർച്ചകൾ നടത്തി

- 400-ധികം പേരുമായി, വിവിധ സംഘടനാ പ്രതിനിധികളുമായി നേരിട്ടും അല്ലാതെയും ആശയവിനിമയം നടത്തി

- വിവിധ തലങ്ങളിലുള്ള, തരത്തിലുള്ള പ്രശ്നങ്ങളെ ആഴത്തിൽ പരിഗണിച്ചു

- സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന

- സ്ത്രീകളുടെ ചലച്ചിത്ര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം

- അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഗണിക്കൽ

- വേതനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ

- വ്യത്യസ്ത ലിംഗവിഭാഗങ്ങളുടെ ഉൾക്കൊള്ളൽ

- വെല്ലുവിളി നിറഞ്ഞ തൊഴിൽ സാഹചര്യത്തിൽ പണിയെടുക്കുന്നവർക്കായുള്ള സുരക്ഷിതത്വമൊരുക്കൽ etc.

ഇങ്ങനെ വിവിധ വിഷയങ്ങളിലായി സിനിമാ മേഖലയെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങൾ പല തലങ്ങളിലായാണ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

സാംസ്കാരികവകുപ്പിന് പുറമേ

വ്യവസായം, തൊഴിൽ, നിയമം, വിനോദ സഞ്ചാരം, വിവര സാങ്കേതികവിദ്യ, ആരോഗ്യം, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം, ആഭ്യന്തരം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൂടി കൈകോർത്തു കൊണ്ടുള്ള പ്രശ്നപരിഹാര മാർഗ്ഗരേഖയായാണ് സിനിമ നയം രൂപപ്പെട്ടു വരുന്നത്. ഇത്തരമൊരു നയത്തിന്റെ അഭാവത്തെ കുറിച്ച് അടിവരയിട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സംസാരിച്ചത് എന്നും ഇപ്പോൾ ആക്ഷേപമുന്നയിക്കുന്നവർ ഓർക്കുമല്ലോ..

ഈ നയത്തിന്റെ ലക്ഷ്യം:

- മലയാള ചലച്ചിത്ര മേഖലയുടെ സമഗ്രമായ വളർച്ച

- സിനിമയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് കാര്യക്ഷമത വർദ്ധിപ്പിക്കുക

- ചലച്ചിത്രവ്യവസായത്തിനുള്ളിലെ വ്യവസ്ഥാപിത പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേവലം കേസുകൾ റജിസ്റ്റർ ചെയ്യുന്നതിനേക്കാൾ വിപുലവും ദീർഘകാലാടിസ്ഥാനത്തിലും ഉള്ള ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിട്ടത്. സിനിമാ വ്യവസായത്തിന്റെ അടിസ്ഥാന ഘടനയിലും പ്രവർത്തന രീതിയിലും മാറ്റം കൊണ്ടുവരുന്നതിലൂടെ മാത്രമേ ലക്ഷ്യങ്ങൾ കൈവരിക്കാനാവൂ എന്ന യാഥാർത്ഥ്യം മുന്നിൽ കണ്ടാണ് നയ രൂപീകരണം സാധ്യമാക്കാൻ ശ്രമിക്കുന്നത്.

ഒപ്പം സ്ത്രീകളെ സിനിമാ മേഖലയുടെ പിന്നണി പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതിനടക്കം കാര്യമായ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നതും തത്ഫലമായി കുറേ അധികം സ്ത്രീകൾ സിനിമയുടെ വിവിധ മേഖലകളിൽ ജോലി ചെയ്തു തുടങ്ങി എന്നതും സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന ഒരു സംഗതിയാണ്.

സ്ത്രീകളെ സിനിമ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ മുന്നോട്ട് വച്ച സാമ്പത്തിക സഹായ പദ്ധതി, നമ്മുടെ നാട്ടിലും പുറത്തും നിർമ്മിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടെത്തി അവയ്ക്ക് പ്രത്യേകമായ വേദിയൊരുക്കുന്ന വനിതാഫിലിം ഫെസ്റ്റിവൽ, സിനിമയുടെ സാങ്കേതിക മേഖലകളിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീകൾക്കായി രൂപപ്പെടുത്തിയ പ്രത്യേക പരിശീലനപരിപാടി, IFFK യിൽ പ്രദർശനത്തിനായി സ്ത്രീകളുടെ ചിത്രങ്ങൾക്ക് നല്കുന്ന മുൻഗണന...

മറ്റേതെങ്കിലും സംസ്ഥാനത്ത് സമാനമായ ഇടപെടലുകൾ സർക്കാരുകൾ നടത്തുന്നുണ്ടോ എന്നത് അറിയില്ല.(അറിവുള്ളവർക്ക് പറഞ്ഞു തരാം ) സ്തീകൾ സിനിമാരംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരണമെന്ന് പ്രഖ്യാപനം നടത്തി പോവുകയല്ല ഈ സർക്കാർ ചെയ്യുന്നത്...സാധ്യമായ എല്ലാ ഇടങ്ങളും സ്ത്രീകൾക്കും തുറന്ന് കൊടുത്ത് അവരെ ആ മേഖലക്കായി സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് ചലച്ചിത്ര അക്കാദമിയും KSFDC യും നടത്തുന്നത്.

ഇത്തരം ശ്രമങ്ങൾക്കിടയിൽ അവിടവിടെയായി ചില പാളിച്ചകളുണ്ടാകാറുണ്ടെങ്കിലും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾക്കൊപ്പം ഇത് തിരിച്ചറിയാൻ കഴിയുന്ന എല്ലാ സിനിമാ പ്രവർത്തകരും ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

വിമർശനങ്ങൾ എക്കാലവും നല്ലതാണ്. പക്ഷേ താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്, അല്പസ്വല്പം വസ്തുതകൾ മനസിലാക്കിയിട്ട് വിമർശിക്കുമ്പോൾ വിമർശനത്തിന് ഒരു ബലമുണ്ടാകും. പാർവതി അടക്കമുള്ള തിരിച്ചറിവുള്ള സ്ത്രീകളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com