'ഞാൻ മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞു, മോശം വ്യക്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചു'; പ്രതികരിച്ച് അഹാന

മനു പല ദിവസങ്ങളിലും മദ്യപിച്ച് സെറ്റിലേക്ക് വരുമായിരുന്നു.
Ahaana Krishna
അഹാന കൃഷ്ണഇൻസ്റ്റ​ഗ്രാം
Updated on
10 min read

നാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സിനിമയുടെ സംവിധായകൻ ജോസഫ് മനു ജെയിംസ് ഒരുമിച്ച് വർക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നുവെന്നും പലപ്പോഴും മദ്യപിച്ചായിരുന്നു സെറ്റിലെത്തിയിരുന്നതെന്നും അഹാന പറഞ്ഞു. സിനിമയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത യാതൊരു പ്രൊഫഷണലിസവും ഇല്ലാത്ത സെറ്റായിരുന്നു നാൻസി റാണിയുടേതെന്നും അഹാന പറയുന്നു.

സംവിധായകന്റെ തെറ്റുകൾ മറയ്ക്കാൻ തനിക്കെതിരെ വാസ്തവരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുക പതിവായിരുന്നെന്ന് അഹാന കൃഷ്ണ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച പ്രസ്താവനയിൽ വ്യക്തമാക്കി. 2023ൽ സംവിധായകൻ അന്തരിച്ചതിനെ തുടർന്ന് ഭാര്യ നൈനയായിരുന്നു സിനിമയുടെ പ്രൊഡക്ഷനും റിലീസിന്റെ കാര്യങ്ങളും നോക്കിയിരുന്നത്. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടയിൽ നായിക അഹാന സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്ന് പരസ്യമായി ആരോപിച്ച് നൈന രംഗത്തു വന്നതോടെയാണ് വിഷയം ചർച്ചയായത്.

അഹാന കൃഷ്ണ പങ്കുവച്ച പ്രസ്താവന

"നാൻസി റാണി വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഇതാണ്. വളരെ നീണ്ട പോസ്റ്റാണ് അതിനാൽ അതിനെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ശരിക്കും താല്പര്യമുണ്ടെങ്കിൽ മാത്രം വായിക്കുക. ചുരുക്കിപ്പറഞ്ഞാൽ സംവിധായകനും അദ്ദേഹത്തിന്റെ ഭാര്യയുമായി പ്രൊഫഷണലും വ്യക്തിപരവുമായ വിഷയങ്ങളിൽ എനിക്ക് അസുഖകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

വ്യക്തിപരമായ വിഷയം എന്തെന്നാൽ വച്ചാൽ ഷൂട്ടിങ്ങിനിടെ അവരുടെ കയ്യിൽ നിന്നു വന്ന തെറ്റുകൾ മറച്ചുവയ്ക്കാൻ വേണ്ടി അവർ എന്നെക്കുറിച്ച് വളരെ തെറ്റായതും മോശവുമായ നുണ പ്രചരിപ്പിച്ചു എന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ എന്റെ പ്രസ്താവനയുടെ ചില ഭാഗങ്ങൾ മാത്രം എടുത്ത് ക്ലിക്ക്-ബൈറ്റുകൾക്കായി അസുഖകരമായ തലക്കെട്ടുകൾ കൊടുത്ത് പ്രചരിപ്പിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇത്. നാൻസി റാണി എന്ന സിനിമയുടെ പ്രൊമോഷനുമായി ഞാൻ സഹകരിക്കുന്നില്ല എന്ന ആരോപണത്തിന് എന്റെ മറുപടിയാണ് ഈ കുറിപ്പ്. ഇത്രയും ദിവസമായി ഞാൻ എന്തുകൊണ്ടാണ് മൗനം പാലിച്ചു എന്നതിനെക്കുറിച്ച് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആത്മാർഥമായി പറഞ്ഞാൽ ഇതിനെക്കുറിച്ച് സംസാരിക്കണോ അതോ ഇതെല്ലാം എന്റെ മനസ്സിൽ ഇരുന്നാൽ മതിയോ എന്നു തീരുമാനിക്കാൻ ഇത്രയും ദിവസമെടുത്തു.

ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വാഭാവികമായും എനിക്ക് 2023ൽ അന്തരിച്ച സംവിധായകൻ മനു ജെയിംസിനെക്കുറിച്ചും എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹത്തിന്റെ ഭാര്യ നൈനയെക്കുറിച്ചും പറയേണ്ടി വരും. നിർഭാഗ്യവശാൽ എനിക്ക് അവരെക്കുറിച്ച് പറയാനുള്ള കാര്യങ്ങൾ അത്ര സുഖകരമല്ല. അവരുമായി എനിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും മരിച്ച ഒരാളെക്കുറിച്ച് പരസ്യമായി മോശമായി സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.

നൈനയെക്കുറിച്ച് പറയുമ്പോൾ അവർ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്ത ഒരാളായതിനാൽ അവർ ചെയ്‌ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. കൂടാതെ, സത്യം എന്നും അതിന്റെ വഴി കണ്ടെത്തുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു.

പക്ഷേ നിർഭാഗ്യവശാൽ, ഇപ്പോൾ നൈന പരസ്യമായി എനിക്കെതിരെ നിരവധി നുണകളും തെറ്റായ ആരോപണങ്ങളും ഉന്നയിക്കുകയും എന്നെ ഒരു പ്രൊഫഷണലല്ലാത്ത, ധാർമികതയില്ലാത്ത, സഹാനുഭൂതിയില്ലാത്ത വ്യക്തിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, എന്റെ പ്രിയപ്പെട്ടവരും പ്രധാനമായി നാൻസി റാണിയിൽ എന്നോടൊപ്പം പ്രവർത്തിച്ചവരും എന്നെപ്പോലെ സമാനമായ മോശം അനുഭവങ്ങൾ നേരിട്ടവരുമായ പലരും എനിക്ക് പറയാനുള്ളത് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടു.

എന്നെ സ്നേഹിക്കുന്നവരുടെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് എനിക്കെതിരെ ഇങ്ങനെ അവർക്ക് തോന്നുന്ന വിധം നുണകൾ പടച്ചു കൊണ്ടിരുന്നാൽ എന്നെ ഇഷ്ടപ്പെടുന്ന ആളുകളുടെ മനസ്സിൽ എന്നെപ്പറ്റി മോശമായ ഒരു പ്രതിരൂപം സൃഷ്ടിക്കപ്പെടും എന്നാണ്.

2020 ഫെബ്രുവരിയിലാണ് നാൻസി റാണിയുടെ ഷൂട്ടിങ് ആരംഭിച്ചത്. തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ സംവിധാനത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാരണം നിർഭാഗ്യവശാൽ സംവിധായകനു വേണ്ടത്ര അനുഭവപരിചയമില്ലായിരുന്നു, കൂടാതെ സംവിധാനവും നിർമാണവും സ്വന്തമായി കൈകാര്യം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു. ഞാനും മറ്റു ചില സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ഞങ്ങളിൽ പലരും മനുവിനോട് പരിചയസമ്പന്നനായ ഒരു അസോഷ്യേറ്റ് ഡയറക്ടറെയും പ്രൊഡക്ഷൻ കൺട്രോളറെയും നിയമിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

ഷൂട്ടിങ്ങിന്റെ കാര്യങ്ങൾ ചിട്ടയോടെ ചെയ്യാൻ കഴിയുന്ന ഒരു പരിചയസമ്പന്നനായ അസോഷ്യേറ്റ് ഡയറക്ടറെയും പ്രൊഡക്ഷൻ കൺട്രോളറെയും നിയമിച്ചാൽ പ്രശനം തീരുമായിരുന്നെങ്കിലും എല്ലാം സ്വയം ചെയ്യണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. തുടക്കത്തിൽ തന്നെ നേരിട്ട പല പ്രശ്‌നങ്ങൾക്കിടയിലും ഇതുവരെ ഞാൻ ചെയ്ത എല്ലാ ജോലികളെയും പോലെ സ്നേഹത്തോടെയും പ്രതീക്ഷയോടെയും തന്നെ ഈ പ്രൊജക്ടിനേയും സമീപിക്കാൻ ഞാൻ തീരുമാനിച്ചു.

ഞാൻ ചെയ്യുന്ന എല്ലാ വർക്കുകളും ഞാൻ സ്നേഹ ബഹുമാനങ്ങളോടെയാണ് സമീപിക്കുന്നത്. 2020 ഒക്ടോബറിൽ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ സമയത്ത് ഞാൻ ഈ സിനിമയോട് കാണിച്ച ആത്മാർഥത നിങ്ങളേവരും ഓർക്കുന്നുണ്ടാകും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ ഞാൻ രണ്ട് മുൻനിര താരങ്ങളോട് വ്യക്തിപരമായി അഭ്യർഥിച്ചിരുന്നു.

ഇന്ന് നിങ്ങളിൽ പലർക്കും ഈ പ്രൊജക്ടിനെക്കുറിച്ച് അറിയാമെങ്കിൽ അതിനു കാരണം ഈ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ അത്ര നന്നായി പ്രമോട്ട് ചെയ്തതു കൊണ്ടാണ്. അതിനാൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും, മനുവിനൊപ്പം പ്രവർത്തിക്കാനും ഇത് ഒരു നല്ല പ്രൊജക്ടാക്കി മാറ്റാനും ഞാൻ ശ്രമിച്ചു. പക്ഷേ ദിവസം ചെല്ലുന്തോറും, മനുവിനൊപ്പം വർക്ക് ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടായി വരികയായിരുന്നു. ഞാൻ ആദ്യം നേരിട്ട പ്രശ്നങ്ങളിൽ ചിലത് ഇവയായിരുന്നു:

1) മനു പല ദിവസങ്ങളിലും മദ്യപിച്ച് സെറ്റിലേക്ക് വരുമായിരുന്നു. മനുവും അദ്ദേഹത്തിന്റെ ചില അസിസ്റ്റന്റ് ഡയറക്ടർമാരും കാരവനിൽ ഇരുന്ന് മദ്യപിക്കുകയും ആഘോഷിക്കുകയും ചെയ്യും. ആ സമയത്ത് ഞാനും മറ്റു സാങ്കേതികപ്രവർത്തകരും മറ്റ് അഭിനേതാക്കളും ഉൾപ്പെടുന്ന ഒരു മുഴുവൻ സെറ്റ് അവരുടെ ആഘോഷം കഴിഞ്ഞ് ഷൂട്ട് ആരംഭിക്കാൻ കാത്തിരിക്കുകയാവും. മറ്റ് ക്രൂ അംഗങ്ങൾക്കൊപ്പം ഞാനും സെറ്റിൽ കാത്തിരിക്കുകയും ഷൂട്ടിങ് ആരംഭിക്കാൻ ആവശ്യപ്പെട്ട് മനുവിനോട് മെസ്സേജ് അയയ്ക്കുകയും ചെയ്ത നിരവധി സന്ദർഭങ്ങളുണ്ട്. (ഇതിന് എന്റെ കയ്യിൽ വാട്ട്‌സ്ആപ്പ് ചാറ്റ് തെളിവുണ്ട്. സെറ്റിൽ മദ്യപിച്ചിരിക്കുകയാണെന്ന് മനു സമ്മതിച്ചതിന്റെ ചാറ്റ് തെളിവും എന്റെ കയ്യിൽ ഉണ്ട്.)

2. 2020 ഫെബ്രുവരി മുതൽ 2021 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ കുറെ ദിവസം ഷൂട്ട് ചെയ്‌തെങ്കിലും ഷൂട്ടിങ് പൂർത്തിയായില്ല, സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കാൻ മനുവിനു വ്യക്തതയോ ഉദ്ദേശ്യമോ ഇല്ലായിരുന്നു. ഷൂട്ടിങ്ങിന്റെ പ്രക്രിയയിൽ മുഴുവൻ തികഞ്ഞ പ്രൊഫഷണലിസത്തിന്റെ അഭാവമായിരുന്നു നിഴലിച്ചിരുന്നത്. അയാൾക്ക് ഇഷ്ടമുള്ളപ്പോൾ ഷൂട്ടിങ് ആരംഭിക്കുകയും നിർത്തുകയും ചെയ്യും. മറ്റ് എല്ലാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും പുള്ളിയുടെ യുക്തിരഹിതമായ ഷെഡ്യൂളുകൾ അനുസരിച്ച് വരുകയും വർക്ക് ചെയ്യുകയും ചെയ്യണം.

സാധാരണ സിനിമകൾക്ക് ഒരു ഷെഡ്യൂൾ ഉണ്ടാകും - രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അല്ലെങ്കിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ അല്ലെങ്കിൽ രാവിലെ 9 മുതൽ രാത്രി 9 വരെ അല്ലെങ്കിൽ ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 2 വരെ എന്നിങ്ങനെ. പക്ഷെ ഈ സെറ്റിൽ ഒരു ഷെഡ്യൂളും ഉണ്ടായിരുന്നില്ല. മനുവിന് തോന്നുമ്പോൾ തുടങ്ങുകയും തോന്നുമ്പോൾ നിർത്തുകയും ചെയ്യുന്ന ഒരു പ്രൊഫഷണലിസം ഇല്ലാത്ത ഷൂട്ടിങ് സെറ്റ് ആയിരുന്നു അത്.

3. ഷൂട്ടിങ് കാലയളവിൽ എപ്പോഴും എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. കൃത്യമായ കോസ്റ്റ്യൂം ഇല്ലാതെ, എന്താണ് സംഭവിക്കുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടർമാർക്ക് വ്യക്തതയില്ലാതെ, കുറെ ആർടിസ്റ്റുകൾ എപ്പോഴൊക്കെയോ വരികയും പോവുകയും ചെയ്യുന്ന, സംവിധായകന് തോന്നുമ്പോൾ ഷൂട്ട് ആരംഭിക്കുകയും തോന്നുമ്പോൾ നിർത്തുകയും ചെയ്യുന്ന, പണത്തിനോ സമയത്തിനോ ഒരു ബഹുമാനവുമില്ലാത്ത, അനാവശ്യമായ ഗോസിപ്പുകൾ സൃഷ്ടിച്ചുകൊണ്ടിരുന്ന അരാജകത്വം നിറഞ്ഞു നിന്ന ഒരു സിനിമാ സെറ്റ് ആയിരുന്നു അത്. ഷൂട്ടിങ് എങ്ങനെയാണ് നടന്നത് എന്നതിന്റെ ഒരു ചെറിയ വിവരണമാണ് ഞാൻ നൽകിയത്. കാര്യം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞാൻ സിനിമയുടെ പ്രൊമോഷനിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ യഥാർഥ കാരണം ഇതൊന്നുമല്ല.

2021 ഡിസംബറിൽ ആണ് ഞാൻ അതിൽ അവസാനമായി അഭിനയിച്ചത്. മനുവുമായുള്ള എന്റെ അവസാനത്തെ സംഭാഷണം അടുത്ത ഷെഡ്യൂൾ എപ്പോഴാണെന്ന് എന്നെ അറിയിക്കൂ എന്നതായിരുന്നു. അദ്ദേഹം ഒരിക്കലും അതിനെക്കുറിച്ച് എന്നോട് പ്രതികരിച്ചില്ല. ഏകദേശം ഒരു മാസത്തിനുശേഷം സിനിമയുടെ ഇൻസ്റ്റഗ്രാം പേജിൽ ഒരു സ്ത്രീ വേഷത്തിന് ഡബ്ബിങ് ആർടിസ്റ്റിനെ തിരയുന്ന ഒരു പോസ്റ്റ് ഞാൻ കണ്ടു.

അത് എന്റെ വേഷത്തിനാണോ എന്ന് എനിക്ക് സംശയം തോന്നിയതിനാൽ ഞാൻ ഇതേക്കുറിച്ച് ചോദിച്ച് മനുവിനും നൈനയ്ക്കും മെസ്സേജ് അയച്ചു. എന്നിരുന്നാലും അവർ രണ്ടുപേരും എന്റെ മെസ്സേജ് അവഗണിച്ചു. എനിക്ക് അവർ ഒരു മറുപടിയും നൽകിയില്ല. (മുകളിൽ സൂചിപ്പിച്ച മനുവിനോടും നൈനയോടും ഉള്ള സംഭാഷണങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് തെളിവും ഡബ്ബിങ് ആർടിസ്റ്റിനെ തിരയുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടും എന്റെ കൈവശമുണ്ട്.)

എന്റെ വേഷത്തിന് അവർ മറ്റൊരാളെക്കൊണ്ടു ഡബ്ബ് ചെയ്യിക്കുന്നതായി ഞാൻ മറ്റൊരാളിൽ നിന്ന് അറിഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ഞെട്ടി. കാരണം എന്റെ എല്ലാ സിനിമകൾക്കും ഞാൻ ആണ് ഡബ്ബ് ചെയ്യുന്നത്. എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ച് അതിൽ ഒരു പ്രശ്നം തോന്നിയാൽ മറ്റൊരു ഡബ്ബിങ് ആർടിസ്റ്റിന്റെ അടുത്തേക്ക് പോകുന്ന കാര്യം മനസ്സിലാക്കാം.

പക്ഷേ എന്നോട് ഒരു വാക്ക് പറയാതെ ഇങ്ങനെ ചെയ്തത് എനിക്ക് മനസിലായില്ല. ഷൂട്ടിങ് സമയത്ത് മനു എപ്പോഴും എന്റെ പ്രകടനത്തെ അഭിനന്ദിച്ചിട്ടുണ്ട്. അതിനാൽ ഞാൻ നന്നായി ചെയ്യുമോ ഇല്ലയോ എന്നത് അവർക്ക് പ്രശ്നമല്ല. മറിച്ച് അതൊരു ഈഗോ പ്ലേ മാത്രമായിരുന്നു. മനുവിനൊപ്പം 2 വർഷത്തെ പരിചയത്തിനിടയിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും മുമ്പ് വളരെ പ്രൊഫഷണലായ സിനിമകളിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള എന്നെപ്പോലുള്ള ഒരാൾക്ക് ഇക്കാര്യം ഏറെ ആഘാതമുണ്ടാക്കിയെങ്കിലും ഞാൻ ഒരു പ്രശ്നത്തിനും പോയില്ല.

രണ്ടു മാസത്തിനുശേഷം 2022 മാർച്ചിൽ, മറ്റൊരാൾ ഡബ്ബ് ചെയ്തിട്ട് ശരിയാകാത്തതിനെത്തുടർന്ന് ചിത്രത്തിന് ഡബ്ബ് ചെയ്യാൻ ആവശ്യപ്പെട്ട് മനു എന്നെ സമീപിച്ചു. ഒട്ടും പ്രൊഫഷണൽ അല്ലാതെ എന്തുകൊണ്ട് എന്റെ റോളിന് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കാൻ ശ്രമിച്ചു എന്ന കാര്യത്തെക്കുറിച്ച് നേരിട്ട് കണ്ടു ചർച്ച ചെയ്തതിനു ശേഷം ചിത്രത്തിന് ഡബ്ബ് ചെയ്യാമെന്ന് ഞാൻ മനുവിനോട് പറഞ്ഞു.

പക്ഷേ, എന്നെ നേരിൽ കാണാൻ താല്പര്യമില്ലെന്നും എന്റെ സിനിമ എങ്ങനെ പൂർത്തിയാക്കണമെന്ന് എനിക്കറിയാമെന്നുമാണ് മനു എന്നോട് പറഞ്ഞത്. ഇതായിരുന്നു ഞാനും മനുവുമായി നടന്ന ആദ്യത്തെ വലിയ പ്രശ്നം. അടുത്തിടെ നൈന ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ എന്റെ വേഷത്തിന് മറ്റൊരാളെ ഉപയോഗിച്ച് ഡബ്ബ് ചെയ്യുന്ന കാര്യം എന്നെ മനു അറിയിച്ചിട്ടേയില്ല. അടുത്തിടെ ഈ സിനിമയിൽ പ്രവർത്തിച്ച മറ്റൊരാൾ ഈ സിനിമ ഡബ്ബിങ്ങിന് ശേഷം മുഴുവൻ കണ്ടിട്ട് എന്നോട് പറഞ്ഞത് എന്റെ വേഷത്തിന്റെ ഡബ്ബിങ് വളരെ മോശമായി ഒട്ടും പ്രൊഫഷണലല്ലാത്ത രീതിയിലാണ് ചെയ്തിരിക്കുന്നത് എന്നാണ്.

ചില ക്രൂ അംഗങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് സിനിമയുടെ ക്ലൈമാക്‌സിന്റെ ചില ഭാഗങ്ങളും സിനിമയിലെ മറ്റ് ചില ഷോട്ടുകളും എന്നെപ്പോലെ തോന്നിക്കുന്ന ഒരാളെക്കൊണ്ട് എന്നെ അനുകരിപ്പിച്ച് ചിത്രീകരിച്ചു എന്നാണ്. ഇത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ, അന്ന് സംസാരിച്ചു പിരിഞ്ഞതിന് ശേഷം ഒരു ഘട്ടത്തിലും സിനിമയുടെ ബാക്കി ഷൂട്ട് ചെയ്യാൻ അവർ എന്നെ വിളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് പകരം സിനിമയുടെ ക്ലൈമാക്‌സിൽ മറ്റൊരാൾ അഭിനയിച്ചോ എന്ന് എനിക്കറിയില്ലെങ്കിലും അങ്ങനെ ഉണ്ടാകാനുള്ള സാധ്യതയാണ് കൂടുതൽ.

സിനിമയുടെ ഷൂട്ടിങ് എത്ര കുഴപ്പം പിടിച്ചതായിരുന്നെങ്കിലും ഞാൻ എന്റെ ജോലി വളരെ ഭംഗിയായി ചെയ്തിരുന്നു. പക്ഷേ, എന്റെ റോളിന് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചതും എന്റെ ബാക്കി ഭാഗങ്ങൾ മറ്റൊരാൾ ചെയ്യുകയും ചെയ്തതുകൊണ്ട് എന്റെ റോളിന് ഒരു പരിഗണനയും നൽകാതെ മോശമാക്കി ചെയ്തിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എന്റെ വിശ്വാസം.

അത് ഒരിക്കലും ഞാൻ ചെയ്യാൻ ആഗ്രഹിച്ച വർക്ക് ആയിരിക്കില്ല. ആത്മവിശ്വാസത്തോടെ ഞാൻ ചെയ്ത സിനിമയാണ് അതെന്നോ എന്റെ കഥാപാത്രമാണെന്നോ പറയാൻ ഇനി എനിക്ക് ഒരിക്കലും കഴിയില്ല. ഇതൊക്കെയാണ് ഞാൻ നേരിട്ട ഏറ്റവും മോശമായ കാര്യമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഞാൻ വളരെ മാന്യയെന്നു കരുതി ബഹുമാനിച്ചിരുന്ന മനുവിന്റെ ഭാര്യ നൈന അതിലും മോശമായ ചില കാര്യങ്ങളുമായി മുന്നോട്ട് വരുന്നത്.

2022 ഏപ്രിലിൽ നൈന എന്റെ അമ്മയെ വിളിച്ച് ഞാൻ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യണം എന്ന് പറഞ്ഞു. അപ്പോൾ അമ്മ അവരോട് ചോദിച്ചു, ‘അഹാന ഡബ്ബ് ചെയ്യണമെങ്കിൽ നിങ്ങൾ എന്തുകൊണ്ട് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതിനു മുൻപ് അവളോട് അക്കാര്യം പറഞ്ഞില്ല’ എന്ന്. സംസാരിക്കുന്നതിനിടെ ഞാൻ സെറ്റിൽ ഒട്ടും പ്രൊഫഷണൽ ആയിരുന്നില്ല എന്ന് നൈന അമ്മയോടു പറഞ്ഞു.

ഞാൻ വളരെ പ്രൊഫഷണലായ വ്യക്തിയാണെന്നും എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ആർക്കും അതിൽ വിയോജിപ്പ് ഉണ്ടാകാൻ സാധ്യതയില്ലെന്നുമാണ് അമ്മ പ്രതികരിച്ചത്. ഒരുപാട് ദിവസങ്ങളിൽ നിങ്ങളുടെ ഭർത്താവ് സെറ്റിൽ മദ്യപിക്കുകയും എല്ലാവരെയും കാത്ത് ഇരുത്തുകയും ചെയ്ത കാര്യം അമ്മ നൈനയെ ഓർമിപ്പിച്ചപ്പോൾ ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ആരോപണമാണ് നൈന ഉന്നയിച്ചത്.

അവർ പറഞ്ഞത് ഇങ്ങനെയാണ് "എന്റെ ഭർത്താവ് മദ്യം മാത്രമല്ലേ ഉപയോഗിക്കുന്നുള്ളൂ, നിങ്ങളുടെ മകൾ മയക്കുമരുന്നിന് അടിമയാണ്" എന്ന്. മകളെക്കുറിച്ച് ഇത്തരമൊരു വാസ്തവരഹിതമായ ഗുരുതര ആരോപണം ഉന്നയിക്കുന്നത് കേട്ട് ഞെട്ടിപ്പോയ എന്റെ അമ്മ "സൂക്ഷിച്ച് സംസാരിക്കണം, ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്" എന്ന് അവരോട് പറഞ്ഞിട്ട് അമ്മ കാൾ കട്ട് ചെയ്തു. ഇതായിരുന്നു അമ്മയും നൈനയും തമ്മിലുണ്ടായ സംഭാഷണം.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആ ഫോൺ സംഭാഷണത്തിൽ നടന്നതിനെപ്പറ്റി തികച്ചും വാസ്തവവിരുദ്ധമായ കാര്യമാണ് നൈന പറഞ്ഞത്. കാരണം യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് ഒരിക്കലും തുറന്നുപറയാൻ കഴിയില്ല. നൈനയും അമ്മയുമായി നടന്ന ഫോൺ കോളിനെക്കുറിച്ചും നൈന എനിക്കെതിരെ ഉന്നയിച്ച ആരോപണത്തെപ്പറ്റിയും കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയെങ്കിലും ഇതേക്കുറിച്ച് മനുവിനോട് താങ്കളുടെ ഭാര്യ എന്തൊക്കെയാണ് ഈ പറയുന്നതെന്ന് ചോദിയ്ക്കാൻ എനിക്ക് തോന്നിയില്ല അതിനു കാരണം ഇതാണ്:

1) അതുവരെ അവർ ചെയ്ത കാര്യങ്ങൾ നേരിട്ട് കണ്ട വ്യക്തി എന്ന നിലയിൽ അവർ ഇതും ഇതിനപ്പുറവും പറയുമെന്ന് എനിക്കുറപ്പായിരുന്നു.

2) ഞാൻ എങ്ങനെയുള്ള ആളാണെന്ന് എനിക്ക് പൂർണ്ണ ബോധ്യമുള്ളതുകൊണ്ട് മറ്റുള്ളവർ എന്നെപ്പറ്റി എന്ത് പറഞ്ഞാലും അത് എന്നെ ബാധിക്കില്ല. എന്തായാലും അതിനു ശേഷം മനുവിൽ നിന്നോ നൈനയിൽ നിന്നോ എനിക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ല. എന്റെ അമ്മ നൈനയോട് ‘അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ സൂക്ഷിച്ചു പറയണം’ എന്ന് പറഞ്ഞതിനാൽ, അത്തരം നുണകൾ പറഞ്ഞ് നടന്നാൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അവർക്ക് ബോധ്യം വന്നിട്ടുണ്ടാകുമെന്ന് ഞങ്ങൾ കരുതി. അടുത്ത 8-9 മാസത്തേക്ക്, എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ലായിരുന്നു, ആ സിനിമയിൽ എന്താണ് സംഭവിക്കുന്നതെന്ന ഒരു അറിവും എനിക്കുണ്ടായിരുന്നില്ല.

2022 ഡിസംബറിൽ, ഒരു പരിപാടിയിൽ വച്ച് മലയാളം സിനിമയിലെ ഒരു നടിയെ ഞാൻ പരിചയപ്പെട്ടു. അവർ പിന്നീട് എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയെങ്കിലും ആ പരിപാടിയിൽ വച്ചാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. ആ പരിപാടിയിൽ വച്ച് കുറെ നേരം ഒരുമിച്ച് ചെലവഴിക്കുകയും സംസാരിക്കുകയും ചെയ്തപ്പോൾ എന്നോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അവർ പറഞ്ഞു. മനു ജെയിംസും നൈന മനു ജെയിംസും കുറച്ച് അസിസ്റ്റന്റ് ഡയറക്ടർമാരും മറ്റൊരു പ്രൊജക്ടുമായി അവളെ സമീപിച്ചിരുന്നു എന്നും ആ മീറ്റിങ്ങിനിടെ നാൻസി റാണിയെപ്പറ്റി സംസാരം ഉണ്ടായെന്നും അവർ പറഞ്ഞു. എന്നെക്കുറിച്ച് മനു അവരോട് പറഞ്ഞത് ഇങ്ങനെയാണ്, "അഹാന വളരെ നല്ല നടിയായിരുന്നു, പക്ഷേ അവളുടെ പെരുമാറ്റം വളരെ മോശമാണ്. അവൾ ഒട്ടും പ്രൊഫഷണലല്ലായിരുന്നു, സെറ്റിൽ എപ്പോഴും വൈകിയാണ് വന്നിരുന്നത്. ഷൂട്ടിങ് ദിവസങ്ങളിൽ അവൾ പലപ്പോഴും ട്രിപ്പുകൾക്ക് പോവുമായിരുന്നു. അവൾ മയക്കുമരുന്നിന് അടിമയായതിനാൽ അവൾക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്.

"എന്നോട് ഇക്കാര്യം പറഞ്ഞ നടി എന്നോട് പറഞ്ഞത്, എന്നോട് ഇത്രനേരം ഇടപെഴകിയതിൽ നിന്ന് മനു പറഞ്ഞ തരത്തിലുള്ള ആളല്ല ഞാൻ എന്ന് മനസ്സിലായെന്നും അതുകൊണ്ട് ഈ ഭർത്താവും ഭാര്യയും എന്നെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതെന്ന് ഞാൻ അറിഞ്ഞിരിക്കണം എന്ന് തോന്നിയതു കൊണ്ടാണ് ഇത് തുറന്നുപറയുന്നത് എന്നാണ്. ഞാൻ സെറ്റിൽ എത്ര മാന്യയും പ്രൊഫഷണലുമാണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നിട്ടും യാതൊരു തെളിവുമില്ലാതെ ഇത്രയും അടിസ്ഥാനരഹിതമായ ഒരു നുണപ്രചാരണം എന്നെപ്പറ്റി നടത്തുന്ന അവർ എത്ര മാത്രം വൃത്തികെട്ട മനസ്സിന് ഉടമകളാണെന്നോർത്ത് ഞാൻ ഞെട്ടിപ്പോയി. ഞങ്ങളുടെ സെറ്റിൽ ജോലി ചെയ്തിരുന്ന ആരോട് ചോദിച്ചാലും ഞാൻ എത്ര ഉത്സാഹത്തോടെയാണ് ആ സെറ്റിൽ ഉണ്ടായിരുന്നതെന്നും, ഒരിക്കലും ഞാൻ വൈകിയെത്തിയിട്ടില്ല എന്നും, ആവശ്യപ്പെടുന്ന സമയത്തെല്ലാം കൃത്യമായി സെറ്റിലെത്താറുള്ള വളരെ പ്രൊഫഷണലായി ജോലിയെ സമീപിക്കുന്ന ഒരാളാണ് ഞാനെന്ന് അവർ ഉറപ്പായും പറയുമെന്നാണ് എന്റെ വിശ്വാസം.

ആ നടി എന്നോട് ഇതൊക്കെ പറഞ്ഞിട്ടും ഇതിനോടൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല. കാരണം മനുവും അയാളുടെ ഭാര്യയും ഇതിലും വൃത്തികെട്ട കളികൾ കളിക്കുന്നവരാണെന്ന് അതിനോടകം തന്നെ എനിക്ക് ബോധ്യമായിരുന്നു. ഞാൻ മുമ്പ് പറഞ്ഞതുപോലെ ഈ രണ്ടു വ്യക്തികൾ പറയുന്ന നുണകളോട് പ്രതികരിക്കാതെ എല്ലായ്പ്പോഴും സത്യത്തിന്റെ ശക്തിയിൽ മാത്രം ഞാൻ വിശ്വസിച്ചിരുന്നു.

ഈ രണ്ടു വ്യക്തികൾ അവരുടെ പ്രൊഫഷണലിസമില്ലായ്മയും വിവരമില്ലായ്മയും മറച്ചുവയ്ക്കാൻ സിനിമയിലെ നായികയെത്തന്നെ വ്യക്തിയധിക്ഷേപം ചെയ്യുന്ന നിലയിലേക്ക് അധഃപതിച്ചതിനാൽ അത് അങ്ങനെ തന്നെ വിട്ടു. 2023 ജനുവരിയിൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റും എന്റെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ശ്രീമതി സംഗീത ജനചന്ദ്രനിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. മനുവും നൈനയും സിനിമയുടെ മാർക്കറ്റിങ്ങിനെ കുറിച്ച് സംസാരിക്കാൻ അവരെ കണ്ടെന്നു അവർ പറഞ്ഞു. കൊച്ചിയിലെ ഒരു കഫേയിൽ വച്ചാണ് അവർ കണ്ടത്.

സംഭാഷണത്തിനിടയിൽ, സിനിമ ഇത്രയും മോശമായതിന്റെ കാരണം വിശദീകരിക്കേണ്ടി വന്നപ്പോൾ മനുവും നൈനയും ആ പഴയ മയക്കുമരുന്ന് കഥ തന്നെ പുറത്തെടുത്തു. രണ്ടുപേരും ഒരുമിച്ച് ഇക്കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഇത് കേട്ട സംഗീത ചേച്ചി ഞെട്ടിപ്പോയി, അഹാനയെ തനിക്ക് അറിയാമെന്നും അവൾ ഒരിക്കലും ഇങ്ങനെ ചെയ്യുന്ന വ്യക്തിയല്ലെന്നും സംഗീത ചേച്ചി അവരോട് പറഞ്ഞു.

മീറ്റിങ് കഴിഞ്ഞയുടനെ തന്നെ സംഗീത ചേച്ചി എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചു. നിയമപരമായ ഒരു ആവശ്യം വരികയാണെങ്കിൽ മനുവും നൈനയും പറഞ്ഞ കാര്യത്തെക്കുറിച്ച് തുറന്നുപറയാൻ തയ്യാറാണെന്ന് എന്നോട് ഇക്കാര്യം പറഞ്ഞ നടിയും സംഗീത ചേച്ചിയും തയ്യാറാണ്. പിന്നീട് ഞാൻ മനസ്സിലാക്കിയത് മനുവും നൈനയും എനിക്ക് പരിചയമുള്ള മറ്റു രണ്ട് വ്യക്തികളോടും ഈ നുണ പറഞ്ഞതായിട്ടാണ്.

ഈ നുണക്കഥ അവർ അപ്പോൾ നിരവധി പേരോട് പറയുന്നുണ്ടാകാം എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഇതിനെക്കുറിച്ച് എന്റെ മാതാപിതാക്കളോട് പറഞ്ഞു, അവർ എന്നോട് പറഞ്ഞത് ഞാൻ ഇത് മനുവിനോട് സംസാരിക്കണമെന്നും അവന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കണമെന്നുമാണ്. 2023 ജനുവരി 26ന് ഞാൻ മനുവിനെ ഫോണിൽ വിളിച്ചു (എന്റെ കൈവശം ഇതിന്റെ മുഴുവൻ കോൾ റെക്കോർഡിങ്ങും ഉണ്ട്). ഈ കോളിൽ, അവർ ഇത്തരത്തിൽ ഒരു നുണ പറഞ്ഞെന്ന് അയാൾ സമ്മതിച്ചു, വേണമെങ്കിൽ ആ നടിയെയും സംഗീതയെയും നേരിട്ട് വിളിച്ച് അത് ഒരു നുണയായിരുന്നു എന്ന് പറയുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

നിങ്ങൾ ഇത്തരത്തിൽ എനിക്കെതിരെ നുണ പറഞ്ഞു നടക്കുന്നതിനെതിരെ ഞാൻ മാനനഷ്ടത്തിന് മനുവിനും ഭാര്യ നൈനയ്ക്കുമെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ഞാൻ ആ കോളിൽ മനുവിനോട് പറഞ്ഞിരുന്നു. ഈ കോളിന് ശേഷം അയാൾ എന്നോട് ക്ഷമാപണം നടത്തി അയച്ച ഒരു വാട്ട്‌സ്ആപ്പ് വോയ്‌സ് സന്ദേശം എന്റെ കയ്യിൽ ഉണ്ട്. അതിൽ അയാൾ തെറ്റിന് ക്ഷമാപണം നടത്തുകയും അത് തിരുത്താൻ സമ്മതിക്കുകയും ചെയ്തിരുന്നു. (ഈ വോയ്‌സ് നോട്ട് എന്റെ പക്കലുണ്ട്). ഈ സംഭവം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷം നിർഭാഗ്യവശാൽ മനു മരിച്ചു.

ഇതൊക്കെയാണ് ശരിക്കും സംഭവിച്ചത്. ഞാൻ ചെയ്ത സിനിമ എത്ര മോശമായാലും അതിന്റെ പ്രൊമോഷന് ഉറപ്പായും സഹകരിക്കും. പക്ഷേ ഇവിടെ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് സംഭവിച്ചത്. ഞാൻ ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. സിനിമ ഇപ്പോൾ ആരെയൊക്കെയോ കൊണ്ട് അഭിനയിപ്പിച്ചു തീർത്ത് ഡബ്ബ് ചെയ്യിച്ച് ശരിക്കും ഒരു കോമഡി പീസ് ആക്കി മാറ്റിക്കഴിഞ്ഞു.

ഞാൻ സമ്മതിച്ചിട്ടില്ലാത്ത എന്റെ അറിവില്ലാത്ത ഒരുപാട് സീനുകൾ ഷൂട്ട് ചെയ്തു ചേർത്തിട്ടുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. (സിനിമയുടെ യഥാർഥ കാമറാമാൻ എന്നോട് പറഞ്ഞത് അടുത്തിടെ അദ്ദേഹം ഈ സിനിമ കാണാൻ ഇടയായെന്നും അതിൽ അദ്ദേഹം ഷൂട്ട് ചെയ്തിട്ടില്ലാത്ത നിരവധി ഷോട്ടുകൾ ഉണ്ടെന്നുമാണ്). ഈ സംവിധായകനും ഭാര്യയും എനിക്കെതിരെ മയക്കുമരുന്നിന് അടിമയാണെന്ന തരത്തിൽ കല്ലുവച്ച നുണ പ്രചരിപ്പിച്ച് എന്നെയും എന്റെ കുടുംബത്തെയും മാസങ്ങളോളം തീ തീറ്റിച്ചു. അവരുടെ തെറ്റുകൾ മറച്ചുവെക്കാൻ വേണ്ടി മാത്രം ഞാൻ മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞുണ്ടാക്കി. നൈന പത്രസമ്മേളനത്തിലും അഭിമുഖങ്ങളിലും പറഞ്ഞ ചില കാര്യങ്ങളോടുള്ള എന്റെ പ്രതികരണങ്ങൾ ഇവയാണ്:

1. അഹാനയും മനുവിനും ഇടയിൽ ‘ചില’ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പക്ഷേ അത്തരം പ്രശ്നങ്ങളൊന്നും എനിക്കറിയില്ല. എന്തായാലും എല്ലാം നടന്നിട്ട് മൂന്നുവർഷം കഴിഞ്ഞു, അഹാനയ്ക്ക് ക്ഷമിക്കാനും മറക്കാനും കഴിയുമെങ്കിൽ വന്നു പ്രൊമോഷനിൽ പങ്കെടുക്കുക. എന്റെ പ്രതികരണം ഇതാണ്: ഇത് "എന്തോ" പ്രശ്നമല്ല. നിങ്ങൾ രണ്ടുപേർക്കും എതിരെ കേസ് ഫയൽ ചെയ്യാൻ വരെ കാരണമാകുന്ന വളരെ ഗുരുതരമായ പ്രശ്നമാണിത്. പ്രശ്നങ്ങൾ എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെന്ന് നിങ്ങൾ പറഞ്ഞത് നുണയാണ്.

നിങ്ങളും മനുവും ഈ വിഷയത്തിൽ ഒരുപോലെ ഉൾപ്പെട്ടിരുന്നതിനാൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നന്നായി അറിയാമായിരുന്നു. നിങ്ങൾ ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മറക്കാൻ കഴിയുമെങ്കിൽ എനിക്ക് അതിനു കഴിയില്ല കാരണം ഇത്രയും വര്ഷം കൊണ്ട് ഞാൻ എന്തൊക്കെയാണ് അനുഭവിച്ചതെന്ന് എനിക്ക് നന്നായി അറിയാം. നിങ്ങൾക്കോ ​​നിങ്ങളുടെ സഹോദരിക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇങ്ങനെ എളുപ്പത്തിൽ ഇത് മറക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല.

2. ഞാൻ ഒരു മാനുഷിക പരിഗണനയും കാണിക്കുന്നില്ലെന്ന് നൈന പറഞ്ഞു. എന്റെ പ്രതികരണം: എനിക്ക് ഒരു മാനുഷിക പരിഗണന ഉള്ളതുകൊണ്ടാണ് 2023 സെപ്റ്റംബറിൽ സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങിയപ്പോൾ ഞാൻ അത് എന്തുകൊണ്ട് പ്രൊമോട്ട് ചെയ്തില്ല എന്ന് ആളുകൾ ചോദിച്ചപ്പോൾ ഞാൻ മൗനം പാലിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് പ്രൊമോട്ട് ചെയ്യാത്തതിന് എന്നെ കുറേപേർ കുറ്റപ്പെടുത്തിയപ്പോൾ ഞാൻ ഒന്നും തുറന്നുപറയാതെ ആ കുറ്റപ്പെടുത്തലുകൾ എല്ലാം നേരിടുകയായിരുന്നു.

എനിക്ക് മാനുഷിക പരിഗണന ഉള്ളത് കൊണ്ടാണ് മനുവും നിങ്ങളും എനിക്കെതിരെ ചെയ്തതിനെക്കുറിച്ച് എവിടെയും ഇതുവരെ വെളിപ്പെടുത്താതിരുന്നത്. അതേ മാനുഷിക പരിഗണന കൊണ്ട് മാത്രമാണ് സിനിമയുടെ ആദ്യ പത്രസമ്മേളനത്തിനു ശേഷം നിങ്ങൾ എനിക്കെതിരെ ഈ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ എനിക്ക് പറയാനുള്ളത് തുറന്നു പറയാതെ ഇതുവരെ മിണ്ടാതിരുന്നത്.

ആവർത്തിച്ചുള്ള നുണ പ്രചരണങ്ങളും വിഡിയോകളും വരുന്നത് കണ്ടപ്പോഴാണ് ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങൾ കണ്ടു മിണ്ടാതെ ഇരിക്കരുത് എന്ന് എന്നെ സ്നേഹിക്കുന്നർ പറയുന്നത് ചെവിക്കൊള്ളണമെന്ന് എനിക്ക് തോന്നിയത്. മനു മരിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം യാദൃച്ഛികമായി നിങ്ങളെ കണ്ടുമുട്ടിയപ്പോൾ, നിങ്ങൾ എന്നെക്കുറിച്ച് അത്തരം നുണകൾ പ്രചരിപ്പിക്കുന്നതിൽ പങ്കാളിയായിരുന്നിട്ടും, ഞാൻ നിങ്ങളെ കെട്ടിപ്പിടിച്ചു, ആശ്വസിപ്പിച്ച് നിങ്ങളോട് വളരെ മാന്യമായി സംസാരിക്കുകയാണ് ഉണ്ടായത്.

ആ ദിവസം പോലും നമ്മൾ ഈ മയക്കുമരുന്ന് കഥയെപ്പറ്റി ചർച്ച ചെയ്‌തെങ്കിലും നിങ്ങൾക്ക് സ്വയം ന്യായീകരിക്കാൻ പോലും പറയാൻ ഒന്നുമില്ലായിരുന്നു. നിങ്ങൾ എന്റെ മുന്നിൽ നിശബ്ദയായി നിന്നു. എന്നിട്ടും, ഈ അഭിമുഖങ്ങളിൽ എനിക്കെതിരെ ഇത്തരത്തിൽ വാസ്തവവിരുദ്ധമായ കഥകൾ പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നിഎന്നോർത്ത് ഞാൻ ശരിക്കും അത്ഭുതപ്പെടുന്നു.

3. ആ സിനിമ ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലാണ് ചിത്രീകരിച്ചത് എന്ന നിങ്ങളുടെ കമന്റിനോട് എന്റെ പ്രതികരണം: ആയിരക്കണക്കിന് സിനിമാ സംവിധായകർ ഒരു നിർമ്മാതാവിനെ കണ്ടെത്താൻ പാടുപെടുമ്പോൾ ഈ സിനിമയുടെ പ്രാരംഭ ഷെഡ്യൂളുകളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് പണത്തിന്റെയും സമയത്തിന്റെയും ദുരുപയോഗമായിരുന്നു. ഇത്തരം ദുരുപയോഗങ്ങൾ ഒരുപക്ഷേ ഷൂട്ടിങിന്റെ പിന്നീടുള്ള ദിവസങ്ങളിൽ നിങ്ങളെ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചിട്ടുണ്ടാകും.

4. അഭിമുഖങ്ങളിൽ നൈന പറയുന്നത് പോലെ ഈ സിനിമയുടെ പ്രൊമോഷൻ ചെയ്യാൻ നിയമപരമായി എന്നെ ബാധ്യസ്ഥനാക്കുന്ന ഒരു കരാറിലും ഞാൻ ഒപ്പിട്ടിട്ടില്ല. എനിക്ക് സിനിമയിൽ അഭിനയിക്കാൻ പണം ലഭിച്ചിട്ടുണ്ട്, സമ്മതിച്ച ഡേറ്റ് തീർന്നിട്ടും വിളിക്കുമ്പോഴെല്ലാം ഞാൻ ഷൂട്ടിങിന് പോയിട്ടുണ്ട്. എല്ലാ സിനിമകളിലും ചെയ്യുന്നത് പോലെ സാധാരണയായി അവർ എന്നെ സിനിമയ്ക്ക് ഡബ്ബ് ചെയ്യാൻ വിളിച്ചിരുന്നെങ്കിൽ ഞാൻ പൂർണ മനസ്സോടെ സിനിമയ്ക്ക് ഡബ്ബ് ചെയ്യുമായിരുന്നു.

ഈ പ്രശ്‌നങ്ങളൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഒരു കരാറില്ലാതെ പോലും ഇല്ലാതെ സിനിമയെ ഞാൻ പ്രൊമോട്ട് ചെയ്യുമായിരുന്നു. കാര്യങ്ങൾ എനിക്ക് സഹിക്കാവുന്നതിനുമപ്പുറം കുഴപ്പത്തിലാക്കുകയും പിന്നീട് ഒന്നും സംഭവിച്ചിട്ടില്ലെന്ന് നടിക്കുകയും മറ്റുള്ളവരും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്താൽ, അത് എല്ലാവര്ക്കും സാധിക്കില്ല! ഭർത്താവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ഒരു ഭാര്യയായി ആളുകളുടെ മുന്നിൽ നൈന അഭിനയിക്കുന്നത് കാണുമ്പോൾ ഒരുപക്ഷേ 2 വർഷം മുമ്പ് ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നതിനു മുൻപ് ആയിരുന്നെങ്കിൽ ഞാൻ അവരുടെ ഉദ്ദേശ്യത്തെ സംശയിക്കില്ലായിരുന്നു.

പക്ഷേ, 2023 സെപ്റ്റംബർ 5 ന് വാട്ട്‌സ്ആപ്പ് വഴി നൈനയുമായി ഞാൻ അവസാനമായി സംസാരിച്ചപ്പോൾ നൈന എനിക്ക് അയച്ച ഒരു മെസ്സേജ് വായിച്ച് ഞാൻ ഞെട്ടിപ്പോയി, അതിനുശേഷം ഞാൻ അവരുമായി ഒരിക്കലും സംസാരിച്ചിട്ടില്ല. ആ മെസ്സേജിൽ ഭർത്താവുമായുള്ള അത്ര സുഖകരമല്ലാത്ത ബന്ധത്തെക്കുറിച്ചും, ജീവിതത്തിൽ സമാധാനം ആവശ്യമുള്ളതിനാൽ, ആഗ്രഹമില്ലെങ്കിലും ചില കാര്യങ്ങളിൽ അദ്ദേഹത്തോടൊപ്പം നിൽക്കേണ്ടി വന്നതിനെക്കുറിച്ചും അവർ ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഈ സിനിമ ഉൾപ്പെടെ, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. ആ മെസ്സേജിൽ അവർ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, പക്ഷേ എനിക്ക് പറയാനുള്ളത് സാധൂകരിക്കുന്നതിനായി അത് പബ്ലിക്ക് ആയി ഇടാൻ ഞാൻ താല്പര്യപ്പെടുന്നില്ല.

എങ്കിലും അവർ എനിക്ക് അയച്ച മെസ്സേജ് ഒരു തെളിവായി എന്റെ പക്കലുണ്ട്. അവർ രണ്ടുപേരും തമ്മിലുള്ള പ്രശ്നങ്ങൾ എന്തായിരുന്നു എന്നത് എന്റെ വിഷയമല്ല. എന്നാൽ ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞ ഒരാൾക്ക്, പൊടുന്നനെ തികച്ചും വ്യത്യസ്തമായ ഒരു കാര്യം പബ്ലിക് ആയി വന്നു പറയുന്നത് ശുദ്ധമായ ഇരട്ടത്താപ്പാണ്, സിനിമയെ പ്രൊമോട്ട് ചെയ്യാനായി സഹതാപതരംഗം ലഭിക്കാനുള്ള ഒരു ആസൂത്രിത പിആർ തന്ത്രമായിട്ടാണ് ഇതിനെ എനിക്ക് മനസ്സിലാകുന്നത്. നിങ്ങൾ ഈ സിനിമ റിലീസ് ചെയ്യണമെന്നും അത് പ്രൊമോട്ട് ചെയ്യണമെന്നും ആഗ്രഹമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ അത് ചെയ്യുമ്പോൾ എന്നെ ഇതിലേക്ക് വലിച്ചിഴക്കാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നു.

പക്ഷേ, നിർഭാഗ്യവശാൽ, നിങ്ങൾ പാലിക്കേണ്ടിയിരുന്ന മാനുഷിക പരിഗണന മറന്നു, പകരം എന്നെ തെറ്റുകാരിയാക്കി ഒരു മോശം വ്യക്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചു. സിനിമയുടെ ചിത്രീകരണത്തിലുടനീളം ഞാൻ പ്രൊഫഷനലും മാന്യയുമായി മാത്രമേ പെരുമാറിയിട്ടുള്ളൂ എന്നും നിങ്ങൾ രണ്ടുപേരും എന്നോട് എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് നന്നായി അറിയാമെന്നും ഉറപ്പുണ്ടായിരിക്കെ സിനിമ പരാജയപ്പെടുന്നതിനു കാരണം ഞാൻ മാത്രമാണെന്ന് വരുത്തിത്തീർക്കാൻ നിങ്ങൾ ശ്രമിച്ചു. ഇതെല്ലാം അറിഞ്ഞിരുന്നിട്ടും ഒരു മാർക്കറ്റിങ് ടൂൾ എന്ന നിലയിൽ എന്റെ പേര് ദുരുപയോഗം ചെയ്യുകയും എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തത് തികച്ചും അന്യായവും വേദനാജനകവുമാണ്. എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ. നൈന, മനു, ഇതെല്ലാം പറയേണ്ടിവന്നതിൽ എനിക്ക് ദുഃഖമുണ്ട്. പക്ഷേ ഇതെല്ലാം ഞാൻ തുറന്നു പറയാൻ കാരണം നിങ്ങളാണ്, നിങ്ങളാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്.

എന്നോട് ഇത്രയും ചെയ്ത് എന്റെ പേര് മോശമാക്കിയിട്ടും എനിക്ക് ഇപ്പോഴും അവരോട് ഒരു പകയും ഇല്ല. ഇതെല്ലാം നിവൃത്തിയില്ലാത്ത അവർ അവരുടെ നിലനിൽപ്പിന് വേണ്ടി ചെയ്തതായിരിക്കാം എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. ഈ പ്രശ്നങ്ങളേക്കാൾ വലുതാണ് സിനിമയും മറ്റു കലാസൃഷ്ടികളും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഈ സിനിമ വിജയിക്കട്ടെ എന്നും മനുവിന്റെ സ്വപ്നം സാക്ഷാൽക്കരിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കട്ടെ എന്നും ഞാൻ എന്റെ ഉള്ളുരുകി പ്രാർഥിക്കുന്നു. സ്നേഹവും സമാധാനവും സത്യവും വിജയിക്കട്ടെ.’’–അഹാന കുറിച്ചു.

‘‘ഈ സിനിമയിൽ ഞങ്ങൾ അഹാനയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, ഈ പ്രസ്താവനയിൽ അഹാന പറഞ്ഞ എല്ലാ കാര്യങ്ങളോടും ഞങ്ങൾ പൂർണ്ണമായും യോജിക്കുന്നു’’ എന്ന് സിനിമയുടെ അണിയറപ്രവർത്തകകരായ സിനിമാറ്റോഗ്രാഫർ രാഗേഷ് നാരായണൻ, ആദ്യഘട്ട എഡിറ്റർ ബസോദ് ടി ബാബുരാജ്, കോസ്റ്റ്യൂമർ മൃദുല മുരളി, സ്റ്റിൽ ഫോട്ടോഗ്രാഫർ അഖിൽ രാജ്, അസിസ്റ്റന്റ് ഡയറക്ടർ തോമസ് ഹരി എന്നിവർ അഹാനയുടെ പ്രസ്താവനയുടെ ഒടുവിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനു ജയിംസിന്റെ വിയോ​ഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാൻസി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിൻറെ അപ്രതീക്ഷിത വിയോഗം. ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്ന‍ഡ, ഇംഗ്ലീഷ് സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു.

മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാൻസി റാണി. മനുവിന്റെ മരണശേഷം സിനിമയുടെ ചുമതല ഭാര്യ നൈന ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഹാന പങ്കെടുത്തിരുന്നില്ല. സിനിമയിലെ മറ്റു താരങ്ങളായ അജു വർഗീസ്, സോഹൻ സീനു ലാൽ, ദേവി അജിത്ത് എന്നിവർ പ്രസ്മീറ്റിൽ പങ്കെടുത്തു. ഈ വേദിയിൽ വച്ചാണ് അഹാന സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ല എന്ന് പറഞ്ഞ് നൈന രം​ഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com