നസ്‌ലെനോട് ആര്‍ക്കാണിത്ര വെറുപ്പ്? സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും വസ്തുതയും

നസ്‌ലെനെതിരെ സംഘടിതമായ സൈബര്‍ ആക്രമണം
Naslen
Naslenഫയല്‍
Updated on
2 min read

മലയാള സിനിമയിലെ യുവനായകന്മാരിലെ മിന്നും താരമാണ് നസ്‌ലെന്‍ (Naslen ). സിനിമാ പശ്ചാത്തലമൊന്നുമില്ലാതെ സിനിമയിലെത്തിയ നടന്‍. ബാലതാരമായി കടന്നുവന്ന് പതിയെ നായക നിരയിലേക്ക്. ഇന്ന് മലയാളത്തിലെ ഏറ്റവും ബാങ്കബിള്‍ ആക്ടര്‍മാരില്‍ ഒരാളാണ് നസ്‌ലെന്‍. പോയവര്‍ഷം പ്രേമലുവിലൂടെ പാന്‍ ഇന്ത്യന്‍ വിജയം കൈവരിച്ച നസ്‌ലെന്‍ ബോക്‌സ് ഓഫീസില്‍ പല വമ്പന്മാരേയും പിന്നിലാക്കി.

ഈ വിഷുക്കാലത്ത് മലയാളം ബോക്‌സ് ഓഫീസ് ഭരിച്ചത് നസ്‌ലെന്റെ ആലപ്പുഴ ജിംഖാനയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്കയേയും മിന്നും ഫോമിലുള്ള ജനപ്രീയ താരം ബേസില്‍ ജോസഫിനേയുമാണ് നസ്‌ലെന്‍ ചിത്രം പരാജയപ്പെടുത്തിയത്. ഭാവിയില്‍ മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്നവരുടെ കൂട്ടത്തില്‍ തലപ്പൊക്കത്തോടെ നസ്‌ലെനും ഉണ്ടാകുമെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ കാണുന്നത് മറ്റൊന്നാണ്. ഒന്നിന് പിറകെ ഒന്നായി നസ്‌ലെനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. ഒട്ടും കാമ്പില്ലാത്തതും, എന്നാല്‍ കൃത്യമായ പ്ലാനോടു കൂടിയുള്ള മാസ് ഹേറ്റ് ക്യാംപെയ്ന്‍ തന്നെ നസ്‌ലെനെതിരെ നടക്കുന്നുണ്ട്.

പ്രേമലുവിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്. ഈ ജൂണിലായിരുന്നു ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത സിനിമ പ്രേമലു 2 അല്ലെന്നും മറ്റൊരു സിനിമ ആയിരിക്കുമെന്നും അറിയിക്കുന്നത്.

ഇതോടെ പ്രേമലു 2 ഉപേക്ഷിച്ചുവെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായി. അതിന്റെ കാരണക്കാരനായി നസ്‌ലെനെ ചിത്രീകരിക്കുന്ന തരത്തില്‍ നരേറ്റിവുകളുണ്ടായി. പക്ഷെ പ്രേമലു 2 വൈകുമെന്നതല്ലാതെ ഉപേക്ഷിച്ചതായി ദിലീഷ് പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. അഥവാ ഉപേക്ഷിച്ചാല്‍ പോലും അതിലൊരു അസാധാരണത്വവുമില്ല.

പിന്നാലെയാണ് ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയില്‍ നസ്‌ലെനെ പുറത്താക്കിയെന്ന വാര്‍ത്ത പ്രചരിക്കുന്നത്. ആസിഫ് അലിയേക്കാള്‍ പ്രതിഫലം നസ്‌ലെന്‍ ചോദിച്ചുവെന്നായിരുന്നു കാരണമായി പറയപ്പെട്ടത്. തുടര്‍ന്ന് വിജയങ്ങളിലൂടെ നേടിയെടുത്ത മാര്‍ക്കറ്റ് വാല്യൂ നസ്‌ലെനെ അഹങ്കാരിയാക്കിയെന്നാണ് വിമര്‍ശക വാദം. എന്നാല്‍ ഈ വാര്‍ത്തയുടെ മുനയൊടിച്ചത് ടിക്കി ടാക്കയുടെ എഴുത്തുകാരില്‍ ഒരാളായ നിയോഗ് തന്നെയാണ്. നസ് ലെന്റെ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു നിയോഗിന്റെ മറുപടി. നസ്‌ലെന്റെ കഥാപാത്രത്തിന്റെ പേര് ഗാറ്റ്‌സ്ബി എന്നാണെന്നും നിയോഗ് സൂചിപ്പിക്കുന്നുണ്ട്. ഹേറ്റേഴ്‌സ് ഗൊണ ഹേറ്റ് എന്ന ഹാഷ് ടാഗോടു കൂടിയാണ് നിയോഗിന്റെ പ്രതികരണം.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക്കിന്റെ മോളിവുഡ് ടൈംസിന്റേതായിരുന്നു അടുത്ത ഊഴം. ഈ ചിത്രത്തില്‍ നിന്നും നസ്‌ലെന്‍ പിന്മാറിയെന്ന പ്രചരണത്തെ പൊളിച്ചത് സംവിധായകന്‍ തന്നെയാണ്. നസ്‌ലെനൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ട് സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അഭിനവ് വ്യക്തമാക്കി.

ഇത്തരത്തില്‍ 'അഹങ്കാരം' കൊണ്ടും തിരക്കഥ തിരുത്താന്‍ പറഞ്ഞുമൊക്കെ നസ്‌ലെന്‍ മൂന്ന് ദിവസത്തിനുള്ളില്‍ വേണ്ടെന്നു വെച്ചതും പുറത്താക്കപ്പെട്ടതുമായ സിനിമകള്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയയിലെ വ്യാജ പേജുകള്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുകയാണ്. പക്ഷെ ഈ പ്രചരണങ്ങളുടെയൊക്കെ മുനയൊടിയുന്നതും വൈകാതെ കണ്ടു.

ഇതിനിടെ നസ്‌ലെനെ മറ്റൊരു യുവനടനായ സന്ദീപ് പ്രദീപുമായി താരതമ്യം ചെയ്യുന്ന കുറിപ്പുകളും കുന്നുകൂടുന്നുണ്ട്. ആരാധകര്‍ക്കിടയിലെ ഫാന്‍ ഫൈറ്റുകള്‍ സിനിമ ഒരു വ്യവസായമായ കാലം മുതലുള്ള ഒന്നാണ്. തങ്ങളുടെ പ്രിയ താരത്തെ പുകഴ്ത്തുകയും മറ്റുള്ളവരെ താഴ്ത്തുകയും ചെയ്യുന്ന ആരാധകര്‍ പതിവ് കാഴ്ചയാണ്. എന്നാല്‍ നസ്‌ലെനേയും സന്ദീപിനേയും മുഖാമുഖം നിര്‍ത്തിയുള്ള ഈ താരതമ്യം ചെയ്യലുകള്‍ നിഷ്‌കളങ്കമല്ല.

നസ്‌ലെനും സന്ദീപും ആലപ്പുഴ ജിംഖാനയില്‍ ഒരുമിച്ച് അഭിനയിച്ചവരും അടുത്ത സുഹൃത്തുക്കളുമാണ്. നസ്‌ലെനുമായി തനിക്കുള്ളത് സഹോദരനോടുള്ള അടുപ്പമാണെന്നാണ് ഈയ്യടുത്തൊരു അഭിമുഖത്തില്‍ സന്ദീപ് പ്രദീപ് പറഞ്ഞത്. ഒരേ വഴിയിലൂടെ വന്നവരെന്ന നിലയില്‍ തങ്ങള്‍ക്കിടയിലുള്ള പരസ്പര ബഹുമാനവും താരം ഓര്‍ക്കുന്നുണ്ട്. തന്നേക്കാള്‍ മുമ്പേ വന്നവനെന്ന നിലയില്‍ തനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും നസ്‌ലെന്‍ തയ്യാറാകാറുണ്ടെന്നും സന്ദീപ് പറഞ്ഞിരുന്നു.

അതേസമയം നസ്‌ലെന്‍ തീര്‍ന്നുവെന്നല്ലാം എഴുതുന്നവര്‍ക്ക് നസ്‌ലെന്റെ ആരാധകര്‍ മറുപടി നല്‍കുന്നത് താരത്തിന്റെ ലൈനപ്പ് ചൂണ്ടിക്കാണിച്ചാണ്. ടിക്കി ടാക്കയ്ക്കും മോളിവുഡ് ടൈംസിന് പുറമെ കുമ്പളങ്ങി നൈറ്റ്‌സ് സംവിധായകന്‍ മധു സി നാരായണന്റെ പുതിയ സിനിമ, അല്‍ത്താഫ് സലീം ചിത്രം എന്നിവയും നസ്‌ലെന്റേതായി അണിയറയിലുണ്ട്. അതായാത് നസ്‌ലെന്റെ കരിയറിനും അവസരങ്ങള്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന് സാരം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഘടിതമായൊരു സൈബര്‍ ആക്രണം നസ്‌ലെന്‍ നേരിടേണ്ടി വരുന്നത്? ആരാണ് ഇതിന് പിന്നില്‍? സിനിമയേയും അതിന്റെ വിശാലമായ ആകാശത്തേയും സ്‌നേഹിക്കുന്നവര്‍ ചിന്തിക്കണം. ഉത്തരം എന്ത് തന്നെയായാലും അവരുടെ ലക്ഷ്യം മലയാള സിനിമയുടെ നല്ല നടപ്പല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com