
ചില സിനിമകൾ ഒരിക്കൽ കണ്ടു കഴിഞ്ഞാൽ രണ്ടാമതൊരു വട്ടം കൂടി കാണാൻ നമുക്ക് ധൈര്യം പോരാതെ വരും. അത്രയധികം ആ സിനിമ നമ്മളെ ഇമോഷണലി ബാധിച്ചിരിക്കും. ദിവസങ്ങളോളം ആ ചിത്രം നമ്മുടെ മനസിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരിക്കും. അത്തരമൊരു ചിത്രമായിരുന്നു 2022 ജൂൺ 10 ന് റീലിസ് ചെയ്ത 777 ചാർലി (777 Charlie). രക്ഷിത് ഷെട്ടി നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് കിരൺരാജ് ആയിരുന്നു.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സിനിമ കണ്ടതിന് ശേഷം നിറകണ്ണുകളോടെ തിയറ്ററിൽ നിന്ന് പുറത്തുവരുന്ന ദൃശ്യം അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ധർമ എന്ന യുവാവിന്റെയും ചാർലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. രക്ഷിത് ഷെട്ടി തന്നെയായിരുന്നു ചിത്രം നിർമിച്ചതും. ചാർലി എന്ന നായക്കുട്ടി തെന്നിന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകരുടെ മനം കവർന്നിട്ട് ഇന്നേക്ക് മൂന്ന് വർഷം തികഞ്ഞിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടി എക്സിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പാണിപ്പോൾ ശ്രദ്ധേയമാകുന്നത്. "777 ചാർലി ഒരു സിനിമയേക്കാൾ ഉപരി, അത് ഞാൻ ജീവിച്ച, ഒരു ബന്ധമാണ്, ഒരു അനുഭവം...ഇന്ന് നമുക്ക് മൂന്ന് വയസ്സ് തികയുമ്പോൾ, ഈ സിനിമ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ഓരോ നിമിഷത്തിലേക്കും ഓരോ സ്നേഹത്തിലേക്കും എന്റെ ഹൃദയം മടങ്ങുന്നു! നന്ദി അല്ലാതെ മറ്റൊന്നുമില്ല"- എന്നാണ് രക്ഷിത് ഷെട്ടി കുറിച്ചിരിക്കുന്നത്.
ചാർലി എന്ന് പേരുള്ള ലാബ്രഡോർ റിട്രീവറാണ് ചിത്രത്തിൽ ചാർലി എന്ന ടൈറ്റിൽ കാരക്ടർ ആയെത്തിയത്. രാജ് ബി ഷെട്ടി, ബോബി സിംഹ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു.
'എൻ സർവമേ...'എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അരവിന്ദ് എസ് കശ്യപ് ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയത്. നോബിൻ പോൾ ആയിരുന്നു സംഗീതമൊരുക്കിയത്. 2017 ലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. 20 കോടി ബജറ്റിലൊരുക്കിയ ചിത്രം 115 കോടി ബോക്സോഫീസിൽ കളക്ട് ചെയ്യുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ