
ഓസ്‌കറിന്റെ റെഡ് കാര്‍പ്പറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള അനന്യ ശാന്‍ഭാഗ് എത്തിയത് ഓഫ് വൈറ്റ് നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ചായിരുന്നു. ലാളിത്യവും സ്‌റ്റൈലും സമന്വയിച്ച ആ ലുക്കില്‍ ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കി. ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ആ ലുക്കിനു പിന്നില്‍ പ്രവര്‍ത്തിച്ചത് നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണയായിരുന്നു. കേരള കൈത്തറിയിലാണ് പൂര്‍ണിമ അനന്യയ്ക്കായി ആ സ്‌പെഷല്‍ ഓസ്‌കര്‍ ഔട്ട്ഫിറ്റ് ഒരുക്കിയത്.
2013ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫാഷന്‍ ലേബലായ പ്രാണ തരംഗമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷവും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. ഹോളിവുഡിലെ ഏറ്റവും വലിയ വേദിയായ ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റിനായി അനന്യ ശാന്‍ഭാഗ് ധരിച്ചെത്തിയ കേരള കൈത്തറി പൂര്‍ണിമയ്ക്ക് മറ്റൊരു നാഴികക്കല്ലായി. ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ആ ലുക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച പൂര്‍ണിമ ഇന്ദ്രജിത്ത്, ഈ വിജയം, സൃഷ്ടിപരമായ യാത്ര, കേരളത്തിന്റെ കൈത്തറി വ്യവസായം, വരാനിരിക്കുന്ന പ്രോജക്ടുകള്‍ എന്നിവയെക്കുറിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് മനസ് തുറന്നു.
ഓസ്‌കറില്‍ അനന്യയ്ക്കായുള്ള ഡിസൈനിന് പ്രചോദനമായത് എന്താണ്?
പ്രാണയില്‍, ഞാന്‍ പ്രധാനമായും കൈത്തറിയിലാണ് ഡിസൈന്‍ ചെയ്യുന്നത്. പുതിയ ആശയങ്ങള്‍ വികസിപ്പിക്കാനും നെയ്ത്ത് പ്രക്രിയയില്‍ പുതിയ പാറ്റേണുകള്‍ അവതരിപ്പിക്കാനും ധരിക്കാവുന്ന തരത്തില്‍ ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് രൂപം നല്‍കാനും ഞാന്‍ ശ്രമിക്കുന്നു. റെഡ് കാര്‍പ്പറ്റ് വസ്ത്ര ഡിസൈനിനായി ഞാന്‍ പ്രവര്‍ത്തിക്കുമ്പോള്‍, കൈത്തറിയെ പ്രതിനിധീകരിക്കുകയും അത് ധരിക്കുന്ന വ്യക്തിക്ക് ആത്മവിശ്വാസം തോന്നുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അത് അവരുടെ പ്രായത്തിനും അവസരത്തിനും നിമിഷത്തിനും യോജിച്ചതായിരിക്കണം. അത് അവര്‍ക്ക് അവിസ്മരണീയമായിരിക്കണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.
മിക്കപ്പോഴും, ക്ലയന്റുമായുള്ള ചര്‍ച്ചകളിലൂടെയാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ അനന്യയുടെ കാര്യത്തില്‍, അവര്‍ എന്നെയാണ് ഇതിന്റെ പൂര്‍ണ ചുമതല ഏല്‍പ്പിച്ചത്. അതിനാല്‍, ഞാന്‍ അവര്‍ക്കായി ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കി. കൈത്തറിയിലെ വ്യത്യസ്ത തരം നെയ്ത്തുകളും കസവിലെ തന്നെ വ്യത്യസ്ത ഡിസൈനുകളും പാറ്റേണുകളും കാണിച്ചു കൊടുത്തു. എന്റെ ഓഫറുകളില്‍ അവര്‍ സന്തുഷ്ടയായിരുന്നു.
ഞാന്‍ അവര്‍ക്ക് അനുയോജ്യമായ സ്‌റ്റൈലിന് രൂപം നല്‍കാന്‍ ശ്രമിച്ച ഘട്ടത്തില്‍ കാലത്തിന് അനുസരിച്ചുള്ള ഒരു സമീപനം കൊണ്ടുവരണമെന്നായിരുന്നു എന്റെ ആഗ്രഹം. അവര്‍ ഒരു ഭരതനാട്യം നര്‍ത്തകിയായതിനാല്‍ അതിന് അനുയോജ്യമായ ലുക്ക് ആണ് ഞാന്‍ ഡിസൈന്‍ ചെയ്തത്. നമ്മുടെ വസ്ത്രധാരണരീതി നമ്മള്‍ വിശ്വസിക്കുന്നതിനോടും നമ്മുടെ മൂല്യങ്ങളോടും ധാര്‍മ്മികതയോടും നമ്മളെത്തന്നെ പ്രതിനിധീകരിക്കാന്‍ നമ്മള്‍ എങ്ങനെ സ്വപ്നം കാണുന്നു എന്നതിനോടും ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രതിഫലിക്കുന്ന തരത്തിലുള്ള ലുക്കിന് അവരെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
മിക്ക കൈത്തറി തുണിത്തരങ്ങളും ഭാരം കുറഞ്ഞതും ദൈനംദിന ഉപയോഗത്തിന് അനുയോജ്യവുമാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ ധരിക്കുന്ന തുണിക്ക് പ്രത്യേകത ഉണ്ടായിരിക്കണം. അതിനാല്‍, ഞങ്ങള്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഒരു പുതിയ തുണി വികസിപ്പിച്ചെടുത്തു. മുഴുവന്‍ വസ്ത്രവും അതിലാണ് നിര്‍മ്മിച്ചത്.
ഈ ലുക്കിന് അംഗീകാരം ലഭിച്ചതില്‍ ഇപ്പോള്‍ എന്തു തോന്നുന്നു, മുഖ്യമന്ത്രി പോലും അഭിനന്ദിച്ച ഘട്ടത്തില്‍?
എനിക്ക് വളരെ സന്തോഷം തോന്നി. എന്നാല്‍ എല്ലാറ്റിനുമുപരി, എനിക്ക് വലിയൊരു ഉത്തരവാദിത്തബോധം തോന്നി. കൈത്തറി നമ്മുടെ പൈതൃകവുമായും വ്യവസായവുമായും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, അത് നമ്മളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നു. സ്വീകാര്യതയും ഉത്തരവാദിത്തവും ആയി ഞാന്‍ ഇതിനെ കാണുന്നു. ഇതിനൊപ്പം ഏറെ ദൂരം മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചിന്തിക്കുന്നു.
ഇന്നത്തെ ഫാഷനിലെ കൈത്തറി വ്യവസായത്തെ എങ്ങനെ കാണുന്നു?
ചര്‍ച്ചകള്‍ എല്ലായിടത്തും നടക്കുന്നുണ്ട്. ദേശീയ തലത്തിലും കൈത്തറി വ്യവസായത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ സമാനമായ മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫാഷന്‍ രംഗത്ത് കൈത്തറിയുടെ സാന്നിധ്യം തീരെ കുറവാണ്. കേരളത്തില്‍, വളരെ കുറച്ച് ഡിസൈനര്‍മാര്‍ മാത്രമേ കൈത്തറിയില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുള്ളൂ. ഞാന്‍ ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ പഠിച്ചിട്ടില്ല. എന്റെ അറിവ് നേരിട്ടുള്ള അനുഭവങ്ങള്‍, യാത്രകള്‍, നെയ്ത്തുകാരോടൊപ്പം ദിവസങ്ങള്‍ ചെലവഴിക്കല്‍, അവരില്‍ നിന്ന് നേരിട്ട് പഠിക്കല്‍ എന്നിവയില്‍ നിന്നാണ്. ഞാന്‍ അവിടെ നിന്ന് പഠിച്ചത് പിന്നീട് പ്രായോഗികമാക്കാന്‍ ശ്രമിച്ചു. കൂടുതല്‍ ഡിസൈനര്‍മാര്‍ ഈ മേഖലയിലേക്ക് കടന്നുവരണം. വൈദഗ്ധ്യം നേടാന്‍ ശ്രമിക്കണം. സംഭാവന നല്‍കണം. കൈത്തറി ധരിക്കുന്നതില്‍ മാത്രമല്ല, അത് വ്യവസായ രംഗത്ത് വലിയ സംഭാവന നല്‍കുന്ന തലത്തിലേക്ക് വളരണം. ഇത് വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ പുതിയ തലമുറ വളരെ കഴിവുള്ളവരായതിനാല്‍ ഒരു വലിയ മാറ്റം വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ബാല്യം പോലുള്ള പുതിയ ആശയങ്ങള്‍ എങ്ങനെയാണ് കൊണ്ടുവന്നത്?
ഇന്നത്തെ കാലാവസ്ഥയില്‍ കലർപ്പില്ലാത്ത കോട്ടണ്‍ ആണ് ഏറ്റവും നല്ല ചോയ്‌സ്. മറ്റെന്തെങ്കിലും ധരിക്കാന്‍ പ്രയാസമാണ്. വസ്ത്രങ്ങളില്‍ കംഫര്‍ട്ടിനാണ് മുന്‍ഗണന. ആധുനിക ട്രെന്‍ഡ്‌സുമായി പൊരുത്തപ്പെടുന്ന തരത്തില്‍ കൈത്തറി സുഖകരവും ഫാഷനുമാക്കുക എന്നതായിരുന്നു എന്റെ സമീപനം. എന്റെ പുതിയ കളക്ഷനായ ബാല്യത്തില്‍ യൂണിസെക്‌സ് ഷര്‍ട്ടുകള്‍ ഉണ്ട്. കാരണം ഇന്ന് ലിംഗപരമായ വിവേചനം ഇല്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നത് ഫാഷന്‍രംഗത്ത് ആണ്. മെഷീന്‍ എംബ്രോയിഡറിയുമായി ബന്ധപ്പെട്ട ബാല്യകാല ഓര്‍മ്മകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൈകൊണ്ട് വരച്ച പാറ്റേണുകള്‍ ഡിസൈനുകളില്‍ ഉള്‍പ്പെടുന്നു. മുഴുവന്‍ കളക്ഷനുകളും കൈത്തറി മുണ്ടില്‍ നിന്നാണ് ഉണ്ടായത്.
വരാനിരിക്കുന്ന സിനിമാ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
ഒടിടിയ്ക്കായി രണ്ട് ഹിന്ദി പരമ്പരകളില്‍ ഞാന്‍ വേഷമിട്ടിട്ടുണ്ട്. രണ്ടും ഈ വര്‍ഷം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാന്‍ പോകുന്നു. അതിലൊന്നാണ് ധര്‍മ്മരാജ് ഷെട്ടി എഴുതി സംവിധാനം ചെയ്ത് വൈആര്‍എഫ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ഗ്യാങ്സ്റ്റര്‍ റാണിമാരെക്കുറിച്ചുള്ള രസകരമായ കഥയായ അക്ക. കാലാപാനിയിലും ഞാന്‍ വേഷമിട്ടിട്ടുണ്ട്. അതിന്റെ രണ്ടാം സീസണ്‍ ഉടന്‍ നെറ്റ്ഫ്‌ലിക്‌സില്‍ വരുന്നുണ്ട്. മലയാളത്തില്‍, ഷെയ്ന്‍ നിഗം നിര്‍മ്മിക്കുന്ന ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ച് വരികയാണ്. പാലക്കാട് ആണ് ഇതിന്റെ ഷൂട്ടിങ്. ചിത്രീകരണം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക