അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞില്ല; ജയന്‍ ചേര്‍ത്തലക്കെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മാതാക്കളുടെ സംഘടന

അപവാദ പ്രചാരണത്തിൽ മാപ്പ് പറയണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടത്.
Jayan Cherthala
ജയന്‍ ചേര്‍ത്തലവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on

കൊച്ചി: നടനും അമ്മ സംഘടന മുന്‍ ഭാരവാഹിയുമായ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മാതാക്കളുടെ സംഘടന. നടനെതിരെ എറണാകുളം സിജെഎം കോടതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നിർമാതാക്കളുടെ സംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിലെ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ലെന്നാരോപിച്ചാണ് സംഘടനയുടെ നടപടി.

ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ഹർജി. ഫെബ്രുവരി 15 ന് ജയൻ ചേർത്തല നടത്തിയ വാർത്താ സമ്മേളനത്തിനെതിരെയാണ് നടപടി. സിനിമ രംഗത്തെ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിന്‍റെ ഭാരവാഹി നിര്‍മാതാവ് സുരേഷ് കുമാറിനെതിരെ ജയന്‍ ചേര്‍ത്തല പ്രതികരിച്ചിരുന്നു. വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു.

നിര്‍മാതാക്കളുടെ സംഘടനയെ പലപ്പോഴും സഹായിച്ചിട്ടുള്ള അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ പറയുന്നത് ശരിയല്ലെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ അധിക്ഷേപിക്കുകയാണെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു.

എന്നാല്‍ അമ്മയും നിര്‍‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്‍റെ അടിസ്ഥാനത്തിലാണെന്നും അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയും തെറ്റാണ് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. പിന്നാലെയാണ് അപവാദ പ്രചാരണത്തിൽ മാപ്പ് പറയണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com