
കുഞ്ഞില മസിലമണിയുടെ പുതിയ ചിത്രമാണ് ഗുപ്തം (ദ് ലാസ്റ്റ് ഓഫ് ദെം പ്ലേഗ്സ്). പായൽ കപാഡിയ, ജിയോ ബേബി, കനി കുസൃതി, റിച്ച ഛദ്ദ, അലി ഫസൽ എന്നിവർ ചേർന്നാണ് ഗുപ്തം നിർമിക്കുന്നത്. കുഞ്ഞില മസിലമണി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. ഇപ്പോഴിതാ സിനിവി ഫിലിം മാർക്കറ്റ്സിൽ പ്രദർശനത്തിനൊരുങ്ങുകയാണ് ഗുപ്തം.
ഇതിന് മുൻപ് എൻഡിഎഫ്‌സി കോ-പ്രൊഡക്ഷൻ മാർക്കറ്റ് (2024), കേരള ഫിലിം മാർക്കറ്റ് (2024), ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ (2024) എന്നിവയിലേക്ക് ഗുപ്തം മുൻപ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചണ്ഡീഗഢിൽ വച്ച് ഈ മാസം 20 മുതൽ 23 വരെയാണ് ഇന്ത്യാസ് സിനിവെസ്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുക. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിൽ ജിയോ ബേബിയും കുഞ്ഞില മസിലമണിയും മുൻപ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 'തകർത്തു' എന്നാണ് ഗുപ്തത്തെക്കുറിച്ച് ജിയോ ബേബി പ്രതികരിച്ചത്.
അസാധാരണമായ ഒരു പ്രതിരോധത്തിന്റെ കഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു മന്ത്രവാദ വേട്ടയുടെ കണ്ണാടിയിലൂടെ മനുഷ്യബന്ധങ്ങളുടെ ആഴത്തിലുള്ള ചിത്രീകരണം സിനിമ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സ്ത്രീകളുടെ ചെറിയ ചെറുത്തുനിൽപ്പുകൾ വലിയ മാറ്റത്തിന് രൂപം നൽകുന്നുണ്ടെങ്കിലും അവ അംഗീകരിക്കപ്പെടാതെ തുടരുന്നു'- എന്ന് ചിത്രം അടിവരടിയുന്നുണ്ടെന്ന് നടി കനി കുസൃതി പറഞ്ഞു.
'കുഞ്ഞിലയുടെ അസംഘടിതർ എന്ന ഹ്രസ്വ ചിത്രം കണ്ടപ്പോൾ തന്നെ അവർ എന്നെ ആകർഷിച്ചു. അവരുടെ സിനിമാ യാത്രയിൽ എനിക്കും പങ്കാളിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ, സ്‌ക്രീനിൽ സ്ത്രീകൾ ഇല്ലാത്തതിന്റെ പേരിൽ ഞാൻ കുറേക്കാലം പോരാടിയുണ്ട്.
ഗുപ്തത്തേക്കുറിച്ച് ആദ്യം അറിഞ്ഞപ്പോൾ തന്നെ ഇത് ഞാൻ നിർമിക്കേണ്ട ഒരു സിനിമയാണെന്ന് എനിക്ക് ഉറപ്പായിരുന്നു. തന്നെ മറ്റൊരു രീതിയിൽ കാണുന്ന ഒരു സമൂഹത്തിനെതിരെ പോരാടുന്ന ഒരമ്മ, നമുക്ക് ചുറ്റുമുള്ള എണ്ണമറ്റ സ്ത്രീകളുടെ യാഥാർഥ്യമാണ്. ഗുപ്തത്തിലെ സേതുലക്ഷ്മിയെപ്പോലുള്ള സ്ത്രീകളെ കണ്ടാണ് ഞാൻ വളർന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സഹ നിർമാതാക്കളുമായി പ്രവർത്തിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ, ഈ പദ്ധതിക്ക് ആഗോളതലത്തിൽ പിന്തുണ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും' ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സംവിധായിക പായൽ കപാഡിയ പറഞ്ഞു.
'സംസ്കാരം എന്ന പേരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ' ചിത്രം തുറന്നു കാട്ടുന്നുണ്ടെന്ന് റിച്ച ഛദ്ദ പ്രതികരിച്ചു. ജിയോ ബേബി, പായൽ കപാഡിയ, കനി കുസൃതി എന്നിവരോടൊപ്പം സഹ നിർമാതാവായി പ്രവർത്തിക്കാനായതിന്റെ സന്തോഷവും റിച്ച പങ്കുവച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക