
ഇന്ത്യന്‍ സിനിമയുടെ അതിരുകള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുകയും ഹോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത താരമാണ് പ്രിയങ്ക ചോപ്ര (Priyanka Chopra). ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മ ദിവസം പ്രിയങ്ക ചോപ്ര പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പ്രിയങ്കയുടെ അച്ഛന്റെ 12-ാം ചരമ വാര്‍ഷിക ദിവസമായിരുന്നു കടന്നുപോയത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് 2013 ലാണ് പ്രിയങ്കയുടെ പിതാവ് അശോക് ചോപ്ര മരിച്ചത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രിയങ്ക അച്ഛനെ ഓര്‍ത്തത്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. 'എല്ലാ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നുണ്ട് ഡാഡ്' എന്നാണ് ചിത്രത്തോടൊപ്പം പ്രിയങ്ക കുറിച്ചിരിക്കുന്നത്. അച്ഛനൊപ്പം മഞ്ഞില്‍ കളിക്കുന്ന കുഞ്ഞു പ്രിയങ്കയെ ചിത്രത്തില്‍ കാണാം. അച്ഛനുമായി വളരെ ആഴത്തിലുള്ള അടുപ്പമുണ്ടായിരുന്നു പ്രിയങ്കയ്ക്ക്. അതുകൊണ്ട് തന്നെ ആ വിയോഗം താരത്തിന് ഇന്നും വേദന നല്‍കുന്നുണ്ട്.
മുമ്പൊരിക്കല്‍ റീഡ് ദ റൂം പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോള്‍ അച്ഛന്റെ ഓര്‍മ്മകളെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു. അച്ഛന്‍ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും തന്നെ വിട്ടു പോകില്ലെന്നും ആ വേദന തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നുമാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.
''അച്ഛന്‍ മരിച്ച ശേഷം ആ വേദന ഒരിക്കലും ഇല്ലാതാകില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഞാന്‍ പതുക്കെ എത്തിച്ചേര്‍ന്നു. അത് നമ്മുടെ സന്തതസഹചാരിയാണ്. വേദന കുറയുകയോ, അത് നമ്മളെ ബാധിക്കാതിരിക്കുകയോ ചെയ്യുന്നൊരു ദിവസത്തിലേക്കായാണ് കാത്തിരിക്കുന്നതെങ്കില്‍ അങ്ങനൊരിക്കലും മറികടക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത് നമ്മുടെ സന്തതസഹചാരിയായി മാറും'' എന്നാണ് പ്രിയങ്ക അന്ന് പറഞ്ഞത്.
അതേസമയം കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ പ്രിയങ്കയുടേതായി അണിയറയിലുണ്ട്. ജോണ്‍ സീന, ഇദ്രിസ് എല്‍ബ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്' ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ജൂലൈ രണ്ടിന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സിനിമയുടെ റിലീസ്. 'ദ ബ്ലഫ്', 'സിറ്റഡല്‍' സീരീസിന്റെ രണ്ടാം സീസണ്‍ തുടങ്ങിയവയും അണിയറയിലുണ്ട്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ എത്താനുള്ള ഒരുക്കത്തിലുമാണ് പ്രിയങ്ക ചോപ്ര. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ മടങ്ങി വരവ്. ഈ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായി പ്രിയങ്ക മാറിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ