റീ റിലീസുകളുടെ കാലമാണിത്. കോവിഡാനന്തരം തീയേറ്ററുകളെ ഉണര്‍ത്താന്‍ മിക്ക ഇന്‍ഡസ്ട്രികളേയും സഹായിച്ചത് റീ റിലീസുകളാണ്. മലയാള സിനിമയും ആ പാത തിരഞ്ഞെടുത്തത് സ്വാഭാവികം. മലയാളത്തിലെ റീ റിലീസുകളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെത്തുന്നത് മോഹന്‍ലാല്‍ (Mohanlal) സിനിമകള്‍ക്കാണെന്ന് നിസ്സംശയം പറയാം. ദേവദൂതന്‍ മുതല്‍ സ്ഫടികവും മണിച്ചിത്രത്താഴുമൊക്കെ രണ്ടാം വരവില്‍ ആഘോഷിക്കപ്പെട്ട മോഹന്‍ലാല്‍ സിനിമകളാണ്.
ഇപ്പോഴിതാ ഇതുവരെ ഒരു റീ റിലീസിനും ലഭിക്കാത്ത വരവേല്‍പ്പുമായി ഓളം തീര്‍ക്കുകയാണ് മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ. ജൂണ്‍ 6 നാണ് തലയും കൂട്ടരും രണ്ടാം വരവ് നടത്തുന്നത്. ഇതിനോടകം തന്നെ ചിത്രം രണ്ട് കോടിയലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഒരു സിനിമയുടെ റീ റിലീസ് എന്നതിലും ഉപരിയായി, ആരാധകരുടെ പൂരപ്പറമ്പായി മാറുകയാണ് തീയേറ്ററുകള്‍.
തലയ്‌ക്കൊപ്പം ആടിയും പാടിയും പൊട്ടിച്ചിരിച്ചും കയ്യടിച്ചുമൊക്കെ ആഘോഷിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലെങ്ങും തലയുടെ വിളയാട്ടമാണ്. മിക്ക തീയേറ്ററുകളിലും എല്ലാ ഷോകളും ഹൗസ് ഫുള്ളായി ഓടുന്നു, പലയിടത്തും ഷോകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്. 18 വര്‍ഷം മുമ്പിറങ്ങിയൊരു സിനിമയാണ് ഈ ഓളമത്രയും ഉണ്ടാക്കുന്നതെന്ന് ഓര്‍ക്കണം. ഒരുപക്ഷെ, മോഹന്‍ലാലിന് മാത്രം സാധിക്കുന്നൊരു മാജിക്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ മോഹന്‍ലാല്‍ സിനിമകളുടെ റീ റിലീസുകളും അണിയറയിലൊരുങ്ങുന്നുണ്ട്. തീയേറ്ററില്‍ വാസ്‌കോയും കൂട്ടരുമുണ്ടാക്കിയ ഓളം അവസാനിക്കും മുമ്പേ ഉദയന്‍ എത്തും. 2005 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഉദയനാണ് താരം റീ റിലീസിനെത്തുന്നത് ഈ മാസം 20 നാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ശ്രീനിവാസന്റെ സരോജ് കുമാറിന്റെ പേരിലും ഓര്‍മ്മിക്കപ്പെടുന്നതാണ്.
ഇങ്ങനെ ഒന്നിന് പിന്നാലെ ഒന്നായി മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളില്‍ ആവേശം വിതറുമ്പോള്‍ ആരാധകരുടെ മനസിലും ആഗ്രഹങ്ങള്‍ മൊട്ടിടുകയാണ്. വിജയിച്ചതും പരാജയപ്പെട്ടതുമായ പല മോഹന്‍ലാല്‍ സിനിമകളുടേയും റീ റിലീസുകള്‍ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രം. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തില്‍ മംഗലശ്ശേരി നീലകണ്ഠനായും മകന്‍ എംഎന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ തകര്‍ത്താടുകയായിരുന്നു. മാസ് എന്റര്‍ടെയ്‌നറായ സിനിമയിലെ പാട്ടുകളും വന്‍ ഹിറ്റുകളായിരുന്നു. തകില് പുകിലിന് ചുവടുവെക്കുന്ന ആരാധകരെ ഇപ്പോഴേ മനസില്‍ കാണാം.
മാസും ക്ലാസും ഒരുപോലെ സംഗമിച്ച ജോഷി ചിത്രമാണ് നരന്‍. മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ കഥാപാത്രവും പ്രകടനും ഇന്നും ആരാധകരുടെ മനസിലുണ്ട്. തീയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വേലായുധന് നിഷ്പ്രയാസം സാധിക്കുമെന്നുറപ്പ്.
ഛോട്ടാ മുംബൈ പോലെ മോഹന്‍ലാലിന്റെ 'അഴിഞ്ഞാട്ടം' കണ്ട കോമഡി ചിത്രമാണ് ഹലോ. തുടക്കം മുതല്‍ അവസാനം വരെ ചിരിച്ചുല്ലസിച്ചു കാണാന്‍ സാധിക്കുന്ന സിനിമ. റാഫി-മെക്കാര്‍ട്ടിന്‍ ജോഡിയുടെ ഭാവനയിലെ മോഹന്‍ലാല്‍ ഈ കാലത്തും ഓളം തീര്‍ക്കുമെന്നതില്‍ സംശയമില്ല.
മാസിന് ഒരു ആള്‍രൂപമുണ്ടെങ്കില്‍ അത് പൂവള്ളി ഇന്ദുചൂഡനാണ്. തീപ്പൊരി ഡയലോഗുകളും ആക്ഷനും പാട്ടും ഡാന്‍സുമൊക്കെയായി 2000 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും ആവേശം കൊള്ളിക്കുന്നതാണ്. മമ്മൂട്ടിയുടെ ഐക്കോണിക് കാമിയോയും ഉണ്ടെന്നതും ശ്രദ്ധേയം. മുമ്പ് പലപ്പേഴോയി റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഇനി വന്നാലും നിറഞ്ഞ സദസില്‍ ഓടുമെന്ന് ഉറപ്പുള്ള സിനിമയാണ് നരസിംഹം.
മോഹന്‍ലാലിന്റെ കള്‍ട്ട് ക്ലാസിക് ചിത്രമാണ് ചന്ദ്രോല്‍സവം. മാസ് സിനിമകളൊരുക്കിയ മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ സ്ലോ ബേണര്‍. ഒരിക്കലെങ്കിലും ചന്ദ്രോത്സവത്തിലെ ഡയലോഗുകള്‍ ജീവിതത്തില്‍ പറയാത്തവരുണ്ടാകില്ല. ഈ ചിത്രം റി റിലീസ് ചെയ്താല്‍ പലര്‍ക്കുമതൊരു നൊസ്റ്റാള്‍ജിക് ട്രിപ്പായി മാറുമെന്നതില്‍ സംശയമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ