
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഒരു പൊതുവേദിയിൽ വച്ച് നടൻ ആസിഫ് അലിയോടുള്ള സംഗീത സംവിധായകൻ രമേഷ് നാരായന്റെ പെരുമാറ്റം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം പരിഭവം മറന്ന് പരസ്പരം ആശ്ലേഷിക്കുന്ന ഇരുവരുടെയും വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന് ആണ് ഈ സന്തോഷം പങ്കിടലിനും ഒത്തു ചേരലിനും വേദിയായത്.
"ഞാന്‍ എന്താ പറയ്ക ഇങ്ങളോട്" എന്ന് രമേഷ് നാരായണോട് ചോദിക്കുന്ന ആസിഫ് അലിയെ വിഡിയോയില്‍ കാണാം. കഴിഞ്ഞ വർഷം എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയിലായിരുന്നു ആസിഫിനോട് രമേഷ് നാരായൺ മോശമായി പെരുമാറിയത്.
ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്‍റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് മൊമന്റോ കൈപ്പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ രമേഷ് നാരായണിനെതിരായ വിമര്‍ശനം സൈബര്‍ ആക്രമണത്തിന്‍റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു. തന്റെ സാഹചര്യം മനസിലാക്കി പ്രതികരിച്ചതിന് കലാകാരന്‍ എന്ന നിലയില്‍ ആസിഫിനോട് വളരെ നന്ദിയുണ്ടെന്നും രമേഷ് നാരായൺ പിന്നീട് പ്രതികരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക