
താന്‍ എഴുതിയ പാട്ടിലെ വരികള്‍ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമര്‍ശിച്ച് ഗാനരചയിതാവ് വൈരമുത്തു (vairamuthu). സോഷ്യല്‍ മീഡിയയിലൂടെയാണ് വൈരമുത്തുവിന്റെ പ്രതികരണം. തന്റെ പ്രശസ്തമായ പല വരികളും സിനിമാപ്പേരുകളായി മാറിയിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
''എന്റെ ഒരുപാട് വരികള്‍ തമിഴ് സിനിമകളുടെ പേരുകളായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും എന്റെ അനുമതി വാങ്ങുകയോ മര്യാദയുടെ ഒരു വാക്കോ ഉണ്ടായിട്ടില്ല'' എന്നാണ് വൈരമുത്തു കുറിപ്പില്‍ പറയുന്നത്. അതേസമയം തന്റേത് കോപ്പി റൈറ്റ് പ്രശ്‌നമല്ലെന്നും തമിഴ് സിനിമാ ലോകത്തെ മര്യാദകേട് ചൂണ്ടിക്കാണിക്കുക മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
''അവര്‍ എന്റെ വരികള്‍ അനുമതിയില്ലാതെ ഉപയോഗിച്ചിട്ടും അവരെ നേരില്‍ കാണുമ്പോള്‍ ഞാന്‍ അതേക്കുറിച്ച് ഒന്ന് ചോദിക്കുക പോലുമുണ്ടായിട്ടില്ല. സ്വത്ത് പങ്കിടാത്തൊരു സമൂഹത്തില്‍ അറിവെങ്കിലും പൊതു മുതലായി മാറുന്നുവെന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു. ഇത് ചെയ്യും മുമ്പ് എന്തുകൊണ്ട് എന്നോട് ചോദിച്ചില്ല എന്ന് ഞാന്‍ ചോദിച്ചാലത് അപമര്യാദയാകും. അതുപോലെ തന്നെ എന്നോട് ഒരു വാക്ക് പോലും ചോദിക്കാത്തതും അപമര്യാദയല്ലേ?'' എന്നാണ് വൈരമുത്തു ചോദിക്കുന്നത്.
പൊന്മാലൈ പൊഴുത്, ഇളയനിലാ, ഊരൈ തെരിഞ്ജിക്കിട്ടേന്‍, പൂവേ പൂച്ചൂട വാ, മൗനരാഗം, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ സിനിമാ പേരുകള്‍ തന്റെ വരികളില്‍ നിന്നും കടം കൊണ്ടവയായി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. വൈരമുത്തുവിന്റെ വിമര്‍ശനം തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഇതിനിടെ വൈരമുത്തുവിന് മറുപടിയുമായി നടന്‍ ആദവ് കണ്ണദാസന്‍ രംഗത്തെത്തി. 2013 ല്‍ പുറത്തിറങ്ങിയ 'പൊന്‍മാലൈ പൊഴുത്' എന്ന സിനിമയുടെ പേരിടുന്നതിന് മുമ്പായി വൈരമുത്തുവിന്റെ അനുമതി വാങ്ങിയിരുന്നുവെന്നാണ് ആദവ് കണ്ണദാസന്‍ പറയുന്നത്. അന്ന് കവിയരസ് കണ്ണദാസന്റെ കൊച്ചുമകന്റെ സിനിമയുടെ പേരായി തന്റെ വരികള്‍ ഉപയോഗിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് വൈരമുത്തു പറഞ്ഞതും ആദവ് ചൂണ്ടിക്കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ