
ഷോർട്ട് ഫിലിമുകളിലൂടെയും സീരിസുകളിലൂടെയുമൊക്കെയെത്തി ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടനാണ് ആനന്ദ് മന്മഥൻ. ഒന്നിനു പിറകേ ഒന്നായി ആനന്ദ് അഭിനയിച്ച സിനിമകൾ പ്രേക്ഷകരിലേക്കെത്തുന്നു. അതിൽ പല കഥാപാത്രങ്ങളും മികച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു. എന്നാൽ സിനിമയിലെ ആനന്ദിന്റെ ഈ യാത്ര അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. ജയ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ആനന്ദിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്.
ചിത്രത്തിലെ ആനന്ദിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പൊന്മാൻ എന്ന ചിത്രത്തിലും ബേസിലിനൊപ്പം ആനന്ദ് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ബേസിലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് ആനന്ദ്. പെർഫോം ചെയ്യാനുള്ള സ്പെയ്സ് കൂടെ അഭിനയിക്കുന്നവർക്ക് നൽകാറുള്ള നടനാണ് ബേസിലെന്ന് ആനന്ദ് പറഞ്ഞു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദ് അനുഭവം പങ്കുവച്ചത്.
"നമുക്ക് പെർഫോം ചെയ്യാൻ സ്പെയ്സ് തരുന്ന ഒരാളാണ് ബേസിൽ. അതുപോലെ നമ്മുടെ കഥാപാത്രത്തെക്കുറിച്ച് ആഴത്തിലറിയാനും മനസിലാക്കാനുമൊക്കെ അനുവദിക്കാറുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം, അതുകൊണ്ട് തന്നെ അതിനുള്ള സ്കോപ്പ് നമുക്ക് തരും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമുണ്ടാകാറില്ല.
നമ്മൾ എന്തെങ്കിലും കൊടുത്താൽ, അതിന്റെ പത്തിരട്ടി അദ്ദേഹം തിരിച്ച് നൽകും".- ആനന്ദ് പറഞ്ഞു. 'പൊന്മാനി'ലെ ആത്മഹത്യ രംഗത്തേക്കുറിച്ചും ആനന്ദ് സംസാരിച്ചു. "ഒരുപാട് തലങ്ങളുള്ള ഒരു രംഗമാണത്. മലയാളത്തിൽ അതിനോട് സമാനമായ ഒരു രംഗം കണ്ടിട്ട് കുറേ നാളായി. ബേസിൽ അഭിനയിക്കുന്നത് എനിക്ക് അടുത്ത് നിന്ന് കാണാൻ പറ്റി. അദ്ദേഹം ഒരു നല്ല ഫിലിംമേക്കർ കൂടിയാണ്. അതുകൊണ്ട് തന്നെ ആ സീൻ എങ്ങനെ കൊണ്ടുപോകണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം, വൈകാരികതയുമൊക്കെ എങ്ങനെ വേണമെന്ന് അറിയാം.
ഒരു നല്ല സംവിധായകന് മികച്ച നടനാകാനും കഴിയുമെന്ന് ആ രംഗം തെളിയിച്ചു. നമ്മൾ അദ്ദേഹത്തെ പിറകിൽ നിന്ന് ഒന്ന് സപ്പോർട്ട് ചെയ്താൽ മാത്രം മതി. ജയ ജയ ജയ ജയ ജയ ഹേ, ഇപ്പോൾ പൊന്മാൻ, എനിക്ക് തോന്നുന്നു ബേസിൽ എന്റെ 'ലക്കി ചാം' ആണെന്ന്". - ആനന്ദ് പറഞ്ഞു.
പൊൻമാനിലെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന രംഗം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ആനന്ദ് പറഞ്ഞു. 'ലാൽ സലാം- എങ്ങനെ പറയണമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, ഗൗരവമായി പറയണോ വേണ്ടയോ എന്നൊക്കെയായിരുന്നു മനസിൽ. "ആ നിമിഷം ആളുകൾ ചിരിക്കണം" എന്നായിരുന്നു ജ്യോതിഷ് ചേട്ടൻ എന്നോട് പറഞ്ഞത്. ആളുകൾ ചിരിച്ചില്ലായിരുന്നെങ്കിൽ ആ രംഗം പരാജയപ്പെടുമായിരുന്നു.
ചെറിയ സ്ഥലവും കൂടി ആയിരുന്ന കൊണ്ട് ടെക്നിക്കലിയും കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു".- ആനന്ദ് വ്യക്തമാക്കി. ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും അഭിനയിക്കുന്ന പരം സുന്ദരി എന്ന ഹിന്ദി ചിത്രത്തിൻ്റെ ചിത്രീകരണത്തിലാണ് ആനന്ദ് ഇപ്പോൾ. ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി, ഇത്തിരി നേരം, മനു അശോകൻ്റെ വെബ് സീരീസ് ഐസ് തുടങ്ങിയവാണ് ആനന്ദിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പ്രൊജക്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക