
മലയാളികളുടെ ചിരിയിടങ്ങളിൽ എന്നും മായാതെ നിൽക്കുന്ന ഒരു പേരാണ് നടൻ ഇന്നസെന്റിന്റേത്. തമാശകളുടെ തമ്പുരാൻ വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. തനിനാടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളായിരുന്നു ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തിലേക്ക് പെട്ടെന്ന് അടുപ്പിച്ചത്. സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു പലപ്പോഴും മലയാളികൾക്ക് മതിമറന്നു ചിരിക്കാന്‍.
മാന്നാര്‍ മത്തായി സ്പീക്കിങിലെ മത്തായിച്ചന്‍, കല്യാണ രാമനിലെ പോഞ്ഞിക്കര, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍ അങ്ങനെ അദ്ദേഹത്തിന്റെ എത്ര എത്ര കഥാപാത്രങ്ങളിലൂടെ മലയാളികൾ പൊട്ടിച്ചിരിച്ചു. എന്നാല്‍ കാബൂളിവാല പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം കണ്ണുനനയിക്കുകയും ചെയ്തു. എണ്ണം പറഞ്ഞ ചില വില്ലന്‍ കഥാപാത്രങ്ങളിലും ഇന്നസെന്റ് തിളങ്ങി.
പൊന്‍മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍ പോലുള്ള കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ തന്നെ. 2023 മാര്‍ച്ച് 26 നാണ് മലയാള സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി ഇന്നസെന്റ് കടന്നു പോയത്.
ഇപ്പോഴിതാ ഇന്നസെന്റ് വിയോഗത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. നടൻ ശ്രീനിവാസനുമായി ഏറെ നേരം കഴിഞ്ഞ ദിവസം ഇന്നസെന്റിനെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞാണ് സംവിധായകൻ കുറിപ്പ് തുടങ്ങുന്നത്.
"സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ"- എന്നും സത്യൻ അന്തിക്കാട് കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.
സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു -
"ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?". "അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി."എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതിരാവിലെ ഫോൺ റിങ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക