പാരാനോർമലും പഴങ്കഥയും ഒന്നിച്ചെത്തുമ്പോൾ! കാഴ്ചയിലും ശബ്ദത്തിലും 'വടക്കൻ' ശരിക്കും ഞെട്ടിക്കും; റിവ്യു
കാഴ്ചയിലും ശബ്ദത്തിലും വടക്കൻ ശരിക്കും ഞെട്ടിക്കും (3.5 / 5)
പ്രേത കഥകൾ കേൾക്കാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ?. പ്രത്യേകിച്ച് രാത്രിയിൽ സുഹൃത്തുക്കളുമൊക്കെയായി ചേർന്നിരിക്കുമ്പോൾ. അത്തരക്കാർക്ക് കണ്ണും പൂട്ടി കണ്ടിരിക്കാവുന്ന ഒരു പാരാനോർമൽ സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമാണ് സജീദ് എ കഥയെഴുതി സംവിധാനം ചെയ്ത വടക്കൻ. അമേരിക്കയിലെ പാരാനോർമൽ ഇൻവസ്റ്റിഗേറ്റേഴ്സായ രാമൻ പെരുമലയൻ (കിഷോർ കുമാർ), അന്ന (മെറിൻ ഫിലിപ്പ്) എന്നിവരിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. കേരളത്തിലെ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്ത മത്സരാർഥികളുടെ ദുരൂഹ മരണം അന്വേഷിക്കാനായി രാമനും അന്നയും കേരളത്തിലേക്ക് എത്തുകയാണ്.
ഒരു കാടിന് നടക്കുള്ള ബ്രിട്ടീഷുകാർ പണിത ഒരു ബംഗ്ലാവിൽ വച്ചാണ് ഈ മരണങ്ങൾ സംഭവിക്കുന്നത്. ഇതിന് പിന്നിലെ യഥാർഥ കാരണം തേടി എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സിന് അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങളെ നേരിടേണ്ടി വരികയാണ്. തീർത്തും നിഗൂഢമായ സംഭവങ്ങളിലൂടെയാണ് ചിത്രം പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്. കഥയിൽ വലിയ പുതുമയൊന്നും വടക്കന് അവകാശപ്പെടാനില്ലെങ്കിലും തികച്ചും വ്യത്യസ്തമായ രീതിയിലാണ് സിനിമയുടെ ആഖ്യാന ശൈലി.
ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്ന കാര്യത്തിൽ സംവിധായകൻ നൂറ് ശതമാനവും വിജയിച്ചിട്ടുണ്ട്. ബിഗ് ബോസ് പോലെയുള്ള റിയാലിറ്റി ഷോ ആയതുകൊണ്ട് തന്നെ ബംഗ്ലാവിന്റെ മുക്കിലും മൂലയിലും വരെ കാമറയാണ്. ആ ബംഗ്ലാവിനുള്ളിൽ എന്ത് സംഭവിച്ചാലും അത് കാമറാക്കണ്ണുകൾ ഒപ്പിയെടുക്കും. ഈ കാമറ ഫൂട്ടേജുകളിലൂടെയാണ് ആ ബംഗ്ലാവിൽ നടന്ന കാര്യങ്ങളേക്കുറിച്ച് നമ്മൾ അറിയുന്നത്. ആദ്യ പകുതിയിൽ നിറയെ ഈ കാമറ ഫൂട്ടേജുകളാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. ഇന്റർവെൽ ആകുമ്പോഴേക്കും പ്രേക്ഷകൻ ആകാംക്ഷയോടെ സീറ്റിന്റെ തുമ്പത്തെത്തുന്നു.
രണ്ടാം പകുതിയിൽ പ്രേക്ഷകർക്കായി സംവിധായകനൊരുക്കിയിരിക്കുന്നത് മറ്റൊരു മായാലോകം തന്നെയാണ്, പഴങ്കഥകളുടെ ലോകമാണത്. തെയ്യം കലാകാരനായ കുഞ്ഞമ്പുവാണ് രണ്ടാം പകുതിയിലെ ഹീറോ. കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് വടക്കന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒരുപാട് ദീർഘമായ സംഭാഷണങ്ങളോ, മാസ് ഡയലോഗുകളോ ഒന്നുമില്ലെങ്കിൽ കൂടിയും ചില ഡയലോഗുകളൊക്കെ കുറിക്കു കൊള്ളുന്നതാണ്. നമ്പ്യാർ സ്ത്രീയും മലയനും തമ്മിലുള്ള പ്രണയമൊക്കെ വാക്കുകളിലൂടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി ആറിൻറേതാണ് തിരക്കഥയും സംഭാഷണങ്ങളും. ചിത്രത്തിലെ ഏറ്റവും കൈയടി അർഹിക്കുന്നത് ക്ലൈമാക്സ് ഭാഗമാണ്. ഇതിന് മുൻപ് പുറത്തിറങ്ങിയ സിനിമകളോട് ചെറിയ സാമ്യമൊക്കെ തോന്നുമെങ്കിലും മേക്കിങ് കൊണ്ട് സംവിധായകൻ അത് പീക്ക് ലെവലിൽ തന്നെ എത്തിച്ചിട്ടുണ്ട്.
കിഷോർ കുമാർ എന്ന നടന്റെ പകർന്നാട്ടമാണ് സിനിമയുടെ നട്ടെല്ല്. പൊലീസായും വില്ലനായുമൊക്കെ കിഷോർ നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് രാമൻ പെരുമലയൻ എന്ന കഥാപാത്രം. തെയ്യം കലാകാരനായുള്ള കിഷോറിന്റെ ട്രാൻസ്ഫർമേഷനൊക്കെ അതിഗംഭീരമാണ്. ക്ലൈമാക്സിലെ പത്തിരുപത് മിനിറ്റിൽ സ്കോർ ചെയ്തതും കിഷോർ തന്നെയാണ്. ശ്രുതി മേനോന്റെ പെർഫോമൻസ് ആണ് എടുത്തുപറയേണ്ട മറ്റൊന്ന്. മറ്റു കഥാപാത്രങ്ങളായെത്തിയ മെറിൻ ഫിലിപ്പ്, കൃഷ്ണ ശങ്കർ, കലേഷ് പ്രേമാനന്ദ്, മാല പാർവതി, മീനാക്ഷി ഉണ്ണികൃഷ്ണൻ, ആര്യൻ കതൂരിയ, ഗാർഗി അനന്തൻ, സിറാജുദ്ദീൻ നാസർ തുടങ്ങിയവരും അവരവരുടെ ഭാഗങ്ങൾ മികവുറ്റതാക്കി.
സാങ്കേതികത കൊണ്ട് ഞെട്ടിക്കുന്നുണ്ട് വടക്കൻ പലയിടങ്ങളിലും. ഓഡിയോ, വിഷ്വൽ എന്നിവയിലൂടെയാണ് മറ്റു ഹൊറർ സിനിമകളിൽ നിന്നെല്ലാം വടക്കൻ വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. പാട്ടുകളും പശ്ചാത്തല സംഗീതവുമൊക്കെ കഥയോട് നൂറ് ശതമാനവും ആത്മാർഥത പുലർത്തിയിട്ടുണ്ട്. ബിജിപാൽ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാരയാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. രാത്രിയിലെ ഷോട്ടുകളും ക്ലോസ്അപ് ഷോട്ടുകളുമെല്ലാം വളരെ മനോഹരമായാണ് കെയ്കോ നകഹാര പകർത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കളറിങ്ങും വിഎഫ്എക്സുമെല്ലാം ഒന്നിനൊന്ന് മികവ് പുലർത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രധാന പോരായ്മയായി ക്ലൈമാക്സ് തന്നെയാണ്. ദുരൂഹ മരണത്തേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പാരാനോർമൽ ഇൻവസ്റ്റിഗേറ്ററിന്റെ മറ്റൊരു മുഖമാണ് ക്ലൈമാക്സിൽ കാണുന്നത്. അതുകൊണ്ട് തന്നെ ആദ്യ പകുതിയിൽ സംഭവിക്കുന്ന പല കാര്യങ്ങൾക്കും ഉത്തരമില്ലാതെയാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലെ മത്സരാർഥികളുടെ മരണം അന്വേഷിക്കാനെത്തിയിട്ട്, അതിലേക്കൊന്നും കടക്കാതെ രാമൻ പെരുമലയനിലേക്കും കുഞ്ഞമ്പുവിലേക്കും മാത്രം ഫോക്കസ് ചെയ്ത പോലെ തോന്നി. പ്രേതമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനപ്പുറം എവിടെയൊക്കെയോ ഒരു വ്യക്തതയില്ലായ്മയിലേക്കും പ്രേക്ഷകനെ സിനിമ കൊണ്ടു ചെന്നെത്തിക്കുന്നുണ്ട്.
എന്തായാലും ആദ്യാവസാനം വരെ ആകാംക്ഷയുടെ കുരുക്കിൽ കോർത്തിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ ഓഡിയോയിലായാലും വിഷ്വലിലായാലും തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രം കൂടിയാണ് വടക്കൻ. ഫോണിലോ മിനി സ്ക്രീനിലോ ഒന്നും കണ്ടാൽ തിയറ്ററിൽ കിട്ടുന്ന ഇംപാക്ട് ഒരിക്കലും പ്രേക്ഷകന് കിട്ടില്ല എന്ന കാര്യം ഉറപ്പാണ്. മലയാളത്തിലെ ആദ്യത്തെ പാരനോർമൽ സിനിമ എന്ന ടാഗ്ലൈനോടെയെത്തിയ വടക്കൻ എന്തായാലും ഹൊറർ സിനിമാ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്തില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക