
'എംപുരാൻ' ട്രെയ്‌ലർ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പക്കാ മാസ് ആക്ഷൻ പാക്കഡ് ചിത്രമായിരിക്കും എംപുരാൻ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ ട്രെയ്‌ലറിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്രെയ്‌ലർ ആദ്യം കണ്ട വ്യക്തി രജനികാന്ത് ആണെന്ന് അടുത്തിടെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ എക്സിലൂടെ മോഹൻലാലിനെയും പൃഥ്വിരാജിനെയും അഭിനന്ദിച്ചിരിക്കുകയാണ് രജനികാന്ത്.
എംപുരാന്റെ ട്രെയ്‌ലർ പങ്കുവച്ചായിരുന്നു രജനിയുടെ അഭിനന്ദനം. "എന്റെ പ്രിയപ്പെട്ട മോഹന്റെയും പൃഥ്വിരാജിന്റെയും ട്രെയ്‌ലർ കണ്ടു. പൃഥ്വിയുടെ സിനിമ, എംപുരാൻ അതിശയകരമായ ഒരു സൃഷ്ടിയാണ്. അഭിനന്ദനങ്ങൾ!!! എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ". - രജനികാന്ത് എക്സിൽ കുറിച്ചു.
രജനികാന്തിന്റെ വലിയ ആരാധകനാണ് താനെന്ന് പലപ്പോഴും പൃഥ്വിരാജ് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുന്ന എംപുരാനിൽ എത്തുന്ന ആ തമിഴ് നടൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. തമിഴിലെ ഒരു പ്രമുഖ താരം ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുമെന്ന് ആദ്യം മുതലേ റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രജനികാന്തിനൊപ്പമുള്ള ചിത്രം പൃഥ്വി പങ്കുവച്ചതോടെ തലൈവർ ആണോ ആ കഥാപാത്രം എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ വിജയ് സേതുപതിയായിരിക്കും ചിത്രത്തിലെത്തുക എന്ന തരത്തിലും ആരാധകർക്കിടയിൽ ചർച്ചകൾ വരുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് എംപുരാൻ നിർമിക്കുന്നത്.
മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക