
നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം ഉറ്റു നോക്കുന്ന താരമാണ് ബേസില്‍ ജോസഫ് (Basil Joseph). സംവിധാനം ചെയ്ത സിനിമകളെല്ലാം ഒന്നിന് ഒന്ന് മികച്ചതാക്കാന്‍ ബേസിലിലെ സംവിധായകന് സാധിച്ചിട്ടുണ്ട്. സമീപകാലത്തായി മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച നടന്മാരില്‍ ഒരാള്‍ കൂടിയാണ് ബേസില്‍ ജോസഫ്.
ബേസിലിലെ സംവിധായകനേയും നടനേയും മറ്റ് ഭാഷകളിലെ പ്രൊഡക്ഷന്‍ ഹൗസുകളും നോട്ടമിട്ടിരിക്കുന്നുവെന്നത് വസ്തുതയാണ്. അധികം വൈകാതെ ബേസില്‍ സംവിധായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേ നാളുകളായി സജീവമാണ്. രണ്‍വീര്‍ സിംഗ് നായകനാകുന്ന സൂപ്പര്‍ ഹീറോ ചിത്രം ശക്തിമാന്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ ചില വാര്‍ത്തകള്‍ പുറത്ത് വരികയാണ്.
രണ്‍വീറിന് പകരം ശക്തിമാനായി എത്തുക തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഗീത ആര്‍ട്ട്‌സ് സംവിധാനം ചെയ്യുന്ന സിനിമയുമായി രണ്ട് രാജ്യാന്തര പ്രൊഡക്ഷന്‍ ഹൗസുകളും സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനാല് ഇന്‍ഡസ്ട്രികള്‍ ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാകും ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുഷ്പ പരമ്പരയുടെ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. ശക്തിമാനിലൂടെ അല്ലു അര്‍ജുന്‍ ബോളിവുഡിലും അരങ്ങേറും. കഴിഞ്ഞ കുറേ നാളുകളായി ബേസില്‍ ശക്തിമാന്റെ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. അല്ലുവും ബേസിലും ഒരുമിക്കുക എന്നത് തന്നെ മലയാളികള്‍ക്കും ആവേശം പകരുന്ന വാര്‍ത്തയാണ്. അത് ശക്തിമാന്‍ പോലൊരു സിനിമയ്ക്ക് വേണ്ടിയാകുമ്പോള്‍ ആകാംഷ വാനോളം ഉയരുമെന്നതില്‍ സംശയമില്ല.
നടന്‍ എന്ന നിലയില്‍ ബേസില്‍ ജോസഫ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈയ്യടുത്തിറങ്ങിയ പൊന്മാന്‍, മരണമാസ് തുടങ്ങിയ സിനിമകളിലെ ബേസിലിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. അതേസമയം താന്‍ അഭിനയത്തില്‍ ചെറിയൊരു ഇടവേളയെടുക്കുകയാണെന്ന് ഈയ്യടുത്ത് ബേസില്‍ പറഞ്ഞിരുന്നു. സംവിധാനത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് താരമെന്നാണ് കരുതപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates