
ഇന്ന് വേള്‍ഡ് ഹാപ്പിനെസ് ഡേ ആണ്. ലോകമെമ്പാടുമുള്ളവര്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറിയും പുഞ്ചിരിക്കുന്ന മുഖങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും മറ്റും ഈ ദിവസം ആഘോഷമാക്കുകയാണ്. അക്കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി.
നടന്റെ ആരോഗ്യനില മോശമാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് മനോഹരമായ ചിരിയുമായി സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിര്‍മാതാവുമായ ജോര്‍ജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്. "ഒരിക്കലും ഊരാൻ പറ്റാത്ത കിരീടമാണ് ഈ റോയല്‍ ചിരി".- എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ജോര്‍ജ് കുറിച്ചിരിക്കുന്നത്.
ഫോട്ടോയക്ക് താഴെ കമന്റുകളില്‍ മമ്മുക്കയോടുള്ള സ്‌നേഹം ചൊരിയുകയാണ് ആരാധകര്‍. ഏറെ നാളായി കാത്തിരുന്ന ചിരിയാണ് ഇതെന്നും ഏറെ സന്തോഷമായെന്നുമാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. ഈ ചിരിയാണ് ഞങ്ങൾക്കെല്ലാം എന്ന് പറയുന്നവരും കുറവല്ല. ഇത് പുതിയ ചിത്രമാണോ എന്ന് ചോദിക്കുന്നവരും കുറവല്ല.
ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഏപ്രില്‍ 10നാണ് തിയറ്ററുകളിലെത്തുക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് മമ്മൂട്ടിയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം.
ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി വലിയ താരനിരയാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക