
കിങ് ഓഫ് കൊത്തയ്ക്ക് ശേഷം നടൻ ദുൽഖർ സൽമാനോട് ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യങ്ങളിലൊന്നായിരുന്നു 'എന്നാണ് ഇനി മലയാളത്തിലേക്ക്' എന്ന്. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള ഉത്തരമായിരിക്കുകയാണ്. ദുൽഖറിന്റെ പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഐ ആം ഗെയിം എന്നാണ് ചിത്രത്തിന്റെ പേര്.
മുറിവേറ്റ ഒരു കൈയിൽ ബോളും മറു കൈയിൽ ചീട്ടും പിടിച്ചു നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണാനാവുക. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണിത്. ദുൽഖറും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രം കൂടിയാണിത്. നഹാസിനൊപ്പം ദുൽഖർ കൂടി ചേരുമ്പോൾ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.
സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കര്‍ ആണ് ദുൽഖറിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക