

ജാതി വെറിയും ജാതിയുടെ പേരിലുള്ള മാറ്റി നിർത്തലുകളും പരിഹാസങ്ങളുമൊക്കെ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് അടിവരയിട്ടു പറയുന്നുണ്ട് 'അരിക്' എന്ന സിനിമ. ജാതിയുടെ പേരിലുള്ള പാരമ്പര്യ വാദങ്ങളും ജാതിയുടെ പേരിലുള്ള സവർണ ബോധത്തിലേക്കും കേരളത്തിലുള്ളവർ തിരിച്ചു വരുന്നു എന്ന് മാധ്യമപ്രവർത്തകനും സംവിധായകനുമായ വിഎസ് സനോജ് 'അരിക്' എന്ന സിനിമയിലൂടെ പ്രേക്ഷകന് മുന്നിലെത്തിക്കുന്നു. അരികിന്റെ വിശേഷങ്ങൾ പങ്കുവച്ച് വിഎസ് സനോജ്.
തമിഴിൽ ജാതി രാഷ്ട്രീയം പറയുന്ന നിരവധി സിനിമകളുണ്ടായിട്ടുണ്ട്. മലയാളത്തിൽ അത്തരം സിനിമകൾ കുറവാണ്. എന്തുകൊണ്ടാണങ്ങനെ?
ഇക്കാര്യത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട്. തമിഴ്നാടിന്റെ സാമൂഹിക സാഹചര്യമല്ല കേരളത്തിലുള്ളത്. വേറൊരു തരത്തിലുള്ള ജാതി ചിന്തയാണ് കേരളത്തിലേത്. അത് കുറേക്കൂടി അടിത്തട്ടിൽ ഉണ്ട് എന്ന് മാത്രമേയുള്ളൂ. എല്ലായിടത്തും അത് അത്ര പ്രത്യക്ഷമല്ല. ദുരഭിമാനക്കൊലയും ആത്മഹത്യയുമൊക്കെ ഇവിടെ നടക്കുന്നുണ്ടെങ്കിൽ പോലും തമിഴ്നാട്ടിൽ അങ്ങനെയല്ല.
ജാതി വൈലൻസും ജാതിയുടെ പേരിലുള്ള കൊലകളും ഒരു ജയിലിനുള്ളിൽ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ ഒരാളെ മാറ്റി പാർപ്പിക്കുന്ന തരത്തിലുള്ള അഗ്രസീവ് ജാതി ചിന്തയാണ് അവിടെയുള്ളത്. അത്തരമൊരു സാഹചര്യമല്ല കേരളത്തിലുള്ളത്. കേരളത്തിൽ കുറേക്കൂടി ലിബറലും സെക്കുലറുമായ രീതിയിൽ തന്നെയാണ് പോകുന്നത്. പക്ഷേ ഉള്ളിന്റെയുള്ളിലുള്ള ജാതീയത വേറൊരു തരത്തിലുള്ള ഒരു അണ്ടർലൈൻ ഫോഴ്സ് ആയിട്ടാണ് ഇവിടെ വർക്ക് ചെയ്യുന്നത്.
സൗഹൃദങ്ങളുടെ കാര്യത്തിൽ നമ്മുക്ക് ജാതിയില്ല, പക്ഷേ വിവാഹം കഴിക്കുന്ന കാര്യത്തിൽ ജാതിയെക്കുറിച്ച് ആലോചിക്കും. ജാതിക്കൊല, ദുരഭിമാനക്കൊലയൊക്കെ ഇവിടെ അപൂർവമായാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ തമിഴിന്റെ അനുഭവവും അവരുടെ ആഖ്യാനവും വേറെയാണ്. അവിടെ അത്തരം സിനിമകൾ വരുന്നതും ഇവിടെ സംഭവിക്കാത്തതും ഒരു കുഴപ്പമാണെന്ന് പറയാൻ കഴിയില്ല. കേരളത്തിലെ സാഹചര്യം കുറച്ചു കൂടി വ്യത്യസ്തം തന്നെയാണ്.
പാരമ്പര്യ വാദങ്ങളും ജാതിയുടെ പേരിലുള്ള സവർണ ബോധത്തിലേക്കും കേരളം തിരിച്ചുവരുന്നു
ജാതിയുടെ പേരിലുള്ള പാരമ്പര്യ വാദങ്ങളും ജാതിയുടെ പേരിലുള്ള സവർണ ബോധത്തിലേക്കും കേരളത്തിലുള്ളവർ തിരിച്ചു വരുന്നു എന്നതാണ് പോയ്ന്റ്. ജാതി, തറവാടിത്തം ഇത്തരം കാര്യങ്ങളിലാണ് കേരളത്തിൽ ഇത് വർക്ക് ചെയ്യുന്നത്. ഒരു പ്രണയത്തിലോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിലോ ഒന്നും ജാതി ചിന്തയുണ്ടാകില്ല, പക്ഷേ വിവാഹത്തിലോ അല്ലെങ്കിൽ മരണാനന്തര ചടങ്ങുകളിലോ മരണത്തിലോ ഒക്കെ ജാതി കടന്നുവരും.
കൾച്ചറലി ആണ് നമ്മളിലേക്ക് ജാതി കടന്നുവരുന്നത്. അതായത് നമ്മുടെ ചോയ്സുകളിലൂടെയോ ഇഷ്ടാനിഷ്ടങ്ങളിലൂടെയോ ഒക്കെ എല്ലാ അർഥത്തിലും അതിങ്ങനെ നമ്മുടെ ഇടയിൽ കളിച്ചു കൊണ്ടിരിക്കും. പക്ഷേ നമ്മുക്കത് വലിയ മോഡിൽ കാണാൻ പറ്റുകയുമില്ല. ആ രീതിയിലാണ് അത് വർക്ക് ചെയ്യുന്നത്. അതിനെ സമീപിക്കുന്ന രീതി മാറി തന്നെ ചിന്തിക്കേണ്ടി വരും.
കേരളം മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തം തന്നെയാണ്. തമിഴിൽ പക്ഷേ ഇതല്ല അവസ്ഥ. അവിടുത്തേ പോലെ വളരെ അഗ്രസീവ് ആയ ഒരു സംഭവം ഇവിടെ സിനിമയിൽ ചെയ്താൽ, 'ഇത് എവിടെ നടന്ന സംഭവമാണെന്ന്' ചിലപ്പോൾ പ്രേക്ഷകർക്ക് തോന്നിയേക്കാം. മാത്രമല്ല ഓരോരുത്തരുടെ അനുഭവത്തിന് അനുസരിച്ചും വ്യത്യാസങ്ങൾ വരാം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജാതിയും അരികും
കേരളത്തിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ല എന്നല്ല പറയുന്നത്. മദ്രാസ് ഐഐടിയിൽ ഒരുപാട് അധ്യാപകർ ജോലി രാജിവച്ച് പോയ അവസ്ഥയുണ്ടായിട്ടുണ്ട്. കെവിന്റെ കേസ് മാത്രം വച്ച് കേരളത്തിലെ കാര്യങ്ങൾ പറയാതെ കുറച്ചു കൂടി ഒരു വലിയ തലത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അവിടെ പ്രത്യക്ഷത്തിൽ നടക്കുന്ന ഒരു കാര്യം ഇവിടേക്ക് വരുന്നു എന്ന് പറയാനാണ് നമ്മൾ ശ്രമിക്കുന്നത്.
അതിനർഥം ഇവിടെയൊന്നുമില്ല, ഇവിടെ ഒന്നും സംഭവിക്കുന്നില്ല, ഇവിടം പരിശുദ്ധമാണ് എന്നല്ല. കേരളത്തിൽ ജാതീയത വളരെ ശക്തമായി അതിന്റെ എല്ലാ വേരുകളിലൂടെയും തിരിച്ചെത്തി എന്ന് പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. അതിന് ഞാൻ ഇവിടെയൊരു വലിയ ആത്മഹത്യയോ കൊലപാതകമോ കാണിക്കേണ്ട ആവശ്യമില്ല.
ആ തരത്തിലേക്ക് അത് രൂപപ്പെട്ട് വരാൻ പോകുന്നതേയുള്ളൂ. വളരെ കുറച്ച് ദുരഭിമാന കൊലകളേ നമ്മൾ കണ്ടിട്ടുള്ളൂ. പക്ഷേ അവിടെ നിസാര കാര്യത്തിന് പിറ്റേന്ന് രാവിലെ ഒരുത്തനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് അല്ലെങ്കിൽ ഒരു ലോകത്തിലേക്കാണ് അവർ പഠിക്കാൻ പോകുന്നത്. 'അവിടെ പോയാൽ കുറച്ചു കൂടി നന്നായിരിക്കുമെന്ന്' വളരെ നിഷ്കളങ്കമായി ആ അമ്മ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവിടുത്തെ അവസ്ഥ വളരെ ഭീകരമാണ്. തിരിച്ച് ഇവിടേക്ക് വരുമ്പോൾ ഇവിടെയും ജാതി വേറൊരു തരത്തിൽ ഭീകരമായി വരുന്നു എന്ന് സിനിമ ക്ലൈമാക്സ് സീനിൽ കാണിക്കുന്നുമുണ്ട്.
കോരനെപ്പോലെയൊരു നായകനെ നമ്മൾ മുൻപ് കണ്ടിട്ടില്ല. ശക്തമായ നിലപാടുള്ള ഒരു കഥാപാത്രം കൂടിയാണത്
കുന്നംകുളത്ത് അല്ലെങ്കിൽ എന്റെ നാട്ടിൽ അങ്ങനെയൊരു കഥാപാത്രം ഉണ്ടായിരുന്നിരിക്കണം എന്ന സങ്കൽപ്പത്തിൽ നിന്നാണ് കോരൻ എന്ന കഥാപാത്രമുണ്ടാകുന്നത്. നമ്മൾ മുൻപ് പറഞ്ഞു കേട്ടിട്ടുള്ളതോ കണ്ടിട്ടുള്ളവരോ ഒക്കെയായിട്ടുള്ളവരുടെ എലമെന്റ്സ് ആ കഥാപാത്രത്തിലുണ്ട്. അങ്ങനെയാണ് ആ സാങ്കൽപ്പിക കഥാപാത്രമുണ്ടാകുന്നത്.
പലരിൽ കണ്ടിട്ടുള്ള കുറേ എലമെന്റ്സ് ചേർത്താണ് ശങ്കരനെയും നമ്മൾ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. സെന്തിലിനെ ആയിരുന്നില്ല ആ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്. 'കുറ്റവും ശിക്ഷയും' എന്ന സിനിമയുടെ സെറ്റിൽ സെന്തിലിനെ കണ്ടിട്ടുണ്ട്. കുറ്റവും ശിക്ഷയും സിനിമയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന രാജേഷ് ആണ് സെന്തിലിനെ സജസ്റ്റ് ചെയ്യുന്നത്.
തുറമുഖം, കുറ്റവും ശിക്ഷയും തുടങ്ങിയ സിനിമയിലൊക്കെ വ്യത്യസ്ത ഗെറ്റപ്പിലാണ് സെന്തിലിനെ കാണുന്നത്. അങ്ങനെയാണ് സെന്തിലിനെ തീരുമാനിക്കുന്നത്. വെളുത്ത ഒരു ദളിത് മനുഷ്യനുണ്ടാകുന്ന അനുഭവങ്ങളിലൂടെ കടന്നു പോകുന്നയാളാണ് ശങ്കരൻ. കറുത്ത ദളിത് മനുഷ്യനുണ്ടാകുന്ന അനുഭവവും വെളുത്ത ദളിത് മനുഷ്യനുണ്ടാകുന്ന അനുഭവവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഓരോ സാഹചര്യത്തിലും ആളുകൾ അവരെ കാണുന്ന രീതിയ്ക്കുമൊക്കെ വ്യത്യാസമുണ്ട്. അങ്ങനെയൊരാളെ അല്ലെങ്കിൽ ഇർഷാദിന്റെ കാസ്റ്റിങ് ബോധപൂർവമെടുത്ത ഒന്നായിരുന്നു.
ജാതിയെ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ കൃത്യമായി അഭിസംബോധന ചെയ്തിട്ടുണ്ടോ?
ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ ഘടനയിൽ മാറ്റം വന്നിട്ടില്ല. കേരളത്തിന് പുറത്ത് പ്രത്യേകിച്ച്. ജാതിക്കനുസരിച്ചുള്ള കൂലി സമ്പ്രദായമൊക്കെ ഇവിടെ നേരത്തെ തന്നെ ഇല്ലാതായി. ഭൂപരിഷ്കരണവുമൊക്കെ ഒരുപരിധി വരെ അതിന് കാരണമാണ്. ഭൂപരിഷ്കരണവും സാമൂഹിക നവോത്ഥാനവുമൊക്കെ ഉണ്ടാക്കിയ മാറ്റം, കമ്മ്യൂണിസ്റ്റ് പാർട്ടിയുൾപ്പെടെ കൊണ്ടുവന്ന പരിഷ്കരണങ്ങളും മിഷനറി സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളുമൊക്കെ കൊണ്ടുവന്നതൊക്കെ വിദ്യാഭ്യാസമുള്ള ഒരു സമൂഹമായി നമ്മളെ മാറ്റി.
അങ്ങനെയല്ല ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലുമൊന്നും. ഒരു ധാരയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങുന്ന ഒരു കാലത്ത്, വേർതിരിവുകളില്ലാതെ ജീവിക്കുന്ന സമയത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുൾപ്പെടെ കടന്നുവരുകയും ഒരു പ്രക്ഷോഭത്തിലേക്ക് കടക്കുന്ന രീതിയിലേക്കൊക്കെ കേരളത്തിലെ സാമൂഹികാന്തരീക്ഷം മാറിയത്. അങ്ങനെ അല്ല മറ്റിടങ്ങളിൽ.
പണ്ടു മുതലേ ഭീകരമായ ഒരു വേർതിരിവ് അവിടെയൊക്കെയുണ്ട്. ഒരു ഗ്രാമത്തിൽ ഒരു വിഭാഗം ആളുകൾ താമസിക്കുന്നു, മറ്റൊരു ഗ്രാമത്തിൽ വേറൊരു വിഭാഗവും, അങ്ങനെയാണ്. ഭൂപരിഷ്കരണം നടന്നിട്ടില്ലാത്തതു കൊണ്ട് തന്നെ അവിടെ ഇപ്പോഴും ഭൂവുടമകളാണുള്ളത്, ഒരു പ്രത്യേക വിഭാഗം അവിടെയിപ്പോഴും ഭൂവുടമകളാണ്. ജാതി തട്ടുകളൊക്കെ അതേപോലെ തുടരുകയാണ്. ഇത്തരം കാര്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ രാഷ്ട്രീയ പാർട്ടികളെല്ലാം പരാജയമാണ്. അതിൽ സംശയമൊന്നുമില്ല. കുറച്ചെങ്കിലും അതൊക്കെ മാറിയത് ഭൂപരിഷ്കരണം കൊണ്ടാണ്. അതാണ് കേരളത്തിൽ കുറേയൊക്കെ മാറ്റമുണ്ടാക്കിയത്.
മേക്കിങ് എങ്ങനെയായിരുന്നു?
ഒരു ആർട്ട് സിനിമ അല്ലെങ്കിൽ പൊളിറ്റിക്സ് സംസാരിക്കുന്ന സിനിമയിലൊക്കെ കുറച്ച് ലാഗ് വേണമെന്നൊക്കെ ആളുകൾക്കൊരു തെറ്റിദ്ധാരണയുണ്ട്. അതിന്റെ ആവശ്യമൊന്നുമില്ല, ആളുകൾ സിനിമ കാണട്ടേ. നമ്മൾ പറയുന്ന പൊളിറ്റിക്സും കഥയും കഥാലോകവുമൊക്കെ ആളുകൾക്ക് മനസിലാകണമെങ്കിൽ അവരത് കാണണം. അത് കാണാൻ കുറച്ചു കൂടി എൻഗേജിങ് ആക്കി നിർത്തുക എന്നത് എന്റെയൊരു ആഗ്രഹമായിരുന്നു.
വലിയ ലാഗുള്ള ഒരു ആർട്ട് പടം കാണണമെന്ന സങ്കൽപ്പത്തിലുള്ള ഒരാളല്ല ഞാൻ. അതുകൊണ്ട് തന്നെ ആളുകൾക്ക് അത്യാവശ്യം കഥയിലൂടെ സഞ്ചരിക്കാൻ പറ്റുന്ന തരത്തിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹമുണ്ടായിരുന്നു. ബോധപൂർവം തന്നെയാണ് ഫാസ്റ്റ് കട്ടിലേക്കൊക്കെ നമ്മൾ പോയത്. കാലഘട്ടം പോലും സിനിമയിൽ പെട്ടെന്നാണ് കയറി പോകുന്നത്. ജംപ് കട്ടുകളൊക്കെ ചെയ്യണമെന്ന് വച്ച് തന്നെ ചെയ്തിരിക്കുന്നതാണ്. തുറമുഖത്തിലൊക്കെ അത് ചെയ്തിട്ടുണ്ട്.
വളരെ കുറഞ്ഞ ബജറ്റിലും കുറച്ചു ദിവസങ്ങൾക്കൊണ്ടും ഒരുക്കിയ സിനിമയാണിത്. അതുകൊണ്ട് തന്നെ നമുക്കൊരു ക്രിയേറ്റീവ് പ്ലാൻ ആവശ്യമായിരുന്നു. സാങ്കേതികപരമായി നോക്കിയാൽ മലയാളത്തിലെ ഏറ്റവും മികച്ച ടെക്നീഷ്യൻസ് തന്നെയാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്.
അതിനനുസരിച്ചുള്ള വിഷ്വൽ ക്വാളിറ്റിയും പ്രൊഫഷണലിസവും ചിത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. മിനിമലിസ്റ്റിക് ആയിട്ടും ആർട്ട് ടീം നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ രീതിയിലും കേരളത്തിലെ പ്രശസ്തരായ ടെക്നീഷ്യൻസിനെ ഈ സിനിമയിൽ ഉപയോഗിക്കാൻ പറ്റിയിട്ടുണ്ട്. പിന്നെ വളരെ ഫാസ്റ്റായി മനോഹരമായി കഥ പറയാൻ താല്പര്യമുള്ള ആളുകളായിരുന്നു ഞങ്ങൾ.
'അരികി'ലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച്?
ഈ സിനിമയിൽ ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ കടന്നുവരുന്നുണ്ട്. വ്യത്യസ്ത സ്വഭാവത്തിലുള്ള പല സ്ത്രീ കഥാപാത്രങ്ങൾ. തങ്ക, സതി, സീത, പഞ്ചമി, സൗധ, ശിഖ അങ്ങനെ ഒരുപാട് സ്ത്രീകൾ കടന്നുവരുന്നുണ്ട്. സതിയേയും സീതയേയും രണ്ടു വശങ്ങളിലാണ് ശങ്കരനൊപ്പം നിർത്തിയിരിക്കുന്നത്. അവരുടെ പേരുകളിൽ പോലും ചെറിയ വ്യത്യാസമേയുള്ളൂ.
സതി കൂടെയുണ്ടാകുന്നില്ല, സീതയുണ്ട്. ചായക്കടയിലൊക്കെ ചെല്ലുമ്പോൾ, നാട്ടിൽ ആണെങ്കിൽ പ്രത്യേകിച്ചും, 'സ്ട്രോങ് ചായ' എന്ന് പറയുമ്പോൾ കടക്കാരൻ ആണിന് മുൻപിലേക്കാണ് കൊണ്ടു പോയി കൊടുക്കാറ്. അത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബോധപൂർവമാണ് സീത, 'സ്ട്രോങ് എനിക്കാണ്' എന്ന് പറയുന്നത്. കാരണം അവരാണ് സ്ട്രോങ്.
അവരാണ് അയാളെ നിലനിർത്തുന്നത്. ശങ്കരനൊപ്പം നട്ടെല്ലായി നിൽക്കുന്ന ഒരു കഥാപാത്രം കൂടിയാണത്. അവരാണ് എപ്പോഴും റിയാക്ട് ചെയ്യുന്നത്. വിപ്ലവാത്മകരമായി അയാൾ ചിന്തിക്കുമെങ്കിലും അയാൾ റിയാക്ഷന്റെ ആളല്ല. സീതയൊരു റെവല്യൂഷണറി ആളല്ല, പക്ഷേ റിയാക്ഷന്റെ ആളാണ് താനും. കൃത്യമായ നിലപാടുകളിലൂടെ അനുഭവങ്ങളിലൂടെ അവർ കടന്നുവന്നിട്ടുണ്ട്. 'പുറത്തുപോയി പഠിക്കണം അല്ലെങ്കിൽ നമ്മളെ പോലെ ആയിപ്പോകും' എന്നൊക്കെ പറയുന്ന ഒരു കഥാപാത്രം കൂടിയാണ്.
സിനിമയിലെ പ്രണയ രംഗങ്ങൾ...
അകാല്പനികത ഇടയിൽ കയറി വരുന്ന ഒരു മനുഷ്യനാണ് ശങ്കരൻ. ചിലയിടങ്ങളിൽ അയാൾ വളരെ കാല്പനികനും എന്നാൽ മറ്റു ചില സന്ദർഭങ്ങളിൽ അയാൾ വളരെ നിർവികാരനുമാണ്. അതുകൊണ്ടാണ് 'നല്ല എരിവുള്ള ബീഫ് കറിയുണ്ടാക്കുന്നതു പോലെയും കവിത എഴുതാം' എന്ന് അയാൾ പറയുന്നത്.
ടിപ്പിക്കൽ കാല്പനികതയെ അയാൾ പൊളിക്കുന്നതൊക്കെ, അയാളുടെ ഒരു ഇഷ്ടത്തിന് ചെയ്യുന്നതാണ്. വീടുകൾ ഒരുപാട് നോക്കിയിട്ടുള്ള ഒരാളാണ് അയാൾ, കാരണം അയാളുടെ വീട് അങ്ങനെയായിരുന്നു. അതേസമയം യുപിയിൽ ശിഖയും സച്ചിൻ വാല്മീകിയും രാത്രി നടന്നു വരുന്ന സീനിലും പ്രണയത്തിന്റെ മറ്റൊരു എലമെന്റ് കടന്നുവരുന്നുണ്ട്.
ചിത്രീകരണം?
കേരളത്തിൽ 21 ദിവസവും ലഖ്നൗവിൽ നാല് ദിവസവുമായിരുന്നു ഷൂട്ടിങ്. വളരെ ലിമിറ്റഡ് ബജറ്റിൽ വളരെ കഷ്ടപ്പെട്ടാണ് ലഖ്നൗവിലെ സീനുകളൊക്കെ ഷൂട്ട് ചെയ്തത്. അതിന്റെ ചില പരിമിതികളും സിനിമയ്ക്കുണ്ട്. പക്ഷേ സിനിമ തീരുമ്പോൾ ആളുകളിലേക്ക് ആ ഇമോഷൻ കണക്ട് ചെയ്യാൻ പറ്റി, വളരെ ചെറിയ സമയത്തിൽ ഷൂട്ട് ചെയ്യേണ്ടി വന്നെങ്കിൽ പോലും.
പാലക്കാട് കൊല്ലങ്കോടും ലഖ്നൗവും ആയിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രാഞ്ജലിയുടെ യൂണിറ്റ് ആണെങ്കിലും പ്രൊഡക്ഷനിൽ നിന്നാണെങ്കിലും എല്ലാവരും നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളും ദിവസങ്ങൾ കുറവായിരുന്നെങ്കിലുമൊക്കെ ചിത്രീകരണം വളരെ രസമായിരുന്നു. സിനിമയുടെ പോസിറ്റീവ് പ്രതികരണമൊക്കെ കിട്ടുമ്പോൾ ആ പ്രശ്നങ്ങളൊക്കെ ഞങ്ങൾ മറന്നു. അതിന്റെ സന്തോഷത്തിലാണിപ്പോൾ.
16 ദിവസം കൊണ്ട് ഒരുക്കിയ തിരക്കഥ
മറ്റൊരു സിനിമയുടെ എഴുത്തുമായി ഇരിക്കുന്ന സമയത്താണ് കെസ്എഫ്ഡിസി (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍) യുടെ നോട്ടിഫിക്കേഷൻ ഞങ്ങൾ കാണുന്നത്. നോട്ടിഷിക്കേഷൻ കണ്ടതോടെ പിന്നെ അവർ പറഞ്ഞിരിക്കുന്ന രീതിയിലുള്ള സിനിമയെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങി. എന്റെ നാട്ടിൽ പണ്ട് ഇത്തരം ആളുകളുണ്ടായിരിക്കില്ലേ എന്ന് ചിന്തിച്ച്, അത് വികസിപ്പിച്ച് ഇത്തരമൊരു ത്രെഡിലേക്ക് എത്തി.
അങ്ങനെ ജോബിയുമായി ചർച്ച ചെയ്തു. പിന്നെ എന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിനോപ്സിസ് തയ്യാറാക്കി. അത് ഞങ്ങളിരുവരും ചർച്ച ചെയ്ത് എഴുതാൻ തീരുമാനിക്കുകയായിരുന്നു. സിനോപ്സിസ് അയച്ചതിന് ശേഷം നേരിട്ട ഒരു വലിയ പ്രശ്നം, 20 ദിവസത്തിനുള്ളിൽ തിരക്കഥയെഴുതുക എന്നുള്ളതായിരുന്നു.
16 ദിവസം കൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നാല് മലയാളം കോപ്പിയും നാല് ഇംഗ്ലീഷ് കോപ്പികളുമാണ് അയക്കേണ്ടത്. മലയാളികളല്ലാത്തവരും സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന ജൂറിയിൽ ഉണ്ടായിരുന്നു. മലയാളത്തിൽ എഴുതുന്നതിനൊപ്പം തന്നെ ഇംഗ്ലീഷിലേക്ക് അത് പരിഭാഷപ്പെടുത്തി. 19-ാമത്തെ ദിവസം നമ്മൾ തൃശൂരിൽ നിന്ന് സ്ക്രിപ്റ്റ് കൊറിയർ ചെയ്തു.
ഈ സ്ക്രിപ്റ്റ് സെലക്ട് ചെയ്യപ്പെടുമെന്നൊന്നും യാതൊരു ഐഡിയയും ഇല്ലായിരുന്നു. എൺപതോളം സ്ക്രിപ്റ്റുകളിൽ നിന്നാണ് ഒന്നാം സ്ഥാനത്തേക്ക് ഈ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കപ്പെടുന്നത്. ജോൺ പോൾ സാർ ആയിരുന്നു അന്ന് ജൂറി ചെയർമാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ പല ചർച്ചകൾക്ക് ശേഷമാണ് ഈ സ്ക്രിപ്റ്റ് ഒന്നാമതായി തിരഞ്ഞെടുത്തത് എന്നാണ് അറിയുന്നത്. മന്ത്രി സജി ചെറിയാന്റെ വാർത്താ സമ്മേളനത്തിലൂടെയാണ് ഞങ്ങൾ സ്ക്രിപ്റ്റ് തിരഞ്ഞെടുത്ത വിവരം അറിയുന്നത്.
കാമ്പുള്ള സിനിമകൾക്ക് കേരളത്തിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലേ?
ആളുകളുടെ ആസ്വാദന നിലവാരം പല തരത്തിലാണല്ലോ. ഇൻസ്റ്റഗ്രാം റീലുകളിൽ ജീവിക്കുന്നവർ അല്ലെങ്കിൽ വേറൊരു തരത്തിലുള്ള റീൽ റിയലിസത്തിലാണ് പുതിയ ജനറേഷൻ ജീവിക്കുന്നത്. അവരപ്പോൾ മാസ് എൻട്രിയും ഹ്യൂമറുള്ള സിനിമകളുമൊക്കെ കാണാൻ ഇഷ്ടപ്പെടുന്നു. അതിൽ നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ല.
അവർക്കിഷ്ടമുള്ള സിനിമകൾ അവർ കാണട്ടെ. എന്നെ സംബന്ധിച്ച് ഈ സിനിമ തിയറ്ററുകളിൽ ആളുകളേ നിറയ്ക്കില്ല എന്നറിയാമായിരുന്നു. പക്ഷേ സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്, സിനിമ സംസാരിക്കുന്ന വിഷയം കൊണ്ടും നമ്മുടെ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെട്ടു, അതുമതി.
കെസ്എഫ്ഡിസിയുടെ ഭാഗത്തു നിന്ന് ചില പ്രതിസന്ധികൾ ഉണ്ടായിരുന്നല്ലോ. അതൊക്കെ എങ്ങനെയാണ് മറികടന്നത്? താഴേക്ക്
ഇത്തരം സിനിമകൾ കെസ്എഫ്ഡിസി നിർമിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. അങ്ങനെയൊരു അവസരം ഇല്ലായിരുന്നുവെങ്കിൽ ഇത്തരമൊരു സിനിമ ചെയ്യാൻ നമുക്ക് സാധിക്കില്ലായിരുന്നു. അതേസമയം അവരുടെ പ്രൊസസ് സംവിധായകർക്ക് കുറച്ചു കൂടി കാര്യങ്ങൾ എളുപ്പമാക്കാൻ പറ്റുന്ന രീതിയിലേക്ക് മാറേണ്ടതാണ്. സംവിധായകർക്കെതിരെ പല ആരോപണങ്ങളുന്നയിച്ച് അവരെ മാനസികമായി തളർത്തുന്ന രീതിയിലുള്ള കാര്യങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെസ്എഫ്ഡിസിയ്ക്കുണ്ട്.
അത്തരം കാര്യങ്ങളിൽ പല ഘട്ടങ്ങളിൽ അവർക്ക് പറ്റുന്ന വീഴ്ചകളാണ് വിമർശനങ്ങൾക്ക് കാരണമായി മാറുന്നത്. കുറേ കാര്യങ്ങളിൽ ഈ സിനിമയ്ക്ക് വേണ്ടി പോരാടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അവർ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്, അവരിപ്പോൾ നല്ല ഹാപ്പിയാണ്. ഈ സിനിമ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ അല്ലെങ്കിൽ ഒരു ജനപിന്തുണയുണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.
ശരിക്കും ഒരു സിനിമയുടെ മാർക്കറ്റിങ് ചെയ്യുന്ന കാര്യത്തിലൊക്കെ കെസ്എഫ്ഡിസിയുടെ പ്രവർത്തനം അത്ര പോര. പോസ്റ്റർ പുറത്തിറക്കിയപ്പോൾ മുതൽ അത്തരം കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തിയിരുന്നു. എന്റെ കൂടെ നിന്ന് പിആർ പരിപാടികളൊക്കെ കണ്ടന്റ് ഫാക്ടറി ആണ് ചെയ്ത് തന്നത്. അതൊക്കെ നമ്മൾ പോരാടി നേടിയെടുത്തതാണ്.
സംവിധായകരോടുള്ള ഇടപെടലിലും ഫണ്ടിന്റെ കാര്യത്തിലും സമീപനത്തിലും പ്രൊഫഷണലിസത്തിലും കെസ്എഫ്ഡിസി വളരെ വളരെ മുന്നോട്ട് പോകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇനി വരുന്ന സംവിധായകർക്ക് മുന്നോട്ട് വരാൻ കഴിയുകയുള്ളൂ, അവർക്കൊരു പ്രചോദനമാവുകയുള്ളൂ. 'എങ്ങനെയെങ്കിലും ഇത് ഇട്ടിട്ട് പോയാൽ മതിയായിരുന്നു' എന്നൊരു സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇപ്പോൾ അവർ നന്നായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates