മുപ്പാലം മുഖം മിനുക്കി നാല്‍പ്പാലമായി, ആലപ്പുഴയുടെ സ്റ്റാര്‍ ലൊക്കേഷന് ഇനി 'പുതിയ മുഖം'

ഗതകാല സ്മരണങ്ങള്‍ നിലനിനിന്നിരുന്ന മുപ്പാലം പുതുക്കി പണിതതോടെ ആധുനികതയുടെ സൗന്ദര്യം കൂടി കൈവന്നിരിക്കുകയാണ്
തലപ്പാവ് എന്ന സിനിമയില്‍ മുപ്പാലം പശ്ചാത്തലമായ രംഗം
തലപ്പാവ് എന്ന സിനിമയില്‍ മുപ്പാലം പശ്ചാത്തലമായ രംഗം
Updated on
2 min read

ആലപ്പുഴ: കിഴക്കിന്റെ വെനീസ്, കായലും കടലും തോടുകളും നിറഞ്ഞ ആലപ്പുഴ. ഇന്ത്യന്‍ സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍ കൂടിയാണ് ആലപ്പുഴ. കായലിനും ഗ്രാമ ഭംഗിക്കും അപ്പുറത്ത് ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്തുണ്ടായിരുന്ന ഇത്തരമൊരു ലൊക്കേഷനാണ് 'മുപ്പാലം'. വിനോദസഞ്ചാരികളുടെ ഇഷ്ട പ്രദേശമായിരുന്ന മുപ്പാലം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ 100-ലധികം സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട്. ഗതകാല സ്മരണങ്ങള്‍ നിലനിനിന്നിരുന്ന മുപ്പാലം പുതുക്കി പണിതതോടെ ആധുനികതയുടെ സൗന്ദര്യം കൂടി കൈവന്നിരിക്കുകയാണ്.

ആലപ്പുഴ നഗരത്തെ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത തിരുവിതാംകൂറിന്റെ ദിവാന്‍ രാജാ കേശവദാസിന്റെ കാലത്താണ് മുപ്പാലവും നിര്‍മിക്കപ്പെടുന്നത്. തുറമുഖ നഗരമായിരുന്ന ആലപ്പുഴയെ രണ്ടു പ്രധാന കനാലുകളും അവയെ ബന്ധിപ്പിക്കുന്ന റോഡുകളും കൂട്ടിയിണക്കിയാണ് രൂപകല്‍പന ചെയ്തിരുന്നത്. വടാ കനാലിനെയും കൊമേഴ്‌സ്യല്‍ കനാലിനെയും ബന്ധിപ്പിക്കുന്നതായിരുന്നു ചരിത്ര പ്രസിദ്ധമായ മുപ്പാലം. ഈ പാലത്തെ നാല് പാലങ്ങളായാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് പുതുക്കി പണിതിരിക്കുന്നത്.

'മുപ്പാലം നിരവധി സിനിമകളുടെ ലൊക്കേഷന്‍ ആയിട്ടുണ്ട്,' ഫിലിം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ എ. കബീര്‍ പറയുന്നു 'ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് യുവതാരങ്ങളായ അല്ലു അര്‍ജുന്‍, രവി തേജ തുടങ്ങി നിരവധി പ്രശസ്ത ഇന്ത്യന്‍ അഭിനേതാക്കള്‍ മുപ്പാലത്തിന്റെ പശ്ചാത്തലത്തില്‍ കഥാപാത്രങ്ങളായിട്ടുണ്ട്. മലയാളത്തിന്റെ സത്യനില്‍ നിന്ന് ആരംഭിച്ച് ഫഹദ് ഫാസില്‍ വരെയുള്ള താരങ്ങളും കഥാപാത്രങ്ങളായി മുപ്പാലത്തില്‍ എത്തിയിട്ടുണ്ട്.

പഴയ മുപ്പാലം
പഴയ മുപ്പാലം

'ആലപ്പുഴയും കുട്ടനാടും സിനിമാ ഷൂട്ടിംഗിനുള്ള പ്രധാന കേന്ദ്രങ്ങളാണ്. ഇവിടുത്തെ മനോഹരമായ പ്രകൃതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാനിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നു,' കബീര്‍ കൂട്ടിച്ചേര്‍ത്തു. 'ഈ ജില്ലയുടെ പലഭാഗങ്ങളിലും അനവധി ഇന്ത്യന്‍ സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മുപ്പാലവും അത്തരത്തിലൊരു മനോഹരമായ ലൊക്കേഷനായിരുന്നു. പുതുതായി പുനര്‍നിര്‍മ്മിച്ച നാല്‍പാലവും അത്രതന്നെ ഭംഗിയുള്ളതാണെന്നും, ഇത് സിനിമാ സംഘങ്ങളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുമെന്നു പ്രതീക്ഷിക്കുന്നു ' കബീര്‍ പറഞ്ഞു.

ALAPUZHA
പുതുക്കി പണിത നാല്‍പ്പാലം

'പ്രവേശന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കനാല്‍ ശുചീകരണം, സംരക്ഷണഭിത്തി നിര്‍മ്മാണം, കൈവരികള്‍ സ്ഥാപിക്കല്‍, നടപ്പാത നിര്‍മാണം എന്നിവയും പൂര്‍ത്തിയായി,' പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. അജിത്കുമാര്‍ പറഞ്ഞു. 'മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള നാല്‍പ്പാലം സിനിമാ നിര്‍മാതാക്കളെയും വിനോദ സഞ്ചാരികളെയും തുടര്‍ന്നും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആലപ്പുഴ എംഎല്‍എ ചിത്തരഞ്ജനും പറയുന്നു. 17.44 കോടി രൂപ മുടക്കിയാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com