

വാഷിങ്ടൺ: പ്രശ്സത നടനും ഓസ്കർ ജേതാവുമായ ജീൻ ഹാക്ക്മാൻ (95) ഭാര്യ ബെറ്റ്സി അരകാവ (65) എന്നിവരുടെ മരണത്തിലെ ദുരൂഹത ഒഴിയുന്നു. രണ്ട് പേരുടെയും സ്വഭാവിക മരണമാണെന്ന് ചീഫ് മെഡിക്കൽ എക്സാമിനർ ഡോ ഹീതർ ജാരെൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹാക്ക്മാന്റെ മരണ കാരണം ഹൃദയ സംബന്ധമായ രോഗമാണെന്നും അൽഷിമേഴ്സും വൃക്ക രോഗവും അദ്ദേഹത്തിന്റെ ആരോഗ്യനില സങ്കീർണമാക്കിയെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
എലികൾ പടർത്തുന്ന ഹാന്റ വൈറസ് ബാധയാണ് ബെറ്റ്സിയുടെ മരണത്തിന് കാരണമായത്. ഫെബ്രുവരി 26ന് യുഎസിലെ ന്യൂ മെക്സിക്കോയിലെ സാന്റ ഫേയിലുള്ള വസതിയിലാണ് ഹാക്ക്മാന്റെയും ബെറ്റ്സി അരകാവയുടെയും മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വളർത്തു നായയേയും ചത്ത നിലയിൽ ഇവർക്കൊപ്പം കണ്ടെത്തിയിരുന്നു.
ഹാക്ക്മാന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപവും ബെറ്റ്സിയുടേത് ബാത്ത്റൂമിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകി തുടങ്ങിയ നിലയിലുമായിരുന്നു. ബെറ്റ്സി ഫെബ്രുവരി 11 നും ഹാക്ക്മാൻ 18 നുമാണ് മരിച്ചെതെന്ന് കരുതുന്നു. അൽഷിമേഴ്സ് ഉള്ളതു കൊണ്ട് ഭാര്യയുടെ മരണം ഹാക്ക്മാൻ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നും പൊലീസ് അറിയിച്ചു. ദിവസങ്ങളോളം അദ്ദേഹം ആഹാരം കഴിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ മൂന്ന് നായകളെയാണ് ഹാക്ക്മാൻ വളർത്തിയിരുന്നത്. ഇതിൽ ഒരു നായയാണ് ആഹാരവും വെള്ളവും ലഭിക്കാത്തതിനാൽ നിർജലീകരണത്തെ തുടർന്ന് ചത്തത്. 1960 കൾ മുതൽ 2000 വരെ ഹോളിവുഡ് സിനിമയിൽ സജീവമായിരുന്ന നടനാണ് ജീൻ ഹാക്ക്മാൻ. ദ് ഫ്രഞ്ച് കണക്ഷൻ, ഹൂസിയേഴ്സ്, സൂപ്പർമാൻ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ഹാക്ക്മാൻ അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates