
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് 2023 ലെത്തിയ ചിത്രമാണ് ജയിലർ. ചിത്രം തിയറ്ററുകളിൽ ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തിരുന്നു. രജനികാന്ത് നായകനായെത്തിയ ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തിയിരുന്നു. വലിയ സ്വീകരണമായിരുന്നു ആ റോളിന് ലഭിച്ചത്. മാത്യു എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മോഹൻലാലിപ്പോൾ.
എംപുരാൻ പ്രൊമോഷനിടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. "ജയിലർ 2 ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്. എന്നെ വിളിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ പോയി അഭിനയിക്കും. കൂടുതലൊന്നും എനിക്കറിയില്ല",- എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ജയിലറിന് ശേഷം തമിഴിൽ നിന്ന് നിരവധി ഓഫറുകൾ വന്നെന്നും എന്നാൽ താൻ എംപുരാന്റെ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ജയിലറിൽ രജനികാന്തിനൊപ്പം അഭിനയിച്ചു, ഉന്നൈപ്പോൽ ഒരുവനിൽ കമൽ ഹാസനൊപ്പവും ജില്ലയിൽ വിജയ്ക്കൊപ്പവും അഭിനയിച്ചു. ഇത്തരം അതിഥി വേഷങ്ങൾ ചെയ്യാൻ തയ്യാറാകുന്നത് എങ്ങനെയെന്നായിരുന്നു മോഹൻലാലിനോടുള്ള മറ്റൊരു ചോദ്യം. ഇതിന് താൻ ഒരു 'നടൻ' ആണെന്നാണ് മോഹൻലാൽ ഉത്തരം നൽകിയത്. "എന്നെ സംബന്ധിച്ച് അതിഥി വേഷം എന്നൊന്നില്ല.
ഇത് നമ്മുടെ മനോഹരമായ സംസ്കാരങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ കൂടിയാണ്. നമ്മുടെ സ്നേഹം, സൗഹൃദം എല്ലാമുണ്ട് അതിൽ. പടത്തിൽ അഭിനയിക്കുമോ എന്ന് ചോദിച്ചാൽ ഉറപ്പായും അഭിനയിക്കും എന്നു പറയും. അതിപ്പോൾ ചെറിയ വേഷമാണെങ്കിൽ പോലും ഡേറ്റും മറ്റു കാര്യങ്ങളും ഒത്തു വന്നാൽ ഞാൻ ചെയ്യും".- മോഹൻലാൽ പറഞ്ഞു.
ജയിലറിൽ രണ്ടാം പകുതിയിലും ക്ലൈമാക്സിലുമായിരുന്നു മോഹൻലാലിന്റെ മാത്യു പ്രത്യക്ഷപ്പെട്ടത്. വലിയ കൈയടികളോടെയായിരുന്നു മോഹൻലാൽ ആരാധകർ കഥാപാത്രത്തെ വരവേറ്റത്. രണ്ടാം ഭാഗത്തിൽ ബോളിവുഡിൽ നിന്നും ഒരു സൂപ്പർ താരം കൂടി സിനിമയിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
കേരള, തേനി, ഗോവ തുടങ്ങിയവയാണ് സിനിമയുടെ മറ്റു ലൊക്കേഷനുകൾ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക