
കേരളത്തിലും ഒരുപാട് ആരാധകരുള്ള ബോളിവുഡ് നടനാണ് ജോൺ എബ്രഹാം. ദ് ഡിപ്ലോമാറ്റ് ആണ് ജോണിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ഡിപ്ലോമാറ്റ്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്ക് ലഭിച്ച ഒരു ചുംബനത്തേക്കുറിച്ച് ജോൺ പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകരേറ്റെടുത്തിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചുംബനമായിരുന്നു അതെന്ന് പറയുകയാണ് ജോൺ.
ഷാരൂഖ് ഖാനിൽ നിന്നാണ് ആ ചുംബനം കിട്ടിയതെന്നാണ് ജോൺ വെളിപ്പെടുത്തിയിരിക്കുന്നത്. ഷാരൂഖാനൊപ്പമുള്ള ഒരു ഫോട്ടോ കണ്ടപ്പോഴാണ് അതിന് പിന്നിലെ കഥ ജോൺ പറഞ്ഞത്. "പത്താന്റെ വിജയാഘോഷ പാർട്ടിയിൽ വച്ചെടുത്ത ഫോട്ടോയാണിത്. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും മികച്ച ചുംബനം, അതൊരു സ്ത്രീയിൽ നിന്നല്ല, ഷാരൂഖ് ഖാനിൽ നിന്നാണ്. പത്താന്റെ വിജയാഘോഷത്തിലായിരുന്നു അത്. ഒരുപക്ഷേ ഞാൻ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സഹനടന്മാരിൽ ഒരാളായിരിക്കാം അദ്ദേഹം".- ജോൺ എബ്രഹാം പറഞ്ഞു.
"എത്ര സുന്ദരനായ മനുഷ്യനാണ് അദ്ദേഹം, വളരെ ദയാലുവായ വ്യക്തിയും. എന്റെ മാനേജർ ഒരിക്കൽ പറയുകയുണ്ടായി, സ്നേഹം എന്താണെന്ന് ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്. കൈകൾ പുറത്തേക്ക് നീട്ടുമ്പോൾ അദ്ദേഹം പൂർണതയുള്ള മനുഷ്യനെപ്പോലെയാണ്."- ജോൺ എബ്രഹാം കൂട്ടിച്ചേർത്തു. 2023 ലാണ് സ്പൈ ത്രില്ലറായ പത്താൻ തിയറ്ററുകളിലെത്തിയത്.
ഷാരൂഖ് ഖാൻ, ജോൺ എബ്രഹാം, ദീപിക പദുക്കോൺ, സൽമാൻ ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമിച്ചത്. ജിം എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ ജോൺ എബ്രഹാം എത്തിയത്. തെഹ്‌റാൻ ആണ് ജോൺ എബ്രഹാമിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക